തിരുവനന്തപുരം : വിദ്യാർത്ഥിയല്ലാത്ത ഒരാളെ എം എസ് എഫ് കാലിക്കറ്റ് സർവകലാശാല സെനറ്റ് തെരഞ്ഞെടുപ്പിൽ മത്സരിപ്പിച്ച് വിജയിപ്പിച്ചതിനെ ചോദ്യം ചെയ്ത് എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോ. എം എസ് എഫ് വിദ്യാർഥി എന്ന പേരിൽ മത്സരിപ്പിച്ച വ്യക്തി തദ്ദേശ സ്ഥാപനത്തിൽ ജോലി ചെയുന്ന ലീഗ് പ്രവർത്തകനാണ്. തച്ചനാട്ടുകര ഗ്രാമ പഞ്ചായത്തിലെ പ്രൊജക്റ്റ് അസിസ്റ്റന്റ് തസ്‌തികയിൽ കഴിഞ്ഞ ഒരു വർഷമായി ഇയാൾ ജോലി ചെയ്യുന്നു. തെരഞ്ഞെടുപ്പിൽ പൊതു മണ്ഡലത്തിലേക്ക് മത്സരിക്കാൻ വേണ്ട യോഗ്യത സർവകലാശാലയ്ക്ക് കീഴിലെ മുഴുവൻ സമയ വിദ്യാർത്ഥി ആയിരിക്കണം എന്നതിനെ അട്ടിമറിച്ചാണ് ഇയാൾ മത്സരിച്ചത് . “പിഎംഎ സലാം മോഡൽ” തട്ടിപ്പാണ് നടന്നിരിക്കുന്നതെന്നും സംഭവത്തിൽ പരാതി നൽകുമെന്നും ആർഷോ അറിയിച്ചു.
ആർഷോയുടെ കുറിപ്പിന്റെ പൂർണരൂപം :
പഞ്ചായത്ത് പ്രൊജക്‌ട് അസിസ്റ്റന്റായി പണിയെടുക്കുന്നവർക്ക് കാലിക്കറ്റ് സർവ്വകലാശാലാ സെനറ്റിലേയ്ക്ക് മത്സരിക്കാം. ഒരൊറ്റ നിബന്ധനയേ ഉള്ളൂ, എംഎസ്‌എഫിൽ നിന്ന് റിട്ടയർമെന്റ് പ്രായം കഴിഞ്ഞ് നിൽക്കുന്ന മുസ്ലീം ലീഗ് നേതാവായിരിക്കണം.
എസ്എഫ്ഐ ക്കെതിരെ പടച്ചുണ്ടാക്കുന്ന ഉണ്ടായില്ലാ വെടികൾക്കിടയിൽ ഇനിയെന്ത് വ്യാജ വാർത്ത കൊടുക്കും എന്നറിയാതെ കഷ്‌ടപ്പെടുന്ന മാധ്യമ സുഹൃത്തുക്കൾക്ക് റിപ്പോർട്ട് ചെയ്യാൻ സമയം കിട്ടില്ലെന്നുറപ്പുള്ള ‘തെളിവോടെയുള്ള’ ഒന്നാന്തരമൊരു തട്ടിപ്പിന്റെ വിവരം തരാം. മുസ്ലീം ലീഗ് സംസ്ഥാന ജനറൽ സെക്രടറി പി എം എ സലാം തന്നെ മുൻപ് പരസ്യമാക്കിയ തട്ടിപ്പിന്റെ തെളിവ് തന്നെ.
കഴിഞ്ഞ ദിവസമായിരുന്നു കാലിക്കറ്റ് സർവ്വകലാശാലാ സെനറ്റ് തെരഞ്ഞെടുപ്പ്. തെരഞ്ഞെടുപ്പിന് മുൻപേ തന്നെ ഉഡായിപ്പ് കാണിച്ചു തിരുകി കയറ്റാൻ ശ്രമിച്ച 23 കൗൺസിലർമാരെ ബഹു. കേരള ഹൈക്കോടതി എടുത്ത് തോട്ടിൽ എറിഞ്ഞിരുന്നു. ‘മുണ്ടും മുണ്ടും’ എന്ന് വിരട്ടാൻ ഇറങ്ങിയിരിക്കുന്ന കൂട്ടത്തിലെ ഒരൊറ്റ മാധ്യമം പോലും അന്ന് അത് റിപ്പോർട്ട് ചെയ്യാൻ കൂട്ടാക്കിയില്ല. ഓർക്കണം, തെരഞ്ഞെടുക്കപ്പെടാതെ ‘പേരെഴുതിക്കൊടുത്ത് ‘ ജയിപ്പിച്ച ‘ 23 തട്ടിപ്പുകാരെ’ ആണ് കോടതി അയോഗ്യരാക്കിയത്. അത് മാധ്യമങ്ങൾക്ക് ‘വെണ്ടയ്ക്കാ’ മുഴുപ്പുള്ള ബ്രേക്കിങ്ങ് ആയിരുന്നില്ല. വിഷയം അതല്ല, വിദ്യാർത്ഥി മണ്ഡലത്തിലേക്ക് മത്സരിക്കാൻ വേണ്ട ഏക യോഗ്യത സർവ്വകലാശാലയ്ക്ക് കീഴിലെ മുഴുവൻ സമയ വിദ്യാർത്ഥി ആയിരിക്കണം എന്നത് മാത്രമാണ്. എന്നാൽ കാലിക്കറ്റ് സർവ്വകലാശാ സെനറ്റിലേയ്ക്ക് എംഎസ്എഫ് മത്സരിപ്പിച്ചതും വിജയിപ്പിച്ചതും ലീഗ് ഭരിക്കുന്ന തച്ചനാട്ടുകര ഗ്രാമ പഞ്ചായത്തിലെ പ്രൊജക്റ്റ് അസിസ്റ്റന്റ് തസ്‌തികയിൽ കഴിഞ്ഞ ഒരു വർഷമായി ജോലി ചെയ്യുന്ന ലീഗ് നേതാവിനെ.
വിദ്യാർത്ഥി അല്ലാത്ത, ഗ്രാമ പഞ്ചായത്ത് ജീവനക്കാരനെ വിദ്യാർത്ഥിയാണെന്ന് വ്യാജമായി ചമച്ച് സെനറ്റിൽ എത്തിച്ച ‘പിഎംഎ സലാം മോഡൽ ‘ തട്ടിപ്പ് ഏതെങ്കിലും മാധ്യമം പ്രൈം ടൈം ചർച്ച ചെയ്യുമെന്ന് കരുതാൻ മാത്രം നിഷ്‌കളങ്കത ഞങ്ങൾക്കില്ല. പരാതിയുമായി ഞങ്ങൾ മുന്നോട്ട് പോകും, തട്ടിപ്പുകാരനെ സർവ്വകലാശാല അയോഗ്യനാക്കിയാലും നിങ്ങളുടെ പ്രൈം ടൈം ഡിബേറ്റിന്റെ പരിസരത്തു പോലും ആ വാർത്ത എത്തില്ലെന്നറിയാം.വിരോധം ലവലേശം ഇല്ല. എസ്എഫ്യെ കുറിച്ചുള്ള വ്യാജ വാർത്തകൾക്ക് എരിവ് പകരാൻ മുഖ്യമന്ത്രിയുടെ മുതൽ സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ വരെ ഫോട്ടോ ഉപയോഗിച്ച് പോസ്റ്ററടിച്ച ഒരൊറ്റ മാധ്യമത്തിനും പി എം എ സലാമിന്റെ ചിത്രം ഗൂഗിളിൽ പോലും ചികയാൻ സമയമുണ്ടാവില്ല.
കെഎസ്യുവിന്റെ സംസ്ഥാന കൺവീനർ വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് ഉണ്ടാക്കി തൊഴിൽ നേടിയ വിവരം കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. ഏതോ കാലത്ത് കെഎസ്യുവിൽ പ്രവർത്തിച്ചതോ കെഎസ്യുവുമായി മുള്ളിയാൽ തെറിച്ചുണ്ടായ ബന്ധമോ അല്ല. നിലവിൽ കെഎസ്യുവിന്റെ സംസ്ഥാന കൺവീനറാണ് ഈ തട്ടിപ്പുകാരൻ.
സോഷ്യൽ മീഡിയയിൽ ഇടത് സർക്കിളുകളിൽ പരസ്‌പരം പറഞ്ഞു തീർത്തു എന്നല്ലാതെ ധാർമിക രോഷം പൊട്ടിയൊഴുകുന്ന ഒരൊറ്റ മാധ്യമവും അറിയാതെ പോലും നാട്ടുകാരോട് ആ വാർത്ത പറഞ്ഞിട്ടില്ല. സഖാവ് ധീരജിന്റെ കൊലയാളികളായ ക്രിമിനലുകളെ കെഎസ്‌യു ജില്ലാ – സംസ്ഥാന നേതൃത്വത്തിലേക്ക് ‘പ്രൊമോഷൻ’ കൊടുത്ത് ഉയർത്തിയപ്പോഴും രാഹുൽ ഗാന്ധിക്കൊപ്പം ഭാരത് ജോഡോ യാത്രയിൽ പങ്കെടുത്തപ്പോഴും മാധ്യമങ്ങളെ മാത്രമല്ല, ഇന്ന് എസ്എഫ്ഐക്ക് ക്ലാസെടുക്കാൻ വരി നിന്ന ഒരൊറ്റ സാംസ്‌കാരിക ബുദ്ധിജീവികളെയും ആ പരിസരത്തു പോലും കണ്ടിട്ടില്ല അത് കൊണ്ട് വളരെ ബഹുമാനത്തോടെ തന്നെ പറഞ്ഞുകൊള്ളട്ടെ, നിങ്ങൾ നടപ്പാക്കിക്കൊണ്ടിരിക്കുന്ന അജണ്ടകൾ പൂർവ്വാധികം ഭംഗിയായി ചെയ്‌ത് കൊള്ളുക. അതിന്റെ ഒപ്പം നിഷ്‌പക്ഷ മാധ്യമ പ്രവർത്തനത്തിന്റെ അളിഞ്ഞ വായ്ത്താരികളുമായി ദയവ് ചെയ്‌ത് എസ്എഫ്ഐ ക്ക് ക്ലാസ്സെടുക്കാൻ വരരുത്.