തിരുവനന്തപുരം:കേരളത്തിന് അർഹതപ്പെട്ട വായ്പാനുമതി നൽകണം എന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാർ വീണ്ടും കേന്ദ്രത്തിനു കത്തയച്ചു .ജിഡിപിയുടെ 3 ശതമാനം വെച്ച് 33,420 കോടി രൂപയുടെ വായ്പാനുമതിയാണ് കേന്ദ്രത്തോട് ആവശ്യപ്പെട്ടത്. 32,402 കോടി രൂപ .പൊതുവിപണിയിൽനിന്ന് വായ്പ എടുക്കാമെന്ന് കഴിഞ്ഞ മാർച്ചിൽ കേന്ദ്രം സംസ്ഥാനത്തെ അറിയിച്ചിരുന്നു . ഇപ്പോൾ കണക്ക് പ്രകാരം ആദ്യ ഒമ്പതുമാസം 15,390 കോടി രൂപയേ അനുവദിക്കാനാകൂയെന്ന് കേന്ദ്രത്തിന്റെ മറുപടി
13,178 കോടി രൂപയാണ് പബ്ലിക് അക്കൗണ്ടിൽനിന്ന് മുമ്പ് വിനിയോഗിച്ച് എന്നപേരിൽ വെട്ടിക്കുറച്ചത്. അക്കൗണ്ടന്റ് ജനറൽ അംഗീകരിച്ച കണക്കനുസരിച്ച് 6578 കോടി രൂപയുടെ നിക്ഷേപം മാത്രമാണ് പബ്ലിക് അക്കൗണ്ടിലുള്ളത്. ഈ കണക്ക് അനുസരിച്ച് പോലും കേരളത്തിന് 7191 കോടി രൂപയുടെ വായ്പാനുമതിക്കുകൂടി അവകാശമുണ്ടെന്ന് ധനസെക്രട്ടറി ബിശ്വനാഥ് സിൻഹ അയച്ച കത്തിൽ ചൂണ്ടിക്കാട്ടി.നേരത്തെ സംസ്ഥാനങ്ങൾക്ക് അഞ്ചു ശതമാനംവരെ വായ്പ അനുവദിച്ചിരുന്നു. അതാണ് കഴിഞ്ഞവർഷം മൂന്നാക്കിയത്. ഇപ്പോൾ കേരളത്തിന് രണ്ടു ശതമാനമായി ചുരുങ്ങി
വാർഷിക വായ്പ വെട്ടിക്കുറച്ചതടക്കമുള്ള കേന്ദ്ര നടപടികൾ ചൂണ്ടിക്കാട്ടി കേരളം സുപ്രീംകോടതിയിലേക്ക്. ഭരണഘടനാപരമായ അവകാശം സംരക്ഷിക്കുന്നതിനാണ് നിയമ പോരാട്ടം തുടർന്ന് . ഇതു സംബന്ധിച്ച് മുതിർന്ന അഭിഭാഷകൻ കെ കെ വേണുഗോപാലിൽനിന്ന് നിയമോപദേശം തേടും. ഇതിന് അഡ്വക്കറ്റ് ജനറലിനെ സർക്കാർ ചുമതലപ്പെടുത്തി. കേന്ദ്ര–-സംസ്ഥാന ബന്ധത്തിലെ വിഷയം കൈകാര്യം ചെയ്യുന്ന അഭിഭാഷകരിൽ പ്രധാനിയാണ് വേണുഗോപാൽ.
നിലവിലെ പ്രശ്നം ചൂണ്ടിക്കാട്ടി സംസ്ഥാനം നേരത്തേ പ്രധാനമന്ത്രിക്ക് നിവേദനം നൽകിയിരുന്നു. ഇതിന്റെ മറുപടി തൃപ്തികരമായിരുന്നില്ല . ഈ വർഷം ധന കമീഷൻ തീർപ്പിൽ കേരളത്തിന് ജിഎസ്ഡിപിയുടെ മൂന്നുശതമാനം വായ്പയെടുക്കാൻ അവകാശമുണ്ട്. കേന്ദ്രം ഇത് രണ്ടു ശതമാനത്തിനുള്ളിൽ ബോധപൂര്‍വ്വം ഒതുക്കി. കിഫ്ബി എടുക്കുന്ന വായ്പ ബജറ്റിനു പുറത്തുള്ളതാണെന്ന് അംഗീകരിച്ചാലും അത് സർക്കാരിന്റെ പൊതുകടത്തിൽ വരുമോ എന്നതും പരിശോധിക്കപ്പെടും. കേന്ദ്ര സർക്കാരിന്റെ ബജറ്റിനു പുറത്തുള്ള വായ്പ പൊതുകടത്തിലോ ധനകമ്മിയിലോ ഉൾപ്പെടുത്തുന്നില്ല.
സംസ്ഥാനത്തിന്റെ ധനപരമായ അവകാശം കേരളത്തിലെ ഏറ്റവും പ്രധാന രാഷ്ട്രീയ പ്രശ്നമായി മാറിയെന്ന് മുൻ ധനമന്ത്രി ടി എം തോമസ് ഐസക് ചൂണ്ടിക്കാട്ടി. കേരളം കടക്കെണിയിലാണെന്ന് പ്രചാരണം നടക്കുന്നുണ്ട്. അടിസ്ഥാനരഹിതമായ ഈ ദുഷ്പ്രചാരണം കേരളത്തിന്റെ പ്രതിരോധത്തെ ദുർബലപ്പെടുത്താൻ ബോധപൂര്‍വ്വം മെനയുന്നതാണ് എന്ന് അദ്ദേഹം വ്യക്തമാക്കി .