കണ്ണൂർ: കെപിസിസി പ്രസിഡന്റ് കെ സുധാകരനെ മോൺസൻ മാവുങ്കൽ തട്ടിപ്പിൽ പ്രതിചേർത്ത് കേസെടുത്തത് പരാതിയിലുള്ള വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണെന്നും അല്ലാതെ രാഷ്ട്രീയ പകപോക്കലല്ലെന്നും എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ.
രാഷ്ട്രീയ നേതാവല്ല, ആരായാലും തട്ടിപ്പിന് കൂട്ട് നിൽക്കരുത്. ഒരു പൊതുപ്രവർത്തകനും തെളിവുകളെ മറച്ചുവെയ്ക്കാനോ ഇത്തരം സംഭവങ്ങളിൽ കൂടെ നിൽക്കാനോ പാടില്ല. ഗവർമെൻറ് പാരാതിയിൽ ശരിയായ നിലപാടാണ് സ്വീകരിച്ചത്. തെളിവുകളോടെ ഒരു പരാതി ലഭിച്ചാൽ അതിൽ നടപടി സ്വീകരിക്കേണ്ടിവരും. അന്വേഷണം നീതിപൂർവ്വമായി നടക്കണം. കുറ്റം ചെയ്ത ഒരാളേയും ഗവർമെൻറ് സംരക്ഷിക്കില്ല. ജനങ്ങൾക്ക് നീതി ഉറപ്പുനൽകുന്ന ഗവർമെൻറാണിതെന്നും ഇ പി പറഞ്ഞു.
കെ വിദ്യയുമായി ബന്ധപ്പെട്ട വിഷയത്തിൽ എസഎഫ്ഐ നേതാക്കൾ തന്നെ നിലപാട് പറയും. കുറ്റം ചെയ്ത ഒരാളെയും സംരക്ഷിച്ച പാരമ്പര്യം എസ്എഫ്ഐയ്ക് ഇല്ല. ഗവർമെൻറ് ഒരു കുറ്റവാളിയേയും സംരക്ഷിക്കില്ല. കേസിൽ പോലീസ് അന്വേഷണം നടത്തുകയാണ്. ഒരോ കേസിലും പ്രതികളെ കണ്ടെത്താൻ പോലീസാണ് നടപടി സ്വീകരിക്കുന്നത്.
എഷ്യാനെറ്റ് ലേഖികക്കെതിരെ പരാതി ലഭിച്ചാൽ എഫ്ഐആർ ഇട്ട് കേസെടുക്കേണ്ടിവരും. തുടർന്നുള്ള അന്വേഷണത്തിൽ നിരപരാധിയാണെന്ന് ബോധ്യപ്പെട്ടാൽ കേസ് ഉണ്ടാവില്ല. മുമ്പും ഇത്തരത്തിൽ കേസുകൾ എടുത്തിട്ടുണ്ട്. ദേശാഭിമാനി ലേഖകനായിരുന്ന കെ എം മോഹൻദാസിനെതിരെ കേസെടുക്കുകയും സ്പീക്കറെ വിമർശിച്ചു വാർത്ത കൊടുത്തതിന്റെ പേരിൽ ആർ എസ് ബാബുവിനെ നിയമസഭയിൽ നിന്ന് വിലക്കുകയും ചെയ്തിട്ടുണ്ടല്ലോയെന്നും ഇ പി പറഞ്ഞു.