എറണാകുളം: വ്യാജ രേഖയുണ്ടാക്കി എസ് എഫ് ഐ സംസ്ഥാന സെക്രട്ടറിക്കെതിരെ നുണ പ്രചാരണം നടത്തിയതിന് കെ എസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ, മുൻ കെ എസ് യു നേതാവും ഏഷ്യാനെറ്റ് റിപ്പോർട്ടറുമായ അഖില നന്ദകുമാർ എന്നിവരടക്കം അഞ്ചു പേർക്കെതിരെ കേസ്.
പരീക്ഷാഫലത്തിൽ കൃത്രിമം നടത്തി അപമാനിക്കാൻ ശ്രമിച്ചവർക്കെതിരെ നടപടി ആവശ്യപ്പെട്ട് എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് കേസെടുത്തത്. കേസിൽ പ്രതികളയ മഹാരാജാസ് കോളേജ് പ്രിൻസിപ്പൽ ഡോ. വി എസ് ജോയി, ആർഷോ പഠിച്ചിരുന്ന ആർക്കിയോളജി വകുപ്പിന്റെ കോ–-ഓർഡിനേറ്റർ ഡോ. വിനോദ്‌കുമാർ കല്ലോലിക്കൽ എന്നിവരിൽ നിന്ന് മൊഴി എടുത്തു. ജില്ലാ ക്രൈംബ്രാഞ്ച് എസിപി പയസ് ജോർജിന്റെ നേതൃത്വത്തിലാണ് മൊഴി രേഖപ്പെടുത്തിയത്.
കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ, കെഎസ്‌യു യൂണിറ്റ് ഭാരവാഹി സി എ ഫാസിൽ എന്നിവരാണ് മറ്റ് പ്രതികൾ. ഇവരുടെ നേതൃത്വത്തിൽ ഗൂഢാലോചന നടത്തി വ്യാജവാർത്ത പ്രചരിപ്പിച്ചെന്നാണ് പരാതി.