കെ. ഫോണ്‍ പദ്ധതിക്ക് ഉപയോഗിക്കുന്ന ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിളുകള്‍ ചൈനീസ് നിര്‍മിതമാണെന്നും ഗുണനിലവാരമില്ലെന്നും ആരോപിക്കുന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശന് ഒരു തവണയെങ്കിലും ചൈനയില്‍ പോയി കാര്യങ്ങള്‍ മനസിലാക്കണമെന്ന് ഡോ. ജിന്‍ ജോസ് . ലോകത്ത് ഉപയോഗിക്കുന്ന ഒപ്റ്റിക്കല്‍ ഫൈബറിന്റെ അമ്പതു ശതമാനവും ചൈനയിലാണ് നിര്‍മ്മിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
കേരളത്തിന്റെ അഭിമാന പദ്ധതി തകര്‍ക്കാന്‍ പ്രതിപക്ഷവും മാധ്യമങ്ങളും രംഗത്തിറങ്ങിയിരിക്കുകയാണ്. വ്യക്തമായ അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ പാലിച്ചു മാത്രമേ കമ്മ്യൂണിക്കേഷന്‍ ഉപയോഗിക്കുന്ന ഒപ്റ്റിക്കല്‍ ഫൈബര്‍ നിര്‍മിക്കാനും വില്‍ക്കാനും കഴിയു. ഇക്കാര്യം മറച്ചുവെച്ചാണ് പ്രതിപക്ഷ നേതാവും മാധ്യമങ്ങളും പുകമറ സൃഷ്ടിക്കുന്നത്. പ്രതിപക്ഷ നേതാവ് ചൈനയില്‍ പോയി കാര്യങ്ങള്‍ നേരിട്ടു മനസ്സിലാക്കണമെന്ന് യു കെയിലെ ലീഡ്സ് യൂണിവേഴ്സിറ്റി പ്രൊഫസറായ ഡോ. ജിന്‍ ജോസ് ഫെയ്സ്ബുക്കില്‍ കുറിച്ചു.
കെ ഫോണില്‍ ഉപയോഗിച്ച ഒപ്റ്റിക്കല്‍ ഫൈബര്‍ ചൈനീസ് ആണെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചിരുന്നു. ലോകത്ത് എല്ലായിടത്തും കമ്മ്യൂണിക്കേഷന്‍ ഉപയോഗിക്കുന്ന ഒപ്റ്റിക്കല്‍ ഫൈബര്‍ നിര്‍മ്മിക്കുന്നതിന് പ്രധാനമായും ഒരു മാര്‍ഗ്ഗം മാത്രമാണ് ഉപയോഗിക്കുന്നത്. കൊച്ചിയിലെ ഒരു കമ്പനിയും ഇത് വ്യാവസായിക അടിസ്ഥാനത്തില്‍ നിര്‍മിക്കുന്നുണ്ട്, പേര് പറയുന്നില്ല, ഇവര്‍ അത് പൂട്ടിച്ചാലോ. ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിളിന്റെ പുറത്തെ പ്ലാസ്റ്റിക് അധിഷ്ഠിത കവചങ്ങള്‍ മാറ്റിയാല്‍ അതിനുള്ളിലുളളത് silica (ഗ്ലാസ്) അടിസ്ഥാനമായ ഒരു മില്ലിമീറ്ററിന്റെ എട്ടില്‍ ഒന്നുമാത്രം വ്യാസം ഉള്ള നൂലാണ്, ഇലക്ട്രിക് കേബിളില്‍ ഉള്ള കോപ്പര്‍ കമ്പി പോലെ. എന്നാല്‍, വളരെ നേരിയത്.
ഈ ഗ്ലാസ് നൂല് നിര്‍മ്മിക്കുന്നതിന് രണ്ടു ഘട്ടമാണുള്ളത്. ഒന്നാമതായി ഗ്ലാസിന്റെ (സിലിക്ക/ശുദ്ധീകരിച്ച മണല്‍) ഒരു സാമാന്യം വലിയ സിലിണ്ടര്‍/റോഡ് (preform) ഉണ്ടാക്കുക എന്നതാണ്. MOCVD (metal organic chemical vapour deposition) എന്ന പ്രൊസസ്സ് ഉപയോഗിച്ച് സൂക്ഷ്മതയോടെ അകത്ത് അതീവ ശുദ്ധമായ സിലിക്ക ഗ്ലാസും, പുറത്ത് കുറച്ച് സാന്ദ്രത(density) കുറഞ്ഞ സിലിക്ക അധിഷ്ഠിത ഗ്ലാസും വരുന്ന രീതിയില്‍ ആണ് ഈ സിലിണ്ടര്‍ നിര്‍മ്മിക്കുന്നത്.
രണ്ടാമതായി ഈ സിലിണ്ടറിനെ ഏകദേശം 2000 ഡിഗ്രീ സെല്‍ഷ്യസ്സില്‍ ചൂടാക്കി ഉയരത്തില്‍ നിന്നും നൂല് പോലെ വലിച്ച് നീട്ടി അതിനൊപ്പം പുറമെ കാണുന്ന പ്ളാസ്റ്റിക് കവചം ഒക്കെ നല്കി പുറത്ത് വരുന്നു.10 മീറ്ററില്‍ അധികം ഉയരമുള്ള ഒരു ടവര്‍, അതില്‍ ഒരുപാട് ഉപകരണങ്ങള്‍ ഒക്കെ ചേര്‍ന്നതാണ് ഫൈബര്‍ വലിച്ച് നീട്ടി റോള്‍ ചെയ്ത് എടുക്കാന്‍ ഉള്ള സംവിധാനം. വലിയ മുതല്‍മുടക്കുള്ള, നിരവധി അത്യാധുനിക ഉപകരണങ്ങള്‍ വേണ്ട കാര്യമാണ് preform, ഫൈബര്‍ നിര്‍മ്മാണങ്ങള്‍.
കൃത്യവും വ്യക്തവുമായ അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ പാലിച്ചു മാത്രമേ കമ്മ്യൂണിക്കേഷന്‍ ഉപയോഗിക്കുന്ന ഒപ്റ്റിക്കല്‍ ഫൈബര്‍ നിര്‍മിച്ചു വില്ക്കാന് പറ്റൂ. അത് അമേരിക്കയിലോ, ചൈനയിലോ ഇന്ത്യയിലോ എവിടെ ആയാലും. International telecommunication union (ITU) നും IEEE യും ഒക്കെ ആണ് ഇത്തരം മാനദണ്ഡങ്ങള്‍ നിശ്ചയിക്കുന്ന ഏജന്‍സികള്‍ ആണ്.
ഒരു പ്രാവശ്യം എങ്കിലും പ്രതിപക്ഷ നേതാവ് ചൈനയില്‍ പോകണം, അവിടുത്തെ കാര്യങ്ങള്‍ കുറച്ചുകൂടി വ്യക്തമായി മനസ്സിലാക്കണം. ലോകത്ത് ആവശ്യമായ ഒപ്റ്റിക്കല്‍ ഫൈബറിന്റെ അമ്പത് ശതമാനത്തിലധികം ഉണ്ടാക്കുന്നത് ചൈനയാണ്. ചൈനീസ് നിര്‍മ്മിത ഉപകരണങ്ങള്‍ ഒന്നും ഉപയോഗിക്കില്ല, മറ്റുള്ളവരെ അതിനനുവദിക്കില്ല എന്നൊക്കെയാണ് നിലപാട് എങ്കില്‍ കൂടുതല്‍ ഒന്നും പറയുന്നില്ല. പ്രതിപക്ഷ നേതാവായി തുടരാന്‍ ആശംസിക്കുന്നു.
ലോകത്ത് സമുദ്രത്തിന് അടിയിലൂടെയുള്ള ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിള്‍ ശൃംഖലയില്‍ ഏകദേശം 12 ലക്ഷം കിലോമീറ്റര്‍ നീളത്തില്‍ ഫൈബര്‍ ഉണ്ട് ഭൂഖണ്ഡങ്ങള്‍ തമ്മിലും രാജ്യങ്ങള്‍ തമ്മിലും ഏകദേശം നമ്മുടെ മുടിയുടെ അത്രമാത്രം വ്യാസമുള്ള ഗ്ലാസ്സ് നാരു കൊണ്ടുള്ള കേബിള്‍ വഴി പരസ്പരം ബന്ധിക്കപ്പെട്ടിരിക്കുന്നു. ഇത് ഇന്ന് ലോകത്തിന്റെ ജീവനാഡി ആണ്, മനുഷ്യരെയും അവരുടെ ദൈനംദിന പ്രവൃത്തികളും നിയന്ത്രിക്കുന്ന ഇന്റര്‍നെറ്റിന്റെ അടിസ്ഥാന വാഹകര്‍.
ഈ കേബിളുകളില്‍ കൂടി ലേസര്‍ രശ്മികള്‍ നിരന്തരം സഞ്ചരിച്ചു കൊണ്ടാണ് ഇത് സാധ്യമാകുന്നത്. ഭൂഖണ്ഡങ്ങളുടെയും രാജ്യങ്ങളുടെയും സമുദ്രാതിര്‍ത്തികളില്‍ നിന്നും ഈ ഫൈബര്‍
ഇപ്പോള്‍ നമ്മുടെ വീടുകളില്‍ എത്തിക്കൊണ്ടിരിക്കുന്നു. അതിലൂടെ ഇന്റര്‍നെറ്റ്, ഫോണ്‍, tv തുടങ്ങിയവ നമ്മുടെ വീട്ടിലെത്തുന്നു. ഇന്റര്‍നെറ്റ് വഴി ഗവണ്മെന്റ്, ബാങ്കുകള്‍, സ്കൂളുകള്‍, യൂണിവേഴ്സിറ്റികള്‍, ആശുപത്രികള്‍ തുടങ്ങി എല്ലാ മേഖലയിലെ സേവനങ്ങളും ഈ ഫൈബര്‍ കേബിള്‍ ശൃംഖലയിലൂടെ നമ്മുടെ കമ്പ്യൂട്ടറില്‍ നിന്നോ സ്മാര്‍ട് ഫോണില്‍ നിന്നോ ഉപയോഗപ്പെടുത്താന്‍ കഴിയും. വൈദ്യുതിയും വെള്ളവും പാചകവാതകവും പോലെ നമുക്ക് ഒഴിച്ചു കൂടാനാവാത്ത ഒന്നായി ഇന്റര്‍നെറ്റ് മാറിയിരിക്കുന്നു.
ഈ സാഹചര്യത്തില്‍ ആണ് കേരള ഫൈബര്‍ ഒപ്ടിക് നെറ്റ് വര്‍ക്ക് (KFON) പ്രാധാന്യം അര്‍ഹിക്കുന്നത്. എല്ലാവരിലേക്കും ഇന്റര്‍നെറ്റ് എത്തിക്കുക, സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് സൗജന്യമായി നല്‍കുക, ഗവണ്മെന്റ് ഓഫീസുകള്‍, സ്കൂളുകള്‍ തുടങ്ങിയവയെ ഈ ശ്യംഖലയുമായി ബന്ധിപ്പിക്കുക തുടങ്ങിയ ലക്ഷ്യത്തോടെ. പക്ഷേ ഇതിനൊരു മറുവശം കൂടി ഉണ്ട്. മറുനാട്ടില്‍ ഇരുന്ന് പടച്ചുവിടുന്ന ചില പരദൂഷണ ചാനലുകളും ഈ ഫൈബര്‍ കേബിള്‍ വഴി നമ്മുടെ വീട്ടില്‍ എത്തും, എന്ത് ചെയ്യാന്‍!.