തിരുവനന്തപുരം: പുൽപ്പള്ളി സർവീസ് സഹകരണ ബാങ്ക്തട്ടിപ്പ് അന്വേഷിക്കാൻ സഹകരണവകുപ്പ് പ്രത്യേക സംഘത്തെ നിയോഗിച്ചതായി സഹകരണ മന്ത്രി വി എൻ വാസവൻ അറിയിച്ചു. ബാങ്കിലെ വായ്പാ ക്രമക്കേട് സംബന്ധിച്ച് നിരവധി പരാതികൾ ഉയരുകയും, എടുക്കാത്ത വായ്പയുടെ പേരിൽ നോട്ടീസ് ലഭിച്ച കർഷകൻ ജീവനൊടുക്കുകയും ചെയ്തതിനെ തുടർന്നാണ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കാൻ തീരുമാനിച്ചതെന്ന് മന്ത്രി പറഞ്ഞു. മന്ത്രിയുടെ നിർദ്ദേശത്തെ തുടർന്ന് സഹകരണസംഘം രജിസ്ട്രാർ സഹകരണ നിയമം വകുപ്പ് 66(1) പ്രകാരം പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ച് ഉത്തരവിറക്കി. യു ഡി എഫ് ഭരിക്കുന്ന ബാങ്കിൻ്റെ നടപടികൾ പലതും നിയമവിരുദ്ധമായിരുന്നുവെന്ന് ആദ്യം പരിശോധന നടത്തിയ സംഘം കണ്ടത്തിയിരുന്നു. 2015-16 ലെ വായ്പാ ഇടപാടുകളിൽ ബിനാമി വായ്പകൾ ഉൾപ്പെടെയുള്ള ക്രമക്കേടുകൾ നടന്നെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം.
തുച്ഛ വിലയുള്ള ഭൂമിക്ക് ബിനാമി വായ്പകൾ വ്യാപകമായി അനുവദിക്കുക, ഭരണസമിതി അംഗങ്ങളുടെയും ബന്ധുക്കളുടെയും പേരിൽ അനുവദിച്ച വായ്പകളിലെ ക്രമക്കേട്, വ്യവസ്ഥകൾക്ക് വിരുദ്ധമായി വായ്പ അനുവദിക്കൽ, നിയമവിരുദ്ധമായി വസ്തു പരിശോധന ഫീസ് കൈപ്പറ്റൽ, ഈട് വസ്തുവിൻ്റെ അസ്സൽ പ്രമാണം ഇല്ലാതെ വായ്പ അനുവദിക്കൽ, ബാങ്കിൻ്റെ പ്രവർത്തന പരിധിക്ക് പുറത്തുള്ള മൂല്യംകുറഞ്ഞ വസ്തു ഈടായി സ്വീകരിച്ച് വായ്പ നൽകൽ, പണയ സ്വത്തുക്കളുടെ അന്വേഷണ റിപ്പോർട്ടിൽ വ്യാജ വിവരങ്ങൾ റിപ്പോർട്ട് ചെയ്യൽ തുടങ്ങിയ ക്രമക്കേടുകളാണ് അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയത്. ഇതിൻ്റെ അടിസ്ഥാനത്തിൽ നടപടി സ്വീകരിച്ച് വരുന്നതിനിടയിലാണ് കർഷകന്റെ ആത്മഹത്യ . അതിനുശേഷം തട്ടിപ്പ് കൂടുതൽ വ്യാപകമായി നടന്നു എന്ന സൂചനകൾ പുറത്തു വന്നതിനെ തുടർന്നാണ് പ്രത്യേക അന്വേഷണ സംഘത്തെ നിയമിക്കാൻ തീരുമാനിച്ചത്. സഹകരണസംഘം രജിസ്ട്രാർ ഓഫീസിലെ ഡെപ്യൂട്ടി രജിസ്ട്രാർ റ്റി. അയ്യപ്പൻ നായർ ആണ് അന്വേഷണ ഉദ്യോഗസ്ഥൻ. അസിസ്റ്റന്റ് രജിസ്ട്രാർ അരുൺ. വി.സജികുമാർ, രാജാറാം. ആർ, ജ്യോതിഷ് കുമാർ.പി, ബബീഷ്.എം എന്നിവരാണ് അന്വേഷണസംഘത്തിൽ ഉള്ളത്. അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കാൻ നിർദ്ദേശം നൽകിയതായി മന്ത്രി അറിയിച്ചു. ബാങ്കിലെ വായ്പാ ക്രമക്കേടുകൾ, ബാങ്കിൻ്റെ ആസ്തിബാദ്ധ്യതകൾ, സഹകരണ നിയമം, ചട്ടം, നിയമാവലി വ്യവസ്ഥകൾക്കും രജിസ്ട്രാറുടെ നിർദ്ദേശങ്ങൾക്കും വിരുദ്ധമായി ബാങ്കിന്റെ പൊതുഫണ്ട് ചെലവഴിച്ചിട്ടുണ്ടോ എന്നീ വിഷയങ്ങളിലാണ് അന്വേഷണം.