തിരുവനന്തപുരം: പരിസ്ഥിതി ദിനമായ ജൂൺ അഞ്ചിന് സർവ്വകലാശാലാ ക്യാമ്പസുകളടക്കം സംസ്ഥാനത്തെ എല്ലാ കലാലയങ്ങളെയും ‘സീറോ വേസ്റ്റ്’ ക്യാമ്പസുകളായി പ്രഖ്യാപിക്കും. അന്നുതന്നെ ആയിരം കലാലയ വിദ്യാർത്ഥികൾ അണിചേർന്ന് തിരുവനന്തപുരം നഗരഹൃദയം ശുചീകരിക്കും. ജൂൺ അഞ്ചിന് രാവിലെ 9ന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ഉന്നത വിദ്യാഭ്യാസ- സാമൂഹ്യനീതി മന്ത്രി ഡോ. ആർ. ബിന്ദു ‘സീറോ വേസ്റ്റ് ക്യാമ്പസ്’ പ്രഖ്യാപനം നിർവ്വഹിക്കും. പൊതുവിദ്യാഭ്യാസ-തൊഴിൽ മന്ത്രി വി.ശിവൻകുട്ടി പങ്കെടുക്കും.
എൻസിസി, എൻഎസ്എസ്, കോളേജുകളിലെ മറ്റു ക്ലബ്ബുകൾ എന്നിവയെ ഏകോപിപ്പിച്ചാണ് ‘സീറോ വേസ്റ്റ് ക്യാമ്പസ്’ സമ്പൂർണ്ണ ശുചിത്വ പ്രവർത്തനങ്ങൾ. സെക്രട്ടേറിയറ്റിൻ്റെ സൗത്ത് ഗേറ്റ് മുതൽ വെള്ളയമ്പലം അയ്യങ്കാളി സ്ക്വയർ വരെയുള്ള ഭാഗത്തെ ശുചീകരണപ്രവർത്തനമാണ് ‘സീറോ വേസ്റ്റ് ക്യാമ്പസ്’ പ്രചാരണഭാഗമായി തിരുവനന്തപുരത്ത് കലാലയ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ഏറ്റെടുക്കുകയെന്ന് മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു.
വേസ്റ്റ് ഫ്രീ ക്യാമ്പസ് പദ്ധതിയെക്കുറിച്ച് അവബോധമുണർത്താൻ വാർ മെമ്മോറിയൽ-രക്തസാക്ഷി മണ്ഡപം ചത്വരത്തെ പ്ലാസ്റ്റിക് വിമുക്തമാക്കി സൂക്ഷിക്കുന്ന സ്ഥിരം ചുമതല എൻസിസി നിർവ്വഹിക്കും. മാനവീയം വീഥിയും അയ്യങ്കാളി ചത്വരവും പ്ലാസ്റ്റിക് വിമുക്തമാക്കി സൂക്ഷിക്കുന്ന സ്ഥിരം ചുമതല എൻഎസ്എസ് ഏറ്റെടുക്കും. മാലിന്യമുക്ത നവകേരളം ക്യാമ്പയിനിൻ്റെ ഭാഗമായാണ് കലാലയങ്ങൾ ശുചീകരണ സംരംഭത്തിൻ്റെ ഭാഗമാകുന്നത്.
മാലിന്യസംസ്കരണവുമായി ബന്ധപ്പെട്ട സ്റ്റാർട്ട്-അപ്പ് തുടങ്ങാൻ വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കും. ലാബുകളിലെ രാസമാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്ക്കരിക്കാൻ സംവിധാനമൊരുക്കും. കോളേജുകളിൽ നാപ്പ്കിൻ വെൻഡിങ് മെഷീനുകളും ഇൻസിനറേറ്ററും സ്ഥാപിക്കും.