തിരുവനന്തപുരം: ലോക കേരള സഭയുടെ മേഖലാ സമ്മേളന നടത്തിപ്പിന് സ്പോൺസർമാർ പണം പിരിക്കുന്നതിൽ എന്താണ് തെറ്റുള്ളതെന്ന് സിപിഎം കേന്ദ്ര കമ്മിറ്റിയംഗം എ കെ ബാലൻ. ഒരു പദ്ധതിയുമായി ബന്ധപ്പെട്ട് സഹകരിക്കുമ്പോൾ എന്തിനാണ് ഈ അസൂയ. അനാവശ്യ വിവാദങ്ങൾ സൃഷ്ടിച്ച് പ്രവാസികളെ പ്രതിപക്ഷം അപമാനിക്കുകയാണെന്നും എ കെ ബാലൻ പറഞ്ഞു.
പരിപാടിക്ക് പണം പിരിക്കുന്നത് സ്പോൺസർമാരാണ്. അല്ലാതെ മന്ത്രിയല്ലല്ലോ. പണത്തിൻ്റെ ദുരുപയോഗം നടക്കുമോ എന്നറിയാൻ ഓഡിറ്റ് നടത്തുന്നുണ്ടെന്ന് സംഘാടകസമിതി വെെസ് ചെയർമാൻ അറിയിച്ചിട്ടുണ്ട്. പിന്നെ എന്തിനാണ് പ്രവാസികളെ സംശയിക്കുന്നത്. ഇവിടെനിന്ന് കാശ് എടുക്കാനും പറ്റില്ല. അവിടെനിന്നുള്ള ആളുകളുടെ സാമ്പത്തിക സ്രോതസ്സ് ഉപയോഗിക്കാനും പാടില്ലെന്നാണ് പ്രതിപക്ഷത്തിന്.
ലോക കേരള സഭ എന്നത് വിവിധ രാജ്യങ്ങളിലെ മലയാളികളുടെ ഒരു കുടുംബസംഗമമാണ്. ഈ സങ്കൽപം തന്നെ മുഖ്യമന്ത്രി പിണറായി വിജയൻ്റെ ഭാഗത്തുനിന്ന് വന്ന ഒരു അദ്ഭുതമാണ്. ഒന്നാം പിണറായി സർക്കാരിൻ്റെ കാലത്താണ് ഇതിൻ്റെ ആരംഭം. അതിൽ മലയാളികൾ മനസ്സറിഞ്ഞ് സഹകരിക്കുന്നതിൽ എന്തിനാണ് അസൂയയെന്നും അദ്ദേഹം ചോദിച്ചു.ഒന്ന്, രണ്ട്, മൂന്ന് സമ്മേളനങ്ങൾ പ്രതിപക്ഷം ബഹിഷ്കരിച്ചു. ഇപ്പോൾ മേഖലാ സമ്മേളനങ്ങളും ബഹിഷ്കരിക്കുകയാണ്. ഇത് എന്തിനു വേണ്ടിയാണെന്നും ബാലൻ ചോദിച്ചു.
കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ഇമേജ് മറ്റൊരിക്കലും ഇല്ലാത്ത വിധത്തിൽ ഉയർന്നിരിക്കുകയാണ്. വികസനകാര്യത്തിൽ പുതിയ മാതൃക കേരള സർക്കാർ സൃഷ്ടിച്ചു. അതിൻ്റെ ഭാഗമായി പ്രവാസികൾക്ക് വലിയ ആശ്വാസമാണ് ഇപ്പോൾ ഉള്ളത്. നിരവധി പദ്ധതികൾ ആവിഷ്കരിച്ചു. പ്രവാസി പോർട്ടൽ നടപ്പിലാക്കി. മുമ്പ് പ്രവാസികളുടെ പ്രശ്നങ്ങൾ ആരും നോക്കില്ലായിരുന്നു. എന്നാൽ, ഇന്ന് പ്രവാസി പോർട്ടലിൽ രജിസ്റ്റർ ചെയ്താൽ കേരള സർക്കാർ ഇടപെടും. പ്രശ്നം പരിഹരിക്കപ്പെടുമെന്നും എ കെ ബാലൻ പറഞ്ഞു.