തിരുവനന്തപുരം: കേരളത്തിലെ ഏക ആദിവാസി പഞ്ചായത്തായ ഇടമലക്കുടിയിൽ ഇനി കുടുംബാരോഗ്യ കേന്ദ്രം. ആദിവാസികൾ മാത്രം താമസിക്കുന്ന ഇടമലക്കുടി, മൂന്നാർ ടൗണിൽ നിന്നും 36 കിലോമീറ്റർ വടക്ക് മാറി വന്യമൃഗങ്ങളുടെ സാന്നിധ്യമുള്ള കൊടും വനത്തിനുള്ളിലാണ്. ഇവിടെയൊരു മികച്ച ആരോഗ്യ കേന്ദ്രം ഒരുക്കുക എന്നത് ദീർഘകാല സ്വപ്നമായിരുന്നു.
പെട്ടിമുടിയിൽ നിന്നും 20ലധികം കിലോമീറ്റർ കാൽ നടയായാണ് ആരോഗ്യ പ്രവർത്തകർ നേരത്തെ ഇടമലക്കുടിയിൽ കുട്ടികളുടെ കുത്തിവെയ്പ് ഉൾപ്പടെയുള്ള പ്രവർത്തങ്ങൾക്കായി എത്തിയിരുന്നത്. അതിനും മാറ്റം വരുന്നു. ഈ സർക്കാർ നടത്തിയ തുടർച്ചയായ ഇടപെടലുകളുടെ ഫലമാണ് ഇടമലക്കുടി കുടുംബാരോഗ്യ കേന്ദ്രം യാഥാർത്ഥ്യമാകുന്നതെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് ഫേസ്ബുക്കിൽ കുറിച്ചു.