പാലക്കാട്: യൂത്ത് കോൺഗ്രസ് സമ്മേളന വേദികളിലെ തർക്കങ്ങൾ തീരുന്നില്ല. സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിലിനെ വിമർശിച്ചവരെ പുറത്താക്കിയ യൂത്ത് കോൺഗ്രസ് തിരുത്തൽ നടപടി വിവാദത്തിലായിരിക്കുകയാണ്. അതേസമയം ജില്ലാ പ്രസിഡന്റ് ടി എച്ച് ഫിറോസ് ബാബുവിനെതിരെ സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ട എല്ലാവരെയും തിരിച്ചെടുത്തതും വിവാദമായി. അട്ടപ്പാടിയിലെ ജില്ലാ ക്യാമ്പിൽ പങ്കെടുക്കാത്തതിനെത്തുടർന്ന് പുറത്താക്കിയ നേതാക്കളിൽ ഒരു വിഭാഗത്തെയാണ് കഴിഞ്ഞ ദിവസം തിരിച്ചെടുത്തത്.
അയിലൂർ മണ്ഡലം പ്രസിഡന്റ് ഷെമീർ, നെല്ലിയാമ്പതി മണ്ഡലം പ്രസിഡന്റ് ഷെമീർ, മേലാർകോട് മണ്ഡലം പ്രസിഡന്റ് രാകേഷ് എന്നിവരെയാണ് തിരിച്ചെടുത്തവരുടെ പട്ടികയിൽനിന്ന് ഒഴിവാക്കിയത്. ഷാഫി പറമ്പിലിൻ്റെ ഏകാധിപത്യ നിലപാട് പരസ്യമായി ചോദ്യം ചെയ്തതിനാണ് മൂവരെയും പുറത്താക്കിയത്. ഷൊർണൂർ മണ്ഡലം പ്രസിഡന്റ് ആഷിക്കിനെ തിരിച്ചെടുക്കരുതെന്ന് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ നിലപാട് എടുത്തെങ്കിലും വി കെ ശ്രീകണ്ഠൻ എംപി ഇടപെട്ടാണ് തിരുത്തിയത്.
ജില്ലാ വൈസ് പ്രസിഡന്റുമാരായ രതീഷ് പുതുശേരി, സി നിത്യ, രോഹിത് കൃഷ്ണ, ജനറൽ സെക്രട്ടറിമാരായ ശരഞ്ജിത്ത്, കെ മിൻഹാസ്, ജില്ലാ സെക്രട്ടറിമാരായ എസ് ശിവരാജ്, ആകർഷ് കെ നായർ, കെ ബിജു, ദിൽബി ജോസഫ്, പി വി ഹരി, എൻ ശ്രീപതി, സുരേഷ്, കെ സാജൻ, വിനീഷ് കരിമ്പാറ, പാലക്കാട്, നെന്മാറ നിയോജക മണ്ഡലം പ്രസിഡന്റുമാരായ സദ്ദാം, വിനോദ്, 11 ജില്ലാ നിർവാഹക സമിതി അംഗങ്ങൾ എന്നിവരെയാണ് തിരിച്ചെടുത്തത്.