കൊച്ചി: പീഡന പരാതിയിൽ നടൻ ഉണ്ണിമുകുന്ദൻ വിചാരണ നേരിടണമെന്ന് ഹെെക്കോടതി. ജസ്റ്റിസ് കെ ബാബുവിൻ്റേതാണ് ഉത്തരവ്. കേസ് ഒത്തുതീർപ്പാക്കിയതായി നേരത്തെ ഉണ്ണി മുകുന്ദൻ്റെ അഭിഭാഷകൻ സൈബി ജോസ് കോടതിയെ അറിയിച്ചിരുന്നു. എന്നാൽ ഇത് നിഷേധിച്ച് പരാതിക്കാരി പിന്നീട് രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തിൽ കോടതി നടപടികൾ തുടരാമെന്നും സിംഗിൾ ബെഞ്ച് വ്യക്തമാക്കി. കേസ് റദ്ദാക്കേണ്ട സാഹചര്യമില്ലെന്നും പരാതിക്കാരി തന്നെ ഒത്തുതീർപ്പിന് തയ്യാറല്ലെന്നും നേരത്തെ വ്യക്തമാക്കിയിട്ടുണ്ടെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. തുടർന്നാണ് വിചാരണ നടപടികൾക്കുള്ള സ്റ്റേ നീക്കിയ ശേഷം വിചാരണ തുടരാൻ കോടതി നിർദ്ദേശം നൽകിയത്.
കോട്ടയം സ്വദേശിനിയായ യുവതിയാണ് ഉണ്ണിമുകുന്ദനെതിരെ പരാതി നൽകിയത്. ഉണ്ണിമുകുന്ദൻ ക്ഷണിച്ചതനുസരിച്ച് സിനിമാക്കഥ പറയാൻ ചെന്ന തന്നെ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് യുവതിയുടെ ആരോപണം. 2017, ഓഗസ്റ്റ് 23 ന് നടന്ന സംഭവത്തിൽ സെപ്തംബർ 15 ന് പരാതി നൽകിയിരുന്നു.
കോട്ടയം സ്വദേശിയായ യുവതിക്കെതിരെ ഉണ്ണിമുകുന്ദനും പരാതി നൽകിയിട്ടുണ്ട്. യുവതി പറയുന്നത് നുണയാണെന്നും തന്നെ ഭീഷണിപ്പെടുത്തിയെന്നുമാണ് ഉണ്ണി മുകുന്ദൻ്റെ ആരോപണം. കേസിൽ കുടുക്കാതിരിക്കാൻ 25 ലക്ഷം രൂപ തരണമെന്ന് യുവതി ഭീഷണിപ്പെടുത്തിയെന്നാണ് നടൻ്റെ പരാതി. കേസിൽ ഉണ്ണി മുകുന്ദൻ ഇപ്പോൾ ജാമ്യത്തിലാണ്.