തിരുവനന്തപുരം: കേരളത്തിലെ പൊതുജനാരോഗ്യ മേഖലയ്ക്കാകെ വലിയ ഉണർവ് പകരുന്നതാണ് ജനകീയാരോഗ്യ കേന്ദ്രങ്ങളെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 5,409 ജനകീയാരോഗ്യ കേന്ദ്രങ്ങൾ ആരോഗ്യ മേഖലയെ ഇനിയും ഉയർന്ന തലങ്ങളിലേക്കെത്തിക്കും. സംസ്ഥാന സർക്കാരിൻ്റെ രണ്ടാം വാർഷികത്തിൻ്റെ ഭാഗമായാണ് ജനകീയാരോഗ്യ കേന്ദ്രങ്ങൾ തയ്യാറാക്കുന്ന പദ്ധതിക്ക് തുടക്കമിടുന്നത്. സമഗ്രമായ പ്രാഥമികാരോഗ്യ പരിരക്ഷ താഴെത്തട്ടിൽ വരെ എത്തിക്കുക എന്നതാണ് ജനകീയ ആരോഗ്യകേന്ദ്രങ്ങളുടെ ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തെ 5409 ജനകീയ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രഖ്യാപനവും സംസ്ഥാനതല ഉദ്ഘാടനവും നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
ആർദ്രം മിഷൻ്റെ രണ്ടാം ഘട്ട പ്രവർത്തനങ്ങളുടെ ഭാഗമായ വാർഷിക പരിശോധന, മറ്റ് ക്യാമ്പയിനുകൾ, രോഗനിർമ്മാർജ്ജന പ്രവർത്തനങ്ങൾ എന്നിവ ജനകീയാരോഗ്യ കേന്ദ്രങ്ങളിലൂടെയാണ് താഴെത്തട്ടിൽ നടപ്പിലാക്കുക. ജനകീയാരോഗ്യ കേന്ദ്രങ്ങളെ ശക്തിപ്പെടുത്തുന്നതിനായി സബ്സെന്റർ വെൽഫെയർ കമ്മിറ്റികൾ രൂപീകരിച്ചിട്ടുണ്ട്. കേരളത്തിൽ ആവിഷ്ക്കരിക്കുന്ന ഏതൊരു പദ്ധതിയുടെയും വിജയം അതിന് പിന്തുണയേകുന്ന ജനകീയ കൂട്ടായ്മകളാണ്. സാമൂഹികാരോഗ്യ കേന്ദ്രങ്ങളുടെ ഉന്നമനത്തിനായി രൂപീകരിക്കപ്പെട്ട കമ്മിറ്റികൾ അതേ സമീപനം മുൻനിർത്തി തയ്യാറാക്കിയവയാണ്.
ജനകീയാരോഗ്യ കേന്ദ്രങ്ങളിലൂടെ മെച്ചപ്പെട്ട ഭൗതിക സാഹചര്യങ്ങളാണ് ഒരുക്കുന്നത്. ആഴ്ചയിൽ ആറു ദിവസവും ഒമ്പതു മണി മുതൽ നാലു മണിവരെ സേവനം ലഭിക്കും. ആശാപ്രവർത്തകർക്കു പുറമെ മിഡ്ലെവൽ സർവീസ് പ്രൊവൈഡർമാർ കൂടി വരുന്നതോടെ കൂടുതൽ സേവനങ്ങൾ ഉപകേന്ദ്രങ്ങൾ വഴി നൽകാൻ സാധിക്കും. സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതോടൊപ്പം തന്നെ ഉപകേന്ദ്രങ്ങൾ സ്മാർട്ടായി മാറുകയാണ്. വൈകാതെതന്നെ ടെലിമെഡിസിൻ കേന്ദ്രങ്ങളും ഇവിടങ്ങളിൽ ഒരുങ്ങും. ജനകീയാരോഗ്യ കേന്ദ്രങ്ങളിൽ ഒമ്പതുതരം ലാബ് പരിശോധനകളും 36 തരം മരുന്നുകളും ലഭ്യമാണ്. കേരളത്തിലെ ആരോഗ്യമേഖലയുമായുള്ള ജനങ്ങളുടെ അടിസ്ഥാനതല ബന്ധം നിലനിർത്തുന്ന സ്ഥാപനങ്ങളായി ജനകീയാരോഗ്യ കേന്ദ്രങ്ങൾ മാറും. ജനകീയാരോഗ്യ കേന്ദ്രങ്ങളോടനുബന്ധിച്ച് ആരോഗ്യ ക്ലബ്ബുകൾ രൂപീകരിക്കുകയാണ്.
ആരോഗ്യപ്രവർത്തകരെ ആക്രമിക്കുന്നത് ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആരോഗ്യപ്രവർത്തകരെ അക്രമിക്കുന്നവരെ കർശനമായി തന്നെ നേരിടും. സർക്കാരിൻ്റെ ഭാഗത്തുനിന്ന് ഒരുതരത്തിലുള്ള വിട്ടുവീഴ്ചയും ഇക്കാര്യത്തിൽ ഉണ്ടാകില്ല.
കേരളത്തിൻ്റെ മനഃസാക്ഷിയെ ഞെട്ടിച്ച സംഭവമാണ് ഡോ.വന്ദനയുടെ മരണം. കർമ്മനിരതയായ ഒരു ആരോഗ്യപ്രവർത്തക ആക്രമിക്കപ്പെട്ടതും അവർക്ക് ജീവഹാനി സംഭവിച്ചതും ഞെട്ടലോടെയാണ് നമ്മൾ കേട്ടത്. ഡോക്ടർ വന്ദനാ ദാസിൻ്റെ ഓർമ്മകൾക്കു മുമ്പിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നു. നമ്മുടെ നാടിനെക്കുറിച്ചു നല്ലത് മാത്രമേ മറ്റെല്ലാവർക്കും പറയാനുള്ളൂ. അത്തരമൊരു നാടിൻ്റെ തെറ്റായ ചിത്രം പുറം ലോകവുമായി പങ്കുവെക്കുന്നതിനാണ് ഇത്തരം സംഭവം ഇടയാക്കിയത്.
ആർദ്രം മിഷൻ രൂപീകരിച്ചതിൻ്റെ ഭാഗമായി സംസ്ഥാനത്തെ ആരോഗ്യ മേഖല വലിയ തോതിലാണ് കരുത്താർജിച്ചത്. മെഡിക്കൽ കോളേജുകൾ മുതൽ പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ വരെയുള്ള ശൃംഖലയുടെ ഓരോ കണ്ണിയെയും സവിശേഷമായാണ് പരിഗണിച്ചത്. 886 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാംരോഗ്യ കേന്ദ്രങ്ങളായി ഉയർത്താനുള്ള പദ്ധതി ആവിഷ്ക്കരിച്ചു. അതിൽ 630 എണ്ണം കഴിഞ്ഞ മാസത്തോടെ പൂർത്തീകരിച്ചിട്ടുണ്ട്. ശേഷിക്കുന്നവയും വൈകാതെ കുടുംബാരോഗ്യ കേന്ദ്രങ്ങളായി മാറും. അതോടൊപ്പം താലൂക്ക്, ജില്ല ആശുപത്രികളിൽ വരെ സൂപ്പർ സ്പെഷ്യാലിറ്റി സേവനങ്ങൾ ലഭ്യമാക്കി. മെഡിക്കൽ കോളേജുകൾക്കു വേണ്ടി പ്രത്യേക വികസന പാക്കേജുകൾ നടപ്പാക്കുന്നുണ്ട്. അവയവമാറ്റ ശസ്ത്രക്രിയ സാധാരണക്കാർക്ക് പ്രാപ്യമാക്കാനുള്ള നടപടികളുമെടുത്തു. മെഡിക്കൽ കോളേജുകൾ അതിനനുസരിച്ച് മാറുന്ന കാഴ്ചയാണ് കാണാൻ കഴിഞ്ഞത്.
ജീവിതശൈലീ രോഗങ്ങൾ മറ്റു പല അപകടകരമായ രോഗങ്ങളിലേക്ക് നയിക്കുന്ന ഘടകങ്ങളാണ്. സമൂഹത്തിലെ രോഗാതുരത വർദ്ധിപ്പിക്കുന്നതിൽ ജീവിതശൈലീ രോഗങ്ങൾക്ക് വലിയ പങ്കുണ്ട്. ഇതിനായി ജീവിതശൈലീരോഗ നിയന്ത്രണത്തിനായി പ്രത്യേക പരിശോധനാ പദ്ധതി നടപ്പാക്കിവരുന്നു. സർക്കാർ മേഖലയിലെ ലാബുകളെ ഹബ്ബ് ആൻഡ് സ്പോക്ക് മാതൃകയിൽ ബന്ധപ്പെടുത്തുന്നതു വഴി ആധുനിക പരിശോധനാ സംവിധാനങ്ങളും ഗുണനിലവാരവും ഉറപ്പാക്കുകയാണ്. അതിൻ്റെ ഫലം നല്ല രീതിയിൽ കാണാൻ കഴിയുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
നവകേരളം കർമ്മപദ്ധതി രണ്ട് ആർദ്രം മിഷൻ്റെ ഭാഗമായി സംസ്ഥാനത്തെ ആരോഗ്യ മേഖലയിലെ പ്രധാനപ്പെട്ട പ്രവർത്തനത്തിനാണ് തുടക്കമാകുന്നതെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. വാർഡുകളിലെ ആരോഗ്യ കേന്ദ്രങ്ങളെ ശാക്തീകരിക്കുകയാണ് ലക്ഷ്യം. എല്ലാ പൊതുജനാരോഗ്യ പ്രവർത്തനങ്ങൾക്കും അവിടെ നിന്നും നേതൃത്വം നൽകുന്ന സാഹചര്യം ഉണ്ടാകും.