തിരുവനന്തപുരം: മീഡിയ വൺ ന്യൂസ് ചാനലിനെതിരെ മുതിർന്ന മാധ്യമ പ്രവർത്തകൻ കെ ജെ ജേക്കബ്. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ്റെ പ്രസ്താവന തെറ്റായി നൽകിയതിൽ പ്രതിഷേധിച്ചു കൊണ്ട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പ്രതിപക്ഷ ചർച്ചകൾ നടക്കുന്ന സാഹചര്യത്തിൽ കോൺഗ്രസിനെ ഭർത്സിച്ചുകൊണ്ടും ചെറുതാക്കിക്കൊണ്ടും സിപിഎമ്മിൻ്റെ പോളിറ്റ് ബ്യുറോ അംഗവും സംസ്ഥാന സെക്രട്ടറിയുമായ ഗോവിന്ദൻ മാഷ് ഒരു പ്രസ്താവന നടത്തിയാൽ അതിനു ദേശീയ പ്രാധാന്യമുണ്ട്. അതുകൊണ്ടു മാഷ് പറയാത്തത് മീഡിയ വൺ കേൾക്കും. വിചാരിക്കാത്തതു അവർ പ്രക്ഷേപണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
ഫേസ്ബുക്ക് കുറിപ്പ്:
വീട്ടിൽനിന്നിറങ്ങുന്ന പതിനൊന്നുപേർ ഓരോ ദിവസവും ജീവനോടെ തിരിച്ചെത്താതെ നിരത്തിൽ മരിക്കുന്ന കേരളത്തിൽ ‘സേഫ് കേരള’ എന്ന പദ്ധതി മനുഷ്യർ ആശ്വാസത്തോടെ സ്വീകരിക്കേണ്ടതാണ്; എന്നാൽ അഴിമതി ആരോപണങ്ങൾ വരുന്നതിനു മുമ്പു തന്നെ വലിയ എതിർപ്പ് ആ പദ്ധതിയ്ക്ക് നേരിടേണ്ടിവന്നത് “ഗതാഗത നിയമ ലംഘനം: പിഴയായി 1,000 കോടി പിരിച്ചെടുക്കാൻ മോട്ടോർ വാഹനവകുപ്പിന് സർക്കാർ ടാർഗറ്റ്” എന്ന മീഡിയ വൺ ചാനലിന്റെ നുണവാർത്തകൊണ്ടാണ് (ലിങ്ക് കൊടുത്തിട്ടുണ്ട്).
ആ വാർത്തയ്ക്കുശേഷമുണ്ടായ മനുഷ്യരുടെ പ്രതികരണങ്ങൾ ഓർക്കുക.
ബജറ്റ് ടാർഗറ്റ് പുതുക്കി നൽകിയ സർക്കാരുത്തരവിനെ ജങ്ങളിൽനിന്നു പിഴ ഈടാക്കാനുള്ള ശ്രമമായി മീഡിയ വൺ കുത്തിത്തിരിച്ചതാണ്. എന്നിട്ടു കിടന്നു മെഴുകുന്ന വാർത്തയുടെ ലിങ്കുകൂടി കൊടുത്തിട്ടുണ്ട്. അവിടെ പിഴ കാണുന്നില്ല, ഉരുളൽ മാത്രമേയുള്ളൂ.
***
ഇന്ത്യൻ ഭരണഘടനയ്ക്കെതിരെ ഉയരുന്ന അപകട ഭീഷണി, അതൊഴിവാക്കാനുള്ള പ്രതിപക്ഷ ഐക്യത്തിൻ്റെ ആവശ്യം എന്നിവയൊക്കെ ഇന്ത്യയിലെ മതേതര കക്ഷികൾ വളരെ ഗൗരവമായി ആലോചിക്കുന്ന സമയമാണ് ഇത്. അതിനുള്ള കൂടിയാലോചനകളും ചർച്ചകളും ഗൗരവമായി നടക്കുന്നു.
കോൺഗ്രസിനെ ഒഴിവാക്കിക്കൊണ്ടുള്ള ഒരു സംവിധാനത്തിന് ലക്ഷ്യം കാണാനാവില്ല എന്ന ബോധ്യം മറ്റു പ്രതിപക്ഷ കക്ഷികൾക്കുണ്ട്; എന്നാൽ കോൺഗ്രസും രാഷ്ട്രീയ യാഥാർഥ്യങ്ങൾ ഉൾക്കൊള്ളേണ്ടതുണ്ട് എന്നതും അവരുടെ നിലപാടാണ്.
ആ നിലപാടാണ് ഗോവിന്ദൻ മാഷ് വിശദീകരിച്ചത്; അതിൽ ഒരു ആശയക്കുഴപ്പത്തിനും ഇടയില്ല.
വർഗീയവാദികൾക്കല്ലാതെ അതിൽ ആശങ്കപ്പെടേണ്ട കാര്യവുമില്ല.
പ്രതിപക്ഷ ചർച്ചകൾ നടക്കുന്ന സാഹചര്യത്തിൽ കോൺഗ്രസിനെ ഭർത്സിച്ചുകൊണ്ടും ചെറുതാക്കിക്കൊണ്ടും സിപിഎമ്മിൻ്റെ പോളിറ്റ് ബ്യുറോ അംഗവും സംസ്ഥാന സെക്രട്ടറിയുമായ ഗോവിന്ദൻ മാഷ് ഒരു പ്രസ്താവന നടത്തിയാൽ അതിനു ദേശീയ പ്രാധാന്യമുണ്ട്.
അതുകൊണ്ടു മാഷ് പറയാത്തത് മീഡിയ വൺ കേൾക്കും; വിചാരിക്കാത്തതു അവർ പ്രക്ഷേപണം ചെയ്യും. ഒരു മതനിരപേക്ഷ സംവിധാനം ഉണ്ടാവുക എന്നത് മൗദൂദികൾക്കു സഹിക്കാനാവില്ല; അവരുടെ ഒക്കചങ്ങായിമാർക്കും.
മീഡിയവൺ എന്ന കുത്തിത്തിരുപ്പു ചാനലിനെ അതിൻ്റെ ഇരകൾ നിയമപരമായി നേരിടണം. അല്ലെങ്കിൽ ഭരണഘടന നൽകുന്ന അഭിപ്രായ സ്വാതന്ത്ര്യം നുണ പ്രക്ഷേപണം ചെയ്യാനുള്ളതാണ് എന്ന് ജനങ്ങൾ തെറ്റിദ്ധരിക്കും.
അതങ്ങിനെയല്ലല്ലോ.