തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെ നേരിടാൻ എളുപ്പ വഴി കണ്ടുപിടിച്ചിരിക്കുകയാണ് കോൺഗ്രസും ബി ജെ പിയും എൽഡിഎഫ് വിരുദ്ധ മാധ്യമങ്ങളും. കേരളത്തിൽ പണം മുടക്കാൻ വരുന്നവരെ ഓടിക്കുക. മനം മടുത്ത് നിക്ഷേപകരും കമ്പനികള്യം സ്ഥലം വിടുന്നതു വരെ അപവാദം പ്രചരിപ്പിക്കുക. ഇതാണ് ഇപ്പോഴത്തെ രീതി. ഈ തരം താണ പണിക്കായി പ്രത്യേക സംവിധാനങ്ങൾ തന്നെ ഉണ്ടാക്കിയിട്ടുണ്ട്. നിക്ഷേപ പദ്ധതികളുമായി എത്തുന്നവരെ ഭീഷണിപ്പെടുത്തൽ, കേരളത്തെക്കുറിച്ച് അവിശ്വാസം സൃഷ്ടിക്കൽ, അഴിമതി ആരോപിക്കൽ തുടങ്ങിയ ആയുധങ്ങളുമായാണ് പ്രതിപക്ഷവും മാധ്യമങ്ങളും നിക്ഷേപകരെ വരവേൽക്കുന്നത്. അതും പോരാത്തതിന് തട്ടിക്കൂട്ട് കമ്പനി, കറക്കു കമ്പനി എന്നൊക്കെ കൊണ്ടു പിടിച്ച പ്രചാരണവും. സർക്കാരിനെതിരായ സമരങ്ങളൊന്നും ഏശുന്നില്ല. എവിടെയെങ്കിലും സൈക്കിളപകടം ഉണ്ടായാൽ വരെ സർക്കാരിൻ്റെ പരാജയ ചർച്ചകളുടെ പൊടിപൂരമാണ്. എന്നിട്ടും പ്രതിപക്ഷം ഗതി പിടിക്കുന്നില്ല. ചാനലുകള്യം പത്രങ്ങളും അക്കൂട്ടർക്ക് താങ്ങാനാവുന്നതിൻ്റെ അപ്പുറം, ഓവർ ടൈമെടുത്ത് പ്രതിപക്ഷത്തിനായി പണിയുന്നുണ്ട്. എന്നിട്ടും പിണറായി രാജി വെക്കുന്നില്ല. പദ്ധതികൾ മുടങ്ങുന്നില്ല. ട്രഷറി പൂട്ടുന്നില്ല, സാമൂഹ്യ സുരക്ഷാ പെൻഷൻ മുടങ്ങുന്നില്ല. പോരാത്തതിന് നിക്ഷേപകർ വരികയും ചെയ്യുന്നു. എന്നാൽ കാട്ടിത്തരാം എന്നാണ് മാധ്യമ – പ്രതിപക്ഷ വെല്ലുവിളി. വഴിയെ പോകുന്നവരെ ചുമ്മാ തെറി വിളിക്കുകയും തുണി പൊക്കിക്കാണിക്കുകയും ചെയ്ത് ആനന്ദിക്കുന്നവരുടെ മനോനിലയിലേക്ക് താഴ്ന്നുപോയ പ്രതിപക്ഷവും എൽഡിഎഫ് വിരുദ്ധ മാധ്യമങ്ങളും കേരളത്തിൻ്റെ വികസന മുഖം വികൃതമാക്കാൻ പാടുപെടുന്നു.
പ്രതിപക്ഷ- മാധ്യമ സഖ്യത്തിൻ്റെ കുത്തിത്തിരിപ്പ് സംസ്കാരത്തിൻ്റെ ഇരയായി മനസുമടുത്ത് കേരളം വിടുകയാണ് രാജ്യത്തെ പ്രശസ്തമായ ഒരു സ്ഥാപനം. സേഫ് കേരള പദ്ധതി നടപ്പാക്കിയ എസ്ആർഐടി. രാഷ്ട്രീയ നേട്ടം ലക്ഷ്യമാക്കിയുള്ള അപവാദ പ്രചാരണം വേദനിപ്പിച്ചെന്നും കേരളത്തിൽ ഇനി പുതിയ പദ്ധതികൾ ഏറ്റെടുക്കില്ലെന്നും തുറന്നു പറഞ്ഞിരിക്കുകയാണ് എസ്‌ആർഐടി സിഇഒ ഡോ. മധു നമ്പ്യാർ. “കേരളത്തിലേക്ക് വരുമ്പോൾ വലിയ പ്രതീക്ഷയുണ്ടായിരുന്നു. കമ്പനിയുടെ ഡയറക്ടർമാർ അടക്കം മലയാളികളാണ്. സ്വന്തം നാടിനോടുള്ള താൽപ്പര്യവും കുറേപേർക്ക് തൊഴിലും ലഭ്യമാകുമല്ലോ എന്ന ചിന്തയുമാണ് കേരളത്തിലെത്താൻ പ്രേരിപ്പിച്ചത്.
കേരളത്തെ കുറിച്ച് പറഞ്ഞുകേട്ടിരുന്ന പ്രശ്‌നങ്ങളൊന്നും പദ്ധതി പൂർത്തിയാക്കുന്നതുവരെ ഉണ്ടായില്ല. സർക്കാരിൽനിന്ന് മികച്ച പിന്തുണ ലഭിച്ചു. തൊഴിൽ പ്രശ്‌നങ്ങളോ ട്രേഡ് യൂണിയൻ പ്രശ്‌നങ്ങളോ ഒരിക്കൽ പോലുമുണ്ടായില്ല. പദ്ധതി പൂർത്തിയാക്കിയ ശേഷം ചില രാഷ്ട്രീയ നേതാക്കളും മാധ്യമങ്ങളും അപവാദം പ്രചരിപ്പിച്ചു. ഇതിനിടയിൽ ആരും ഞങ്ങളെ ബന്ധപ്പെടുകയോ അഭിപ്രായം തേടുകയോ ചെയ്‌തില്ല. പദ്ധതി സംബന്ധിച്ച രേഖകൾ നൽകാനും എന്ത് സംശയത്തിനു മറുപടി നൽകാനും തയ്യാറായിരുന്നു. അതുപോലും ചെയ്യാതെയാണ് കമ്പനിക്കെതിരെ വസ്‌തുതാ വിരുദ്ധമായ കാര്യങ്ങൾ പ്രചരിപ്പിച്ചത്. ഏകദേശം 850 കോടിയോളം രൂപ ചെലവിടുന്ന മറ്റൊരു പദ്ധതികൂടി ആലോചനയിലുണ്ടായിരുന്നു. ഇനി അതിനില്ല. ” ഇതിന് ഉത്തരം പറയേണ്ടത് കുറേ നാളായി നട്ടാൽ കുരുക്കാത്ത നുണ പറഞ്ഞു കൊണ്ടിരിക്കുന്ന രമേശ് ചെന്നിത്തല, വി ഡി സതീശൻ, കെ സുധാകരൻ തുടങ്ങിയ കോൺഗ്രസ് നേതാക്കളും നുണക്കഥകൾ സൃഷ്ടിച്ച മാധ്യമങ്ങളുമാണ്.
സേഫ് കേരള പദ്ധതിയിൽ എസ്‌ആർഐടി കൊള്ളലാഭം നേടുന്നു എന്ന പ്രചാരണം വസ്‌തുതാവിരുദ്ധമാണെന്ന് മധു നമ്പ്യാർ വ്യക്തമാക്കിയിട്ടുണ്ട്. ആകെ ലാഭം പത്തു ശതമാനത്തിൽ താഴെ മാത്രമാണ് പ്രതീക്ഷിച്ചത്. കോവിഡും മറ്റു കാരണങ്ങളുംകൊണ്ട് കാലതാമസമുണ്ടായതിനാൽ അതിലും കുറവു വരും. 151 കോടിയുടെ പദ്ധതിയിൽ ഏഴു വർഷത്തിനുശേഷം ലഭിക്കുന്ന പ്രതീക്ഷിച്ച ലാഭം 13 കോടി രൂപ മാത്രമാണ്. അതിലും കുറവു വരും. 100 കോടിയിലധികം പദ്ധതിക്കായി മുൻകൂറായി നിക്ഷേപിച്ചു കഴിഞ്ഞു. 23 കോടി രൂപ സർക്കാരിന് ജിഎസ്‌ടി ഇനത്തിലും ആറു കോടി രൂപ കെൽട്രോണിന് സെക്യൂരിറ്റി ഡെപ്പോസിറ്റായും നൽകി. വലിയ ലാഭം പ്രതീക്ഷിക്കാത്തതിനാലാണ് കുറഞ്ഞ തുക ക്വാട്ട് ചെയ്‌തതെന്നും കമ്പനി ചൂണ്ടിക്കാണിക്കുന്നു
എഐ കാമറാ ഉൾപ്പെടുന്ന ഗതാഗത നിരീക്ഷണ സംവിധാനം സംസ്ഥാന വ്യാപകമായി സ്ഥാപിക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമാണ് കേരളം. 2013ൽ കേരളത്തിൽ 40 കോടി രൂപ ചെലവിലാണ് 100 കാമറ സംവിധാനം സ്ഥാപിച്ചത്. മഹാരാഷ്ട്രയിൽ 250 കാമറ സ്ഥാപിക്കാൻ 120 കോടിയാണ് ചെലവഴിച്ചത്. കേരളത്തിൽ 726 കാമറ സ്ഥാപിക്കുന്നതിന് 232 കോടി രൂപയാണ് ചെലവു വന്നത്.
അൽഹിന്ദും ലൈറ്റ് മാസ്‌റ്ററും കരാറിൽ പങ്കാളിയല്ലെന്നും എസ് ആർഐടി വ്യക്തമാക്കിയിട്ടുണ്ട്. പദ്ധതിക്കായി കരാർ ലഭിച്ചശേഷം പ്രസാഡിയോയും അൽഹിന്ദും ചേർന്ന് എസ്‌ആർഐടിയെ സമീപിക്കുകയായിരുന്നെന്ന് മധു നമ്പ്യാർ പറയുന്നു. പദ്ധതിയിൽ ചേർന്ന് പ്രവർത്തിക്കുന്നതിനുള്ള താൽപ്പര്യം അറിയിച്ച് കരാർവച്ചു. ചുരുങ്ങിയ കാലയളവിൽ സാങ്കേതിക കാരണം പറഞ്ഞ് അൽഹിന്ദ് പദ്ധതിയിൽനിന്ന് പിന്മാറി. തുടർന്ന് അൽഹിന്ദിന് പകരം ലൈറ്റ് മാസ്‌റ്റർ എന്ന കമ്പനി വന്നു. എന്നാൽ, അവർക്ക് ഫണ്ട് ക്രമീകരിക്കാൻ കഴിയാത്തതിനാൽ ആ കരാറും റദ്ദാക്കി. തുടർന്ന് എസ്‌ആർഐടിയുടെ ഫണ്ടിങ് പങ്കാളിയായ ഇ സെൻട്രിക് എത്തുകയും ഫണ്ട് ക്രമീകരിച്ച് പദ്ധതി വിജയകരമായി പൂർത്തിയാക്കുകയും ചെയ്‌തു. പ്രസാഡിയോ, അൽഹിന്ദ്, ലൈറ്റ് മാസ്‌റ്റർ എന്നീ കമ്പനികൾ കേരളത്തിൽനിന്നുള്ള കമ്പനികളായതിനാലാണ് സഹകരിക്കാൻ തീരുമാനിച്ചത്.
പദ്ധതിയിൽ മുഖ്യമന്ത്രിയുടെ ബന്ധുവിന് പങ്കാളിത്തം എന്നതായിരുന്നു പ്രതിപക്ഷ – മാധ്യമ ആരോപണങ്ങളിൽ മുഖ്യം. മുഖ്യമന്ത്രിയുടെ ബന്ധുവിൻ്റെ പേരു കേൾക്കുന്നത് വിവാദത്തിൽ ആ പേര് ഉയർന്നതിനു ശേഷമാണെന്നാണ് മധു നമ്പ്യാർ വ്യക്തമാക്കിയത്. വിവാദം ഉയർന്നശേഷം ഇക്കാര്യം അറിയാൻ പ്രസാഡിയോയുമായി ബന്ധപ്പെട്ടു. കമ്പനിയിൽ മുഖ്യമന്ത്രിയുടെ ബന്ധുവിന് പങ്കാളിത്തമില്ലെന്ന് അവർ അറിയിച്ചു. കമ്പനിയുടെ 96 ശതമാനം ഓഹരിയും സുരേന്ദ്ര കുമാറിനാണ്. ഡയറക്ടറായ രാംജിത്താണ് ഞങ്ങളുമായി ബന്ധപ്പെട്ടിരുന്നത്. ഒരു യോഗത്തിലും മുഖ്യമന്ത്രിയുടെ ബന്ധു പങ്കെടുത്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഏതായാലും എഐ കാമറ വിവാദത്തിൽ പ്രതിപക്ഷത്തിനും മാധ്യമങ്ങൾക്കുമെതിരെ നിയമനടപടി സ്വീകരിക്കാൻ എസ്ആർഐടി തീരുമാനിച്ചിട്ടുണ്ട്. വസ്തുതാ വിരുദ്ധവും അപകീർത്തികരവുമായആരോപണങ്ങൾ പ്രചരിപ്പിച്ച പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവർക്കും ഏഷ്യാനെറ്റ് ന്യൂസ്, മനോരമ ന്യൂസ് എന്നിവയ്ക്കും വക്കീൽ നോട്ടീസ് അയച്ചതായി മധു നമ്പ്യാർ അറിയിച്ചു. സുപ്രീംകോടതി അഭിഭാഷകൻ കെ ആർ സുഭാഷ് ചന്ദ്രൻ വഴിയാണ് നോട്ടീസ് അയച്ചതെന്നും മധു നമ്പ്യാർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കമ്പനിക്കെതിരായ അപവാദ പ്രസ്‌താവനകൾ പിൻവലിച്ച് പര്യസമായി ഖേദം പ്രകടിപ്പിക്കുകയും ഏഴു ദിവസത്തിനുള്ളിൽ തെറ്റായ വാർത്ത തിരുത്തുകയും വേണം. ഇല്ലെങ്കിൽ നിയമ നടപടികളിലേക്ക് നീങ്ങുമെന്നും നോട്ടീസിൽ പറഞ്ഞിട്ടുണ്ട്.. അപകീർത്തികരവും വസ്‌തുതാവിരുദ്ധവുമായ പ്രസ്‌താവനകളും വാർത്തകളും കമ്പനിയുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നതാണ്. ഇതിനു ശേഷം കമ്പനിയുടെ സർക്കാർ സ്ഥാപനങ്ങളടക്കമുള്ള ബിസിനസ് കക്ഷികളിൽനിന്ന് ചോദ്യങ്ങൾ ഉയരുന്നു. കമ്പനി നൽകിയ വിശദീകരണം പോലും വളച്ചൊടിച്ചാണ് വാർത്ത നൽകിയതെന്നും നോട്ടീസിൽ പറഞ്ഞു.
തലസ്ഥാനത്ത് കമ്പനി അധികൃതർ നടത്തിയ വാർത്താ സമ്മേളനം രണ്ടു മണിക്കൂറിലേറെയാണ് നീണ്ടത്. കമ്പനിക്കെതിരെ വസ്‌തുതാവിരുദ്ധവും തെറ്റിദ്ധാരണാജനകവുമായ വാർത്തകളാണ് നൽകിയതെന്ന് മധു നമ്പ്യാർ ചൂണ്ടിക്കാട്ടി. വസ്‌തുത അന്വേഷിക്കാൻ മാധ്യമങ്ങളും പ്രതിപക്ഷ നേതാക്കളും തയ്യാറായില്ല. എല്ലാ വിവരവും രേഖകളും നൽകാൻ തയ്യാറായിരുന്നു. എന്നാൽ, അതിനായി ആരും ബന്ധപ്പെട്ടില്ല. നൽകിയ വിശദീകരണംപോലും വളച്ചൊടിച്ചാണ് വാർത്ത നൽകിയതെന്നും അദ്ദേഹം പറയുന്നു.
ട്രേഡ് യൂണിയനുകൾ കേരളത്തിലെ നിക്ഷേപകരെ അകറ്റുന്നു എന്നായിരുന്നു ഒരു കാലത്തെ ആക്ഷേപം. അത് അധികകാലം നിലനിന്നില്ല. കേരളം തൊഴിൽ സൗഹൃദ – നിക്ഷേപ സൗഹൃദ സംസ്ഥാനമായി മാറിയതോടെ ആ അന്തരീക്ഷം തകർക്കാനുള്ള പദ്ധതിയാണ് പ്രതിപക്ഷവും മാധ്യമങ്ങളും ചേർന്ന് ആസൂത്രണം ചെയ്തത്. അതിൻ്റെ തുടർച്ചയാണ് ഇപ്പോഴത്തെ വിവാദങ്ങൾ.