തിരുവനന്തപുരം : എഐ ക്യാമറ പദ്ധതി കരാറെടുത്ത എസ്ആർഐടി കമ്പനി കേരളം വിടുന്നതായി സൂചന. സർക്കാർ വിരുദ്ധ മാധ്യമങ്ങളും പ്രതിപക്ഷവും ചേർന്ന് സൃഷ്ടിച്ച തരം താഴ്ന്ന വിവാദങ്ങളിൽ മനം മടുത്താണിത്. സേഫ് കേരള പദ്ധതിയുമായി ബന്ധപ്പെടുത്തി ഉയർന്ന വിവാദങ്ങൾ വേദനിപ്പിക്കുന്നതായി എസ്ആർഐടി ചെയർമാർ മധു നമ്പ്യാർ പറഞ്ഞു. കേരളത്തിൽ ഇനി പ്രൊജക്ടുകൾ ഏറ്റെടുക്കാൻ സാധ്യതയില്ലെന്ന് അദ്ദേഹം പ്രതികരിച്ചു. മാധ്യമങ്ങളും പ്രതിപക്ഷവും നീചമായ വേട്ടയാടലാണ് നടത്തുന്നത്. മാധ്യമ – രാഷ്ട്രീയ വേട്ടയാടലിനെ തുടർന്നാണ് കേരളത്തിലെ നിക്ഷേപം നിർത്തുന്നതെന്നും മധു നമ്പ്യാർ പറഞ്ഞു.
കേരള സർക്കാരിൽ നിന്ന് കമ്പനിക്ക് ലഭിക്കുന്നത് മികച്ച പിന്തുണയാണ്. ഏതെങ്കിലും രീതിയിലുള്ള പ്രശ്നങ്ങൾ നേരിടേണ്ടി വരുന്നില്ല. കേരളത്തിൽ അടുത്ത വർഷം തുടങ്ങാനിരുന്ന 820 കോടിയുടെ പ്രൊജക്ടും ഉപേക്ഷിക്കുകയാണെന്ന് മധു നമ്പ്യാർ വ്യക്തമാക്കി. ആയിരത്തിലധികം തൊഴിലാളികൾ ജോലി ചെയ്യുന്ന സ്ഥാപനമാണ് എസ്ആർഐടി. സുതാര്യമായ ടെൻഡർ നടപടികളാണ് കേരളത്തിൽ ഉള്ളത്. അത് കണ്ടാണ് കെ ഫോണിലേക്കും വന്നത്. കമ്പനിക്ക് ഇത്തരം പദ്ധതികളിൽ പരിചയം ഇല്ലെന്നത് കള്ള പ്രചാരണമാണ്. ഇന്ത്യയിലെ 19 സംസ്ഥാനങ്ങളിൽ പദ്ധതികൾ ഏറ്റെടുത്ത് നടത്തുന്നുണ്ട്. പതിനെട്ടോളം രാജ്യങ്ങളിലും തങ്ങൾക്ക് പ്രൊജക്ടുകളുണ്ട്. കമ്പനിക്കെതിരെ തെറ്റായ പ്രചാരണം നടത്തുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കും. മാധ്യമ വേട്ടയാടൽ ഏറെ രൂക്ഷമായിരുന്നെന്നും, അത് മനസ് വിഷമിപ്പിച്ചുവെന്നും ചെയർമാൻ വ്യക്തമാക്കി.