തിരുവനന്തപുരം: സ്വാമി സന്ദീപാനന്ദ ഗിരിയുടെ ആശ്രമം കത്തിച്ച കേസില്‍ ബിജെപി തിരുവനന്തപുരം ജില്ലാ ജനറല്‍ സെക്രട്ടറിയും കോര്പറേഷന് കൗണ്‍സിലറുമായ ഗിരി കുമാറിനെ ക്രൈം ബ്രാഞ്ച് പിടികൂടി. ആര് എസ് എസ് മുന്‍ ജില്ലാ ബൗദ്ധിക് പ്രമുഖ് കൂടിയായ ഇയാള്‍ പിടിയിലായതോടെ ആശ്രമത്തിന് തീയിട്ടതിനു പിന്നിലെ ഉന്നതല ഗൂഢാലോചന വ്യക്തമായി. തീവെപ്പിലും സംഭവത്തിൻ്റെ ആസൂത്രണത്തിലും ഇയാളുടെ പങ്ക് വ്യക്തമാക്കുന്ന തെളിവുകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. പ്രതികളെ ഒളിപ്പിച്ചതിലും ഇയാളുടെ പങ്ക് വ്യക്തമായിട്ടുണ്ട്. കൂടുതല്‍ ഉന്നതരിലേക്കാണ് ഗിരി കുമാറിൻ്റെ അറസ്റ്റ് വിരല്‍ ചൂണ്ടുന്നത്.
ആശ്രമം കത്തിക്കലില്‍ മുഖ്യആസൂത്രകനും ആര് എസ് എസ് പ്രവര്‍ത്തകനുമായ ശബരി എസ് നാഥിനെ ക്രൈം ബ്രാഞ്ച് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. കുണ്ടമണ്‍കടവ് ഇലിപ്പോട് സ്വദേശിയാണ് ഇയാള്‍. ആശ്രമത്തിന് തീയിട്ടത് കേസിലെ ഒന്നാം പ്രതി ആത്മഹത്യ ചെയ്ത പ്രകാശനും ശബരിയും ചേര്‍ന്നാണെന്ന് വ്യക്തമായതിൻ്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. രണ്ടാം പ്രതി കൃഷ്ണകുമാറിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
ഒന്നാം പ്രതി കുണ്ടമണ്‍കടവ് സ്വദേശി പ്രകാശിൻ്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് നാല് ആര്‍എസ്എസ് പ്രവര്‍ത്തകരെ നേരത്തേ പൊലീസ് പിടികൂടിയിരുന്നു. ആശ്രമം കത്തിക്കല്‍ കേസിലടക്കം പങ്കാളികളായ ഇവരെ ചോദ്യം ചെയ്തപ്പോള്‍ ലഭിച്ച വിവരങ്ങളും ശാസ്ത്രീയ അന്വേഷണവുമാണ് ക്രൈംബ്രാഞ്ചിനെ പ്രതികളിലേക്ക് എത്തിച്ചത്. ആക്രമണത്തിന് ഉപയോഗിച്ച ബൈക്ക് പൊളിച്ച് വില്‍ക്കാനടക്കം നേതൃത്വം നല്കിയതും ശബരിയാണെന്ന് പൊലീസ് കണ്ടെത്തി.
ആര്‍എസ്എസുകാരായ കൃഷ്ണകുമാര്‍, സതികുമാര്‍, ശ്രീകുമാര്‍, രാജേഷ് എന്നിവരെ നേരത്തേ പൊലീസ് അറസ്റ്റുചെയ്തിരുന്നു. ഇവര്‍ക്കൊപ്പം ഈ പ്രതിയും സജീവമായി ഉണ്ടായിരുന്നതായി വ്യക്തമായി. സംഭവദിവസം രാത്രി പ്രതി പലരുമായും ആശയവിനിമയം നടത്തിയെന്നും തിരിച്ചറിഞ്ഞു. തുടര്‍ന്നാണ് ഇയാളെ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിച്ചത്. ആശ്രമം കത്തിക്കലില്‍ പ്രകാശിന് പങ്കുണ്ടായിരുന്നുവെന്നും ഇക്കാര്യത്തെച്ചൊല്ലിയുള്ള തര്‍ക്കമാണ് ആത്മഹത്യക്ക് കാരണമായതെന്നും സഹോദരന് പ്രശാന്ത് നല്കിയ മൊഴിയാണ് അന്വേഷണത്തില്‍ വഴിത്തിരിവായത്. ഇയാള്‍ പിന്നീട് മൊഴി മാറ്റിയെങ്കിലും ആദ്യം നല്കിയ മൊഴിക്ക് പിന്നാലെ സഞ്ചരിച്ച പൊലീസ് നിര്‍ണായക തെളിവുകള്‍ ശേഖരിച്ചു.