കോഴിക്കോട് : പെരുമ്പാവൂരില്‍ പ്ലൈവുഡ് കമ്പനിയില്‍ തീച്ചൂളയില്‍ വീണു മരിച്ച ബംഗാള്‍ സ്വദേശി നസീര്‍ ഹൊസ്സന്റെ കുടുംബത്തിന് സാധ്യമായ എല്ലാ സഹായവും നല്‍കുമെന്ന് തൊഴില്‍ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു.
നസീര്‍ ഹൊസ്സന്‍ കമ്പനിയില്‍ ജോലിയില്‍ പ്രവേശിച്ചിട്ട് 4 ദിവസം മാത്രമേ ആയിരുന്നുളളൂ എന്നാണ് എറണാകുളം ജില്ലാ ലേബര്‍ ഓഫീസറുടെ (എന്‍ഫോഴ്സ്മെന്റ് ) റിപ്പോര്‍ട്ടില്‍ പറയുന്നത്. സെക്യൂരിറ്റി ജോലിയാണ് ചെയ്തിരുന്നത്.
നസീറിന്റെ മൃതദേഹം സ്വദേശത്ത് എത്തിക്കുന്നതിന് ജില്ലാ ലേബര്‍ ഓഫീസര്‍ (എന്‍ഫോഴ്സ്മെന്റ്) തൊഴിലുടമയുമായി ആലോചിച്ച് വേണ്ട നടപടി സ്വീകരിക്കും. ജോലിക്കിടയില്‍ സംഭവിച്ച അപകടമരണം ആയതിനാല്‍ എംപ്ലോയീസ് കോമ്പന്‍സേഷന്‍ ആക്ട് പ്രകാരമുള്ള തൊഴിലാളികളുടെ നിയമാനുസൃത ആശ്രിതര്‍ക്ക് നഷ്ടപരിഹാരം ലഭിക്കുന്നതിനും നടപടികള്‍ സ്വീകരിച്ചുവരികയാണ്. കുടിയേറ്റ തൊഴിലാളി ക്ഷേമപദ്ധതി പ്രകാരം 2 ലക്ഷം രൂപയുടെ ആനുകൂല്യം കുടുംബത്തിന് ലഭ്യമാക്കാനും നടപടി സ്വീകരിച്ചതായി മന്ത്രി പറഞ്ഞു.