തിരുവനന്തപുരം : ഇരുചക്ര വാഹനങ്ങളിൽ രണ്ട് പേർക്ക് പുറമേ കുട്ടികളേയും ഇരുത്തി പോകുമ്പോഴുള്ള പിഴ ഒഴിവാക്കാൻ നിയമഭേദഗതിക്കായി സംസ്ഥാനഗതാഗത വകുപ്പ് കേന്ദ്രത്തെ സമീപിക്കും. ഇതിനായി ഗതാഗതമന്ത്രി ആന്റണി രാജു 10ന് ഉന്നതതല യോഗം വിളിച്ചു. പിഴ ഈടാക്കുന്ന നടപടി വലിയ പ്രതിഷേധങ്ങൾക്ക് വഴിവെച്ച സാഹചര്യത്തിലാണ് നടപടി.
ഇരുചക്രവാഹനത്തിൽ രണ്ട് പേർക്ക് മാത്രമേ യാത്ര ചെയ്യാനാകൂവെന്നാണ് കേന്ദ്ര മോട്ടോർവാഹന നിയമത്തിലെ വ്യവസ്ഥ. 12 വയസിൽ താഴെയുള്ള കുട്ടികൾക്ക് രക്ഷിതാക്കൾക്കൊപ്പം ഹെൽമെറ്റ് വെച്ച് യാത്ര ചെയ്യാനുള്ള അനുമതി നേടാനാണ് ശ്രമം.
ഉന്നതതല യോഗത്തിൽ ഉദ്യോഗസ്ഥരുടെ അഭിപ്രായം കൂടി പരിഗണിച്ച് തീരുമാനമെടുക്കുമെന്ന് മന്ത്രി ആന്റണി രാജു മാധ്യമ പ്രവർത്തകരോട് പറഞ്ഞു. കേരളത്തിൽ ഇരുചക്രവാഹനങ്ങൾ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. മാതാപിതാക്കൾക്കൊപ്പം ഇരുചക്രവാഹനത്തിൽ ഒരു കുട്ടിയെ കൊണ്ടുപോകാൻ അനുവദിക്കണമെന്നാണ് ആവശ്യം.
സംസ്ഥാനത്തിനു മാത്രമായി ഇക്കാര്യത്തിൽ ഒന്നും ചെയ്യാൻ കഴിയില്ല. കേന്ദ്ര മോട്ടോർ വാഹന നിയമത്തിൽ മാറ്റം വരണം. കേരളത്തിലെ പ്രത്യേക സാഹചര്യം കേന്ദ്രത്തിൽ ഉന്നയിച്ച് നിയമത്തിൽ നിയമഭേദഗതി വരുത്തുന്ന കാര്യമാണ് പരിഗണിക്കുന്നത്. 10ന് ഉദ്യോഗസ്ഥരുടെ യോഗത്തിൽ ഇക്കാര്യം വിലയിരുത്തും. യോഗത്തിന്റെ തീരുമാനം അനുസരിച്ച് കേന്ദ്രത്തെ സമീപിക്കും. റോഡ് ക്യാമറകളുടെ പരിശോധന സംബന്ധിച്ച പരാതികൾ സർക്കാർ പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.