മലയാളികളുടെ സ്വന്തം ഹാസ്യസാമ്രാട്ട് ഈ ലോകത്തോട് വിട പറഞ്ഞു. പ്രേക്ഷകരെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും കണ്ണ് നിറയ്ക്കുകയും ചെയ്ത മലയാളത്തിൻ്റെ ഇതിഹാസ താരമാണ് മാമുക്കോയ. ഹൃദയാഘാതത്തോടൊപ്പം തലച്ചോറിലുണ്ടായ രക്തസ്രാവമാണ് മലയാള സിനിമാ ലോകത്തിന് മറ്റൊരു തീരാ നഷ്ടം കൂടി സമ്മാനിച്ചത്. കോഴിക്കോടൻ ഭാഷയിലെ സംഭാഷണ ശൈലികളാൽ മലയാള സിനിമയെ കീഴടക്കിയ അതുല്യ പ്രതിഭയായിരുന്നു അദ്ദേഹം. ചാലിക്കണ്ടിയിൽ മുഹമ്മദിൻ്റെയും ഇമ്പിച്ചി ആയിശയുടേയും മകനായി 1946-ൽ കോഴിക്കോട് ജില്ലയിലെ പള്ളിക്കണ്ടിയിൽ ജനിച്ചു. ചെറുപ്പത്തിലേ മാതാപിതാക്കൾ മരിച്ചതിനാൽ ജ്യേഷ്ഠൻ്റെ സംരക്ഷണത്തിൽ വളർന്നു. കോഴിക്കോട് എം. എം. ഹൈസ്കൂളിൽ പത്താംക്ലാസ് വരെ പഠനം. ഈ കാലത്തു തന്നെ സ്കൂളിൽ നാടകങ്ങൾക്ക് നേതൃത്വം നൽകുകയും അഭിനയിക്കുകയും ചെയ്തു.
സ്കൂൾ വിദ്യാഭ്യാസത്തിന് ശേഷം കോഴിക്കോട് ജില്ലയിലെ കല്ലായിയിൽ മരം അളക്കലായിരുന്നു തൊഴിൽ. മരത്തിനു നമ്പറിടുക, ക്വാളിറ്റി നോക്കുക, അളക്കുക എന്നിവയായിരുന്നു ജോലി. ഈ തൊഴിലിൽ ഇദ്ദേഹം അഗ്രഗണ്യനായി തീരുകയും ചെയ്തു. ഇതോടൊപ്പം അഭിനയ മോഹവും നാടകവും നെഞ്ചിലേറ്റി. മലബാർ ഭാഗത്തെ നിരവധി നാടക- സിനിമാ പ്രവർത്തകരുമായുണ്ടായ സൗഹൃദം സിനിമയിലേയ്ക്കുള്ള ചവിട്ടു പടികളായിരുന്നു.
കെ ടി മുഹമ്മദ്, നിലമ്പൂർ ബാലൻ തുടങ്ങിയ നാടക പ്രവർത്തകർക്കൊപ്പമാണ് മാമുക്കോയ തൻ്റെ അഭിനയ ജീവിതം ആരംഭിക്കുന്നത്. നാടകം കേവലം കലാരൂപം മാത്രമല്ല സാമൂഹ്യ പ്രവർത്തനം കൂടിയായിരുന്ന ഈ ചങ്ങാതി സംഘമായിരുന്നു മാമുക്കോയയുടെ അഭിനയ കളരി. പിൽക്കാലത്ത് ഗൗരവമുള്ള കഥാപാത്രങ്ങൾ തന്നെ തേടിയെത്തിയപ്പോൾ ആ പാരമ്പര്യ മികവ് അനായസമായി പുറത്തെടുക്കുന്ന മാമുക്കോയയെയാണ് മലയാള സിനിമ കണ്ടത്. നിലമ്പൂർ ബാലൻ സംവിധാനം ചെയ്ത അന്യരുടെ ഭൂമി അദ്ദേഹത്തിൻ്റെ ആദ്യ ചിത്രം. പിന്നീട് സത്യൻ അന്തിക്കാടിൻ്റെ ഗാന്ധിനഗർ, സെക്കന്റ് സ്ട്രീറ്റ്, സൻമനസ്സുള്ളവർക്ക് സമാധാനം തുടങ്ങിയ ചിത്രങ്ങളിലൂടെ തിരക്കേറിയ നടനായി മാറി. ശേഷം, ശ്രദ്ധിക്കപ്പെട്ടത് ദൂരെ ദൂരെ ഒരു കൂടു കൂട്ടാം എന്ന ചിത്രത്തിലെ അറബി മുൻഷിയുടെ വേഷത്തിലൂടെയായിരുന്നു. സത്യൻ അന്തിക്കാട്, പ്രിയദർശൻ എന്നിവരുടെ സിനിമകളിലെ സ്ഥിരം സാന്നിധ്യമായിരുന്നു മാമുക്കോയ.
നാടോടിക്കാറ്റിലെ ഗഫൂർക്ക, സന്ദേശത്തിലെ കെ. ജി. പൊതുവാൾ, ചന്ദ്രലേഖയിലെ പലിശക്കാരൻ, വെട്ടത്തിലെ രാമൻ കർത്താ, രാംജിറാവു സ്പീക്കിംഗിലെ ഹംസക്കോയ, കൺകെട്ടിലെ കീലേരി അച്ചു, ഡോക്ടർ പശുപതിയിലെ വേലായുധൻ കുട്ടി, തലയണമന്ത്രത്തിലെ കുഞ്ഞനന്ദൻ മേസ്തിരി, ഹിസ് ഹൈനസ് അബ്ദുള്ളയിലെ ജമാൽ, പെരുമഴക്കാലത്തിലെ അബ്ദു, ഉസ്ദാത് ഹോട്ടലിലെ ഉമ്മർ, ആട് 2 ലെ ഇരുമ്പ് അബ്ദുള്ള, മരയ്ക്കാർ അറബിക്കടലിലെ സിംഹത്തിലെ അബൂബക്കർ ഹാജി, മിന്നൽ മുരളിയിലെ ഡോക്ടർ നാരായണൻ തുടങ്ങിയവയെല്ലാം മലയാളികൾക്ക് മറക്കാനാവാത്ത മുഖങ്ങളാണ്.
പെരുമഴക്കാലത്തിലെ അബ്ദുവിനെ അനശ്വരമാക്കിയതിന് 2004 ൽ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ മാമുക്കോയയ്ക്ക് പ്രത്യേക ജൂറി പരാമർശം ലഭിച്ചു. ഇന്നത്തെ ചിന്താവിഷയത്തിലെ അഭിനയത്തിന് 2008 ൽ മികച്ച ഹാസ്യനടനായി തെരഞ്ഞെടുക്കപ്പെട്ടു. മലയാളത്തിന് പുറമേ തമിഴ് ചിത്രങ്ങളിലും മാമുക്കോയ അഭിനയിച്ചിട്ടുണ്ട്. അരങ്ങേട്ര വേലൈ, കാസ്, കോബ്ര തുടങ്ങിയവയാണ് തമിഴ്ചിത്രങ്ങൾ. നാടകരംഗത്ത് നിന്ന് സ്വന്തമായ നാടൻ ശൈലിയിലൂടെ ബിഗ് സ്ക്രീനിൽ എത്തിയ നടൻ ഒരുപിടി നല്ല കഥാപാത്രങ്ങൾ സമ്മാനിച്ചാണ് നമ്മോട് വിടചൊല്ലിയത്.