ന്യൂഡൽഹി: ബഫർ സോൺ ഉത്തരവിൽ ഇളവ് അനുവദിച്ച് സുപ്രീം കോടതി. ബഫർ സോണിൽ നിർമ്മാണ പ്രവർത്തികൾ അടക്കമുള്ളവയ്ക്ക് ഏർപ്പെടുത്തിയ സമ്പൂർണ നിയന്ത്രണത്തിലാണ് സുപ്രീംകോടതി ഇളവ് നൽകിയിരിക്കുന്നത്.
നേരത്തെ ബഫർ സോൺ വിധിക്കെതിരെ കേരളം സുപ്രീം കോടതിയിൽ പുനഃപരിശോധന ഹർജി സമർപ്പിച്ചിരുന്നു. വിധി നടപ്പാക്കി നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയാൽ വലിയ പ്രത്യാഘാതം ഉണ്ടാകുമെന്ന് കേരളം ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഭരണഘടന ഉറപ്പ് നൽകുന്ന ജീവിക്കാനുള്ള അവകാശത്തെ ബാധിക്കുമെന്നും സംസ്ഥാന ചീഫ് സെക്രട്ടറിയാണ് സുപ്രീം കോടതിയിൽ പുനഃപരിശോധന ഹർജി ഫയൽ ചെയ്തത്. ബഫർ സോണിൽപ്പെടുന്ന ആളുകളെ മറ്റ് സ്ഥലങ്ങളിലേക്ക് മാറ്റി പുനരധിവസിപ്പിക്കാൻ കഴിയില്ലെന്നും സുപ്രീം കോടതി വിധി മംഗള വനത്തിന് സമീപത്തുള്ള ഹൈക്കോടതിയെയും ബാധിക്കുമെന്നും കേരളം ഹർജിയിൽ ചൂണ്ടിക്കാണിച്ചിരുന്നു.
മുൻ ഉത്തരവിൽ ഭേദഗതി വരുത്തുമെന്ന സൂചന ഈ കേസിലെ വാദത്തിനിടെ സുപ്രീംകോടതി നൽകിയിരുന്നു. ബഫർ സോൺ മേഖലയിൽ നിർമാണ പ്രവർത്തനങ്ങൾ പൂർണമായി വിലക്കുന്നത് പ്രായോഗികമല്ലെന്നും ജസ്റ്റിസ് ബി.ആർ ഗവായ് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചിരുന്നു. ബഫർ സോൺ വിഷയത്തിൽ നിർമാണങ്ങൾക്കുള്ള സമ്പൂർണ വിലക്ക് പ്രായോഗികമല്ലെന്നും സുപ്രീംകോടതി നിരീക്ഷിച്ചിരുന്നു. ബഫർ സോണിൽ ഭേദഗതി ആവശ്യപ്പെട്ട് കേന്ദ്രവും ഇളവുകൾ തേടി കേരളവും നൽകിയ അപേക്ഷകൾ പരിഗണിക്കുന്നതിനിടയിലായിരുന്നു ജസ്റ്റിസ് ഗവായിയുടെ നിരീക്ഷണം.