തിരുവനന്തപുരം: അവധി കഴിഞ്ഞ് മടങ്ങുന്നവരുടെ യാത്രാദുരിതം ഇരട്ടിയാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സുരക്ഷാക്രമീകരണം. വന്ദേഭാരത് ട്രെയിന്‍ സര്‍വീസിൻ്റെ ഫ്ളോഗ് ഓഫ് ചടങ്ങിനാണ് മോദി കേരളത്തിലെത്തുന്നത്. ഇതിന്റെ ഭാഗമായി ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ നിരവധി ട്രെയിനുകളുടെ സര്‍വീസുകളാണ് റദ്ദാക്കുകയോ, വൈകിയോടുകയോ ചെയ്യും. ചൊവ്വാഴ്ചയാണ് തിരുവനന്തപുരം സെന്‍ട്രലില്‍ വന്ദേ ഭാരത് എക്സ്പ്രസിൻ്റെ ഫ്ളാഗ് ഓഫിനായി മോദി എത്തുന്നത്.
തുടര്‍ന്ന് വെള്ളിയാഴ്ച മുതല്‍ തിരുവനന്തപുരം സെന്‍ട്രലിൻ്റെ ഒന്നാംപ്ലാറ്റ്ഫോമിലെ ഭക്ഷണശാലകള്‍ അടക്കം എല്ലാ കച്ചവടസ്ഥാപനങ്ങളും അടച്ചിട്ടു. ഇതോടെ യാത്രികരും ഏറെ ബുദ്ധിമുട്ടി. കൂടാതെ, സ്റ്റേഷൻ്റെ തമ്പാനൂര്‍ ഭാഗത്തെ വാഹനപാര്‍ക്കിങ്ങും ചൊവ്വാഴ്ചവരെ നിരോധിച്ചു. ഞായര്‍ മുതല്‍ ചൊവ്വ വരെ രണ്ട്, മൂന്ന് പ്ലാറ്റ്ഫോമുകളില്‍ നിന്ന് പുറപ്പെടുകയും എത്തിച്ചേരുകയും ചെയ്യേണ്ട ട്രെയിനുകളാണ് മോദിയുടെ സന്ദര്‍ശനത്തെ തുടര്‍ന്ന് ഭാഗികമായി റദ്ദാക്കിയത്.
യാത്രികര്‍ക്കും കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തും. ചടങ്ങുനടക്കുമ്പോള്‍ വന്ദേഭാരത് അല്ലാതെ മറ്റൊരുവണ്ടിയും ഓടുന്നതല്ല. ഒപ്പം ക്രിമിനല്‍ കേസുകളില്‍പ്പെട്ടവരെ തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഷനിലെ വിവിധ ജോലികളില്‍ നിന്ന് മാറ്റി നിര്‍ത്തി. ആയിരത്തോളം ജീവനക്കാരെ പലസ്റ്റേഷനുകളില്നിന്നും ശമ്പളവും ടിഎ യും നല്‍കിയാണ് ഫ്ളാഗ് ഓഫ് ചടങ്ങില്‍ എത്തിക്കുന്നത്.
ട്രെയിന്‍ സര്‍വീസുകള്‍ ഇങ്ങനെ
16630 മംഗളൂരു സെന്‍ട്രല്‍ –തിരുവനന്തപുരം സെന്‍ട്രല്‍ മലബാര്‍ എക്സ്പ്രസ് , 12623 ഡോ. എംജിആര്‍ ചെന്നൈ സെന്‍ട്രല്‍ –തിരുവനന്തപുരം സെന്‍ട്രല്‍ മെയിലും 16344 മധുര –തിരുവനന്തപുരം സെന്‍ട്രല്‍ –അമൃത എക്സ്പ്രസ് തിങ്കളാഴ്ചയും, 17230 സെക്കന്തരാബാദ് –തിരുവനന്തപുരം സെന്‍ട്രല്‍ ശബരി എക്സ്പ്രസ് ഞായറാഴ്ചയും കൊച്ചുവേളിയില്‍ യാത്ര അവസാനിപ്പിക്കും.
06423 കൊല്ലം–തിരുവനന്തപുരം സെന്‍ട്രല്‍ എക്സ്പ്രസ് തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ കഴക്കൂട്ടത്തും, 06430 നാഗര്‍കോവില്‍ –കൊച്ചുവേളി എക്സ്പ്രസ് സ്പെഷ്യല്‍ നേമത്തും യാത്ര അവസാനിപ്പിക്കും.
16629 തിരുവനന്തപുരം സെന്‍ട്രല്‍– മംഗളൂരു സെന്‍ട്രല്‍ എക്സ്പ്രസ് വൈകിട്ട് 6.45നും 12624 തിരുവനന്തപുരം സെന്‍ട്രല്‍ –ഡോ. എംജിആര്‍ ചെന്നൈ സെന്‍ട്രല്‍ മെയില്‍ പകല്‍ 3.05 നും കൊച്ചുവേളിയില്‍ നിന്നാകും പുറപ്പെടുക.
06424 തിരുവനന്തപുരം സെന്‍ട്രല്‍ –കൊല്ലം അണ്റിസര്വ്ഡ് സ്പെഷ്യല്‍ കഴക്കൂട്ടത്തുനിന്നാകും. ഈ ദിവസങ്ങളില്‍ 6.19 നും 06429 കൊച്ചുവേളി– നാഗര്‍കോവില്‍ എക്സ്പ്രസ് സ്പെഷ്യല്‍ നെയ്യാറ്റിന്‍കരയില്‍ നിന്ന് 2.30 നും പുറപ്പെടും. 12507 തിരുവനന്തപുരം സെന്‍ട്രല്‍ — സില്‍ച്ചാര്‍ എക്സ്പ്രസ് തിങ്കളാഴ്ച ഒന്നരമണിക്കൂര്‍ വൈകും.