കേരളത്തിലെ മുഖ്യധാര മാധ്യമങ്ങള്‍ വന്ദേ ഭാരത് കുളിച്ചോ, ഓടിയോ പറന്നോ, ഇഴഞ്ഞോ എന്ന് അന്വേഷിച്ച് ഉറക്കമില്ലാതെയുള്ള അലച്ചിലിലാണ്. കാരണം, പറക്കാന്‍ ഒരുങ്ങിയ സില്‍വര്‍ ലൈന്‍ പദ്ധതിക്ക് തുരങ്കം വെയ്ക്കുന്ന പ്രതിപക്ഷത്തിനൊപ്പം നിന്നവരാണ് ഇക്കൂട്ടര്‍. കേരളത്തിൻ്റെ മുഖം മാറ്റുന്ന കെ റെയിലിന്റെ ആവശ്യകത ജനങ്ങളിലേയ്ക്ക് എത്തിക്കേണ്ട കര്‍ത്തവ്യത്തില്‍ നിന്നാണ് ഈ മാധ്യമങ്ങള്‍ മാറി നിന്നത്. ഇവര്‍ ഇന്ന് ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ ടൂള്‍ മാത്രമായ വന്ദേ ഭാരതിൻ്റെ പിന്നാലെ കോലും കുത്തി ഓടുന്നത് തീര്‍ത്തും അപഹാസ്യമായി തീരുകയാണ്.
എന്താണ് ശരിക്കും വന്ദേ ഭാരത്, പുതിയ ഗതാഗത സംവിധാനമോ..? എത്ര വേഗതയില്‍ ഓടാന്‍ കഴിയും..? 80 കി.മീ വേഗതയിലാണ് ഓടാന്‍ സാധിക്കുന്നതെങ്കില്‍ സമാനമായി മറ്റ് ട്രെയിനുകള്‍ ഉള്ളപ്പോള്‍ വന്ദേ ഭാരതിന്റെ ആവശ്യകത എന്ത്…? വന്ദേ ഭാരത് വരുന്നതോടെ കേരളത്തിൻ്റെ യാത്രാ ദുരിതം തീരുമോ..? ഈ ചോദ്യങ്ങള്‍ക്കുള്ള കൃത്യമായ ഒരു മറുപടി മുഖ്യധാര മാധ്യമങ്ങളില്‍ നിന്നും പ്രതീക്ഷിക്കേണ്ടതില്ല. കാരണം, കെ റെയില്‍ എന്ന കേരളത്തിൻ്റെ അഭിമാന പദ്ധതി തകര്‍ക്കാനുള്ള കുത്തിത്തിരിപ്പിനൊപ്പമാണ് മാധ്യമങ്ങളുടെയും സഞ്ചാരം. അതിൻ്റെ പ്രതിഫലനമാണ് മനോരമയുടെ ‘നരേന്ദ്ര മോദിയുടെ സര്‍ജിക്കല്‍ സ്ട്രൈക്’ എന്ന തലക്കെട്ട്.
എന്താണ് വന്ദേ ഭാരത്..?
പുതിയൊരു ട്രെയിന്‍ എന്നതിലുപരി, പുതിയ പൊതുഗതാഗത സംവിധാനമല്ല വന്ദേ ഭാരത് ട്രെയിന്‍. മാധ്യമങ്ങളുടെ ഭാഷയിലെ പറക്കും വന്ദേ ഭാരത് തലശ്ശേരി, ഷൊര്‍ണൂര്‍, ചെങ്ങന്നൂര്‍, കായംകുളം, കൊല്ലം റെയില്‍വേ സ്റ്റേഷനുകളെ ആശ്രയിക്കുന്ന യാത്രക്കാര്‍ക്ക് ഉപകാരപ്പെടില്ല. രാവിലെയും വൈകീട്ടും അങ്ങോട്ടും ഇങ്ങോട്ടും ഓടാന്‍ ഒരു ട്രെയിനാണ് അനുവദിച്ചിരിക്കുന്നത്. യാത്ര ചെയ്യണമെങ്കില്‍ ആഴ്ചകള്‍ക്ക് മുന്‍പേ പ്ലാന്‍ ചെയ്ത് ടിക്കറ്റെടുക്കണം.
നിലവില്‍ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനുകള്‍ പിടിച്ചിട്ട്, പാത ഒഴിപ്പിച്ചാണ് വന്ദേ ഭാരത് സഞ്ചരിക്കുന്നത്. മറ്റ് ട്രെയിനുകള്‍ പിടിച്ചിടുന്നതോടെ യാത്രികരും ഏറെ ബുദ്ധിമുട്ടും. ഏറ്റവും അധികം വളവും തിരിവും ഉള്ള നിലവിലെ പാതയിലൂടെ സഞ്ചരിക്കുന്ന വന്ദേഭാരത്, ഇന്റര്‍സിറ്റി പോലെയോ രാജധാനി പോലെയോ ഉള്ള മറ്റൊരു ‘ ആഡംബര ‘ തീവണ്ടി മാത്രമാണ്. അതും ഇരട്ടി തുകയും നല്‍കണം. അന്നന്ന് ടിക്കറ്റെടുത്ത് യാത്ര ചെയ്യുന്ന മലയാളികള്‍ക്ക് വന്ദേ ഭാരത് യഥാര്‍ത്ഥത്തില്‍ ഉപകാരപ്രദമാണോ..?
വന്ദേ ഭാരതിന് കോഴിക്കോട്ടെത്താന്‍ വേണം 7 മണിക്കൂര്‍. ആ സമയം കൊണ്ട് ജനശതാബ്ദിക്ക് ഓടിയെത്താന്‍ സാധിക്കും. മോദി അധികാരത്തില്‍ വന്ന് 9 വര്‍ഷത്തിനുള്ളില്‍ അനുവദിച്ച ഒരെയൊരു ട്രെയിന്‍. രണ്ടാഴ്ച മുമ്പ് പാര്‍ലമെന്റില്‍ കേരളത്തിന് തല്ക്കാലം വന്ദേ ഭാരത് ഇല്ല എന്നാണ് കേന്ദ്രമന്ത്രി രേഖാമൂലം നല്കിയ മറുപടി. പൊടുന്നനെയുള്ള ഈ വരവിന് പിന്നിലെ നെറികെട്ട രാഷ്ട്രീയ ലക്ഷ്യം പകല്‍പോലെ വ്യക്തവുമാണ്.
എന്താണ് സില്‍വര്‍ ലൈന്‍..?
പുതിയൊരു ഗതാഗത സംവിധാനം. കേരളത്തെ മുഴുവന്‍ ഒരു സിറ്റി പോലെ കണക്ട് ചെയ്യുന്ന മറ്റൊരു മെട്രോ സര്‍വ്വീസ് പോലെയുള്ള യാത്രാ സംവിധാനം ആണ് കെ റെയില്‍. ദിവസവും അര മണിക്കൂര്‍ ഇടവിട്ടാണ് സര്‍വീസുകള്‍. കേരളത്തിന്റെ ഒരറ്റം മുതല്‍ മറ്റേ അറ്റം വരെ 14 സ്റ്റേഷനുകളാണ് കെ റെയിലിനുള്ളത്. കൂടാതെ യാത്രയ്ക്ക് തൊട്ട് മുന്നേ പോയി ടിക്കറ്റ് എടുത്ത് യാത്ര ചെയ്യാന്‍ സാധിക്കും. നിലവിലെ ട്രെയിന്‍ യാത്രയെ ഒരു തരത്തിലും ബാധിക്കാത്ത പുതിയ പാതയിലൂടെ അതിവേഗം പായും. കെ റെയില്‍ വളവുകള്‍ കുറഞ്ഞ അതിവേഗ പാത ആയതിനാല്‍ തന്നെ അത് വഴിയുള്ള ട്രെയിനുകള്‍ക്ക് പായുന്നതില്‍ യാതൊരു തടസവും നേരിടുന്നില്ല. കെ റെയില്‍ തിരുവനന്തപുരം -കണ്ണൂര്‍ മൂന്ന് മണിക്കൂര്‍ ഇരുപത് മിനിറ്റ് മാത്രമാണ് എടുക്കുന്ന സമയം.
ഉപകാരപ്പെടുന്ന പുതിയ ഗതാഗത സംവിധാനത്തിന് തുരങ്കമിട്ട്, പുതിയൊരു ട്രെയിനിനെ മാത്രം പൊക്കി കൊടുക്കുകയാണ് മുഖ്യധാര മാധ്യമങ്ങള്‍. മാധ്യമപ്രവര്‍ത്തനം പാദ സേവയും കുത്തിത്തിരിപ്പും മാത്രമായി തീരുകയാണെന്ന് പത്ര-ദ്യശ്യ മാധ്യമങ്ങളുടെ വന്ദേ ഭാരത് ട്രെയിന്‍ സ്തുതി തെളിയിക്കുന്നു.