കൊച്ചി: ബിജെപി ഭരണത്തിൽ ക്രൈസ്തവർ സുരക്ഷിതരാണെന്ന സിറോ മലബാർ സഭ ആർച്ച്ബിഷപ് കർദിനാൾ ജോർജ് ആലഞ്ചേരിയുടെ പ്രസ്താവനയ്ക്കെതിരെ രൂക്ഷവിമർശവുമായി സഭയുടെ എറണാകുളം-അങ്കമാലി അതിരൂപത മുഖപത്രം. ക്രൈസ്തവവേട്ടയ്ക്കെതിരെ ഡൽഹിയിൽ നടന്ന പ്രതിഷേധവും സുപ്രീംകോടതിയിൽ ബംഗളൂരു ആർച്ച്ബിഷപ് നൽകിയ ഹർജിയിലെ കേന്ദ്രസർക്കാർ നിലപാടും കാണാതെയാണോ പ്രസ്താവനയെന്ന് സത്യദീപം ചോദിച്ചു. ബിഷപ്പിൻ്റെ അഭിപ്രായത്തെക്കുറിച്ച് അഖിലേന്ത്യാ മെത്രാൻസമിതി (സിബിസിഐ) നിലപാട് വ്യക്തമാക്കണമെന്നും മുഖപ്രസംഗത്തിൽ ആവശ്യപ്പെട്ടു.
ഈസ്റ്റർ ദിനത്തിൽ ബിജെപി നേതാക്കൾ അരമനയിലും ക്രിസ്ത്യൻ വീടുകളിലും നടത്തിയ സന്ദർശനത്തിൻ്റെ രാഷ്ട്രീയം മതനിരപേക്ഷ കേരളത്തിന് മനസ്സിലാകുമെന്ന് മുഖപ്രസംഗം ഓർമ്മിപ്പിക്കുന്നു. സ്റ്റാൻസ്വാമി എങ്ങനെ കൊല്ലപ്പെട്ടെന്നും കാൻഡമാലിൽ എന്തുകൊണ്ടാണ് നീതി വൈകുന്നതെന്നും ഈസ്റ്റർ ദിനത്തിൽ വിരുന്നുവന്നവരോട് ചോദിക്കാതിരുന്ന മെത്രാൻമാരുടെ ‘രാഷ്ട്രീയമര്യാദ’യും അതിക്രമങ്ങൾക്കെതിരെ മൗനം തുടരുന്ന പ്രധാനമന്ത്രിയെ ഡൽഹി കത്തീഡ്രലിൽ പ്രാർഥനാഗീതം കേൾപ്പിച്ചുവിട്ട സഭാനേതൃത്വവും അതേ കുറ്റങ്ങളിൽ നിശബ്ദ പങ്കാളികളാണെന്നും മുഖപ്രസംഗം ചൂണ്ടിക്കാട്ടി.
2022ൽ മാത്രം രാജ്യത്ത് 598 അതിക്രമങ്ങൾ ക്രൈസ്തവർക്കെതിരെ നടന്നതിനെത്തുടർന്ന് 2023 ഫെബ്രുവരി 20ന് ഡൽഹിയിൽ ജന്തർമന്ദിറിൽ യുണൈറ്റഡ് ക്രിസ്ത്യൻ ഫോറത്തിൻ്റെ നേതൃത്വത്തിൽ നൂറുകണക്കിന് വിശ്വാസികൾ നടത്തിയ റാലി ബിഷപ് മറന്നോ..?. ഛത്തീസ്ഗഢിലെ നാരായൺപുരിൽ നൂറുകണക്കിന് ക്രൈസ്തവ വിശ്വാസികളാണ് ഹൈന്ദവ തീവ്രവാദ സംഘടനകളുടെ ഭീഷണിയെത്തുടർന്ന് നാടുവിട്ടത്. മധ്യപ്രദേശിൽ ജാബുവാ രൂപതയിൽ പൊലീസ് കാവലിലാണ് വിശുദ്ധവാരാചരണം നടത്തിയത്.
രാജ്യത്ത് ക്രൈസ്തവർക്കെതിരെ വർധിച്ചുവരുന്ന അതിക്രമങ്ങൾ ഉന്നയിച്ച് ബംഗളൂരു ആർച്ച്ബിഷപ് പീറ്റർ മച്ചാഡോ സുപ്രീംകോടതിയിൽ നൽകിയ ഹർജിയിൽ ആക്രമണങ്ങളെ ന്യായീകരിക്കുകയാണ് കേന്ദ്രസർക്കാർ ചെയ്ത തെന്നും മുഖപ്രസംഗത്തിൽ പറഞ്ഞു.