തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ സര്‍വ്വകലാശാലകളിലും സര്‍ക്കാര്‍ / എയ്ഡഡ് കോളേജുകളിലും അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനത്തിനുള്ള ഉയര്‍ന്ന പ്രായപരിധി അന്‍പത് വയസ്സാക്കിയതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ.ആര് ബിന്ദു അറിയിച്ചു. ശ്യാം ബി മേനോന് അധ്യക്ഷനായ ഉന്നതവിദ്യാഭ്യാസ പരിഷ്ക്കരണ കമ്മീഷൻ്റെ പ്രധാന ശുപാര്‍ശകളിലൊന്നാണ് നടപ്പാക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
സര്‍ക്കാര്‍ / എയ്ഡഡ് ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജുകളിലും, ട്രെയിനിംഗ് കോളേജുകളിലും, ലോ കോളേജുകളിലും, സംസ്കൃത കോളേജുകളിലും, അറബിക് കോളേജുകളിലും, വിവിധ സര്‍വ്വകലാശാലകളിലും അധ്യാപക നിയമനത്തിനുള്ള ഉയര്‍ന്ന പ്രായപരിധിയാണ് അന്‍പത് വയസ്സായി നിശ്ചയിച്ചത്.
നിലവില്‍ നാല്പത് വയസ്സാണ് ഉയര്‍ന്ന പ്രായപരിധി. എന്നാല്‍ അധ്യാപക നിയമനങ്ങള്‍ക്ക് ബാധകമായ യുജിസി മാനദണ്ഡങ്ങളില്‍ ഉയര്‍ന്ന പ്രായപരിധി നിഷ്ക്കര്‍ഷിക്കുന്നില്ല. ഇക്കാര്യത്തില്‍ കോളേജ് വിദ്യാഭ്യാസ ഡയറക്ടര്‍ നല്കിയ റിപ്പോര്‍ട്ടും കോളേജ് അധ്യാപക നിയമനങ്ങള്‍ക്ക് ഉയര്‍ന്ന പ്രായപരിധി ഒഴിവാക്കണമെന്ന സംസ്ഥാന ഉന്നതവിദ്യാഭ്യാസ കൗണ്‍സിലിൻ്റെ ശുപാര്‍ശയും പരിഗണിച്ചാണ് തീരുമാനം.
ഇതിനായി കൊളീജിയറ്റ് എഡ്യൂക്കേഷന്‍ സ്പെഷ്യല്‍ റൂള്‍സില്‍ ഉചിതമായ ഭേദഗതികള്‍ വരുത്തും. സര്‍വ്വകലാശാല സ്റ്റാറ്റിയൂട്ടുകളില്‍ ആവശ്യമായ ഭേദഗതി വരുത്തും. സര്‍വ്വകലാശാലകളിലെ അസ്സോസിയേറ്റ് പ്രൊഫസര്‍, പ്രൊഫസര്‍ തസ്തികകളിലെ നേരിട്ടുള്ള നിയമനത്തിനുള്ള ഉയര്‍ന്ന പ്രായപരിധി പൂര്‍ണ്ണമായും ഒഴിവാക്കാന്‍ യുജിസി ചട്ടങ്ങള്‍ക്കനുസരിച്ച് സര്‍വ്വകലാശാല നിയമങ്ങള്‍ ഭേദഗതി ചെയ്യാന്‍ നടപടികളെടുക്കണമെന്ന് സര്‍വ്വകലാശാലകളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനത്തിന് സര്‍വ്വകലാശാലകളിലും കോളേജുകളിലും പിഎച്ച്ഡി യും പോസ്റ്റ് ഡോക്ടറല്‍ ഫെല്ലോഷിപ്പും ഉള്ളവരെയാണ് പ്രധാനമായും പരിഗണിക്കാറ്. എന്നാല്‍ ഈ ഉയര്‍ന്ന ബിരുദങ്ങള്‍ നേടാന്‍ കൂടുതല്‍ സമയം വേണ്ടതിനാല്‍ നിലവിലെ പ്രായപരിധി ഇവര്‍ക്ക് നിയമനത്തിന് അപേക്ഷിക്കാന്‍ അവസരം നഷ്ടപ്പെടുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. ഇക്കാരണത്താല്‍ ഉയര്‍ന്ന ബിരുദമുള്ളവര്‍ക്ക് അധ്യാപന ജോലി നിഷേധിക്കപ്പെടുന്ന സാഹചര്യവുമുണ്ട്.
വിദേശ സര്‍വ്വകലാശാലകളില്‍ ഗവേഷകരായ മികച്ച യോഗ്യതയുള്ളവരെ കേരളത്തിലേയ്ക്ക് ആകര്‍ഷിക്കാന്‍ നിയമന പ്രായപരിധി മാറ്റുന്നത് സഹായകമാകും. വനിതാഉദ്യോഗാര്ത്ഥികള്ക്ക് നിലവിലെ സാഹചര്യത്തില്‍ ഉയര്‍ന്ന ബിരുദങ്ങള്‍ കരസ്ഥമാക്കാനാകാതെ കോളേജ് അധ്യാപക നിയമനത്തിന് അപേക്ഷിക്കാന്‍ കഴിയാത്ത സാഹചര്യവും ഇതോടെ മാറുമെന്ന് മന്ത്രി പറഞ്ഞു.