തിരുവനന്തപുരം: മൂന്നാർ പ്രദേശത്ത് സുസ്ഥിര വികസനം സാധ്യമാക്കുന്നതിനും അനധികൃത കൈയ്യേറ്റങ്ങളിലും നിർമ്മാണങ്ങളിലും ഉചിതമായ തീരുമാനമെടുക്കുന്നതിനും പ്രദേശത്തിൻ്റെ പാരിസ്ഥിതിക സവിശേഷതകൾ സംരക്ഷിക്കുന്നതിനുമായി മൂന്നാർ ഹിൽ ഏരിയ അതോറിറ്റി രൂപീകരിക്കും.
മന്ത്രിസഭായോഗ തീരുമാനങ്ങൾ
മൂന്നാർ, ദേവികുളം, മറയൂർ, ഇടമലക്കുടി, കാന്തലൂർ, വട്ടവട, മാങ്കുളം, ചിന്നക്കനാൽ പഞ്ചായത്തിലെ 8 ഉം 13 ഉം വാർഡുകൾ ഒഴിച്ചുള്ള മേഖലകൾ, പള്ളിവാസൽ പഞ്ചായത്തിലെ 4 ഉം 5 ഉം വാർഡുകൾ എന്നീ പഞ്ചായത്തുകളെ/പ്രദേശങ്ങളെ ഉൾപ്പെടുത്തി, കേരള ടൗൺ ആന്റ് കൺട്രി പ്ലാനിംഗ് ആക്ട്, 2016 വകുപ്പ് 51 ൽ നിഷ്കർഷിച്ച പ്രകാരമാണ് മൂന്നാർ ഹിൽ ഏരിയ അതോറിറ്റി രൂപീകരിക്കുക. അതോറിറ്റിയുടെ ഘടന അംഗീകരിച്ചു. അതിൻ്റെ ഭാഗമായി ഈ പ്രദേശങ്ങളെ ഒരു ജോയിന്റ് ആസൂത്രണ പ്രദേശമായി പ്രഖ്യാപിച്ച് ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിക്കും.
ജോയിന്റ് ആസൂത്രണ പ്രദേശത്തിന് മാസ്റ്റർപ്ലാൻ തയ്യാറാക്കുന്നതിന് ജോയിന്റ് ആസൂത്രണ കമ്മിറ്റി രൂപീകരിക്കും. 2021 ലെ കേരള നഗര-ഗ്രാമാസൂത്രണ (മാസ്റ്റർ പ്ലാൻ രൂപീകരണവും അനുമതി നൽകലും) ചട്ടം 27(2) പ്രകാരമുള്ള അംഗങ്ങൾ ഉൾപ്പെടുന്ന ജോയിന്റ് ആസൂത്രണ കമ്മിറ്റിയുടെ ഘടന അംഗീകരിച്ചു. മൂന്നാർ ഹിൽ ഏരിയ അതോറിറ്റിയുടെ രൂപീകരണം സംബന്ധിച്ച് വ്യവസ്ഥകൾ അംഗീകരിച്ചു. നിയമനങ്ങൾ കേരള കേരള ടൗൺ ആന്റ് കൺട്രി പ്ലാനിംഗ് ആക്ട് ചട്ടം പ്രകാരം നടത്തും.