തിരുവനന്തപുരം: ഇന്നസെന്റിൻ്റെ വേർപാട് സമൂഹത്തിൽ സൃഷ്ടിച്ച വേദനകൾക്കിടയിലും വാർത്തയിൽ കമ്മ്യൂണിസ്റ്റ് വിരുദ്ധവിഷം കലക്കി മനോരമ. എന്നും ഇടതുപക്ഷത്ത് അടിയുറച്ചു നിൽക്കുകയും കമ്മ്യൂണിസ്റ്റുകാരനായ അപ്പൻ്റെ പാത പിന്തുടർന്നതിനെക്കുറിച്ച് അഭിമാനത്തോടെ പറയുകയും ചെയ്യുന്ന ഇന്നസെന്റിനെയാണ് വിമോചന സമര പങ്കാളിയാക്കാൻ മനോരമ ശ്രമിച്ചത്. ഞാൻ ഇന്നസെന്റ് എന്ന ആത്മകഥാക്കുറിപ്പുകളിൽ വിമോചനസമരത്തെ കുറിച്ച് ഇന്നസെന്റ് വിവരിച്ചിട്ടുണ്ട്. അത് ഇങ്ങനെയാണ്.
“ഞാൻ പഴയ വിമോചന സമരത്തിലൊക്കെ പങ്കു വഹിച്ച ആളാണ്. ആ കഥ കേൾക്കണോ.
അന്ന് മാപ്രാണത്തെന്തോ വിശേഷ സംഭവം നടക്ക്ണ്ണ്ട്. വീട്ടീന്ന് ഞങ്ങളും പോയി. കൂട്ടത്തിൽ അമ്മാമയും ഉണ്ട്. ഞങ്ങളവിടെ ചെന്നപ്പോൾ റോഡിലൊക്കെയും നിറയെ ആളുകളാ. ഞാൻ അമ്മാമയോട് ചേർന്നാണ് നിന്നത്. കുറേക്കഴിഞ്ഞപ്പോൾ ഇരിങ്ങാലക്കുടയിലുള്ള ക്രിസ്ത്യാനിപ്പെണ്ണുങ്ങളും മറ്റു പെണ്ണുങ്ങളും പൂവും തേങ്ങയുമൊക്കെ ഓരോ പാത്രത്തിൽ വെച്ച് വെളിച്ചെണ്ണയൊഴിച്ച് തിരിയുമിട്ട് കത്തിച്ച് കൈയിൽ വെച്ച് രണ്ടു വരിയായിട്ടങ്ങനെ നടന്നു വരണു. അതിൻ്റെ പിന്നിലായി എന്തൊക്കെയോ തരം കളികൾ. അതിനു പിന്നിലായി ഒരു അരയന്നത്തിൻ്റെ രഥം . രഥത്തിൽ ഒരാളങ്ങനെ ഇരിക്കുന്നു. രഥത്തിൻ്റെ പുറകിലുമുണ്ട് തെയ്യം. അത്, ഇത് ഒക്കെ. ആകെ രസകരമായൊരു ഘോഷയാത്ര. മേളങ്ങളും ചെണ്ടേം ഒക്കെയുണ്ട് ട്ടോ. ഞാനാണെങ്കിൽ കൊല്ലത്തിലൊരിക്കൽ നടക്കാറുള്ള സെബസ്ത്യാനോസ് പുണ്യാളൻ്റെയും വറീതുപുണ്യാളൻ്റെയും പെരുന്നാളേ കണ്ടിട്ടുള്ളൂ.
എനിക്കതു കൊണ്ടൊരു സംശയം. ഇത് നമ്മുടെ കർദിനാളോ മറ്റോ ആവോ ?
രഥം അടുത്തു വന്നപ്പോൾ അമ്മാമ രഥത്തിലിരിക്കുന്ന ആളെ നോക്കി കുരിശു വരച്ചു. എന്നോടും വരയ്ക്കാൻ പറഞ്ഞു. ഞാനും വരച്ചു. അമ്മാമയോട് അതാരാ ന്നു ഞാൻ ചോദിച്ചു. കർദ്ദിനാളാണെന്ന് അമ്മാമ പറയുകയും ചെയ്തു. പിന്നെ കുരിശു വരയ്ക്കുന്നതു കൊണ്ട് കുഴപ്പമില്ലല്ലോ. ഞാൻ രണ്ടു മൂന്നു പ്രാവശ്യം അങ്ങ് വരച്ചു കൊടുത്തു.
പിന്നീടാണ് സംഭവത്തിൻ്റെ ഗുട്ടൻസ് പിടികിട്ടിയത്. അതും അപ്പനാ പറഞ്ഞു തന്നത്. മുണ്ടശേരി മാഷിൻ്റെ വിദ്യാഭ്യാസ ബില്ല് വന്ന കാലാ. ആ ബില്ലു പാസായാൽ ഇവിടെ ഓരോ ജാതിക്കാരുടെ കൊറേ സ്ഥാപനങ്ങൾക്ക് വല്യ കൊഴപ്പമാകുമത്രേ. മാപ്രാണത്തെ പീടികത്തിണ്ണയിലിരുന്ന് പല ആൾക്കാർക്കും അപ്പൻ ഇതേപ്പറ്റി വിവരിച്ചു കൊടുക്കുന്നത് ഞാൻ കേട്ടിട്ടുള്ളതാണ്.
കമ്മ്യൂണിസ്റ്റ് മിനിസ്ട്രിയെ മറിച്ചിടാനുള്ള കുതന്ത്രത്തിന്റെ ഭാഗമായി അച്ചന്മാർ രഥത്തിൽ കൊണ്ടുവന്നത് കർദിനാളെ അല്ല മന്നത്തു പത്മനാഭനെയായിരുന്നു.
അപ്പന് ആ പേരു കേട്ടാൽ കലിവരും. കലിവരാതിരിക്കോ? അപ്പൻ്റെ ജീവനാഡിയായ കമ്യൂണിസ്റ്റ് മന്ത്രിസഭയെ അല്ലേ അങ്ങോരും കൂട്ടരും കൂടീട്ട് തള്ളിയടാൻ നോക്കണെ. അവരൊക്കെ വിചാരിച്ച കൂട്ട് ആ മിനിസ്ട്രി അങ്ങനതന്നെ ഇടിഞ്ഞു പൊളിഞ്ഞങ്ങട്ടു താഴെ വീണു.
മന്നത്തു പത്മനാഭനു കുരിശു വരച്ചു എന്നുള്ളതാ വിമോചന സമരത്തിലുള്ള എൻ്റെ പങ്കാളിത്തം. അതും അമ്മാമയുടെ അനുഗ്രഹത്തോടെ. അമ്മാമ മാത്രമല്ല, ഇരിങ്ങാലക്കുടേലുള്ള പല തള്ളാരും മന്നത്തു പത്മനാഭനെ നോക്കി കുരിശു വരച്ചുന്നാ അപ്പൻ പറയണത്..”
ഈ ഇന്നസെന്റിനെയാണ് മനോരമ വിമോചന സമര സേനാനിയാക്കിയത്. കമ്മ്യൂണിസ്റ്റുകാർ കേരളത്തിൽ അധികാരത്തിൽ വന്നാൽ വിഷം കുടിച്ചു ചാവുമെന്നു പറഞ്ഞ മനോരമ കുടുംബത്തിൻ്റെ പിന്മുറക്കാരിൽ നിന്ന് ഇതി നപ്പുറം എന്തു പ്രതീക്ഷിക്കാൻ.