തിരുവനന്തപുരം: ജനാധിപത്യത്തിനെതിരെ സംഘപരിവാർ നടത്തുന്ന ഹിംസാത്മകമായ കടന്നാക്രമണത്തിൻ്റെ ഏറ്റവും പുതിയ അദ്ധ്യായമാണ് രാഹുൽ ഗാന്ധിയുടെ ലോക്സഭാ അംഗത്വം തിടുക്കപ്പെട്ട് റദ്ദാക്കിയ സംഭവമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രാഹുൽ ഗാന്ധി നടത്തിയ രാഷ്ട്രീയ പ്രസംഗത്തിൻ്റെ പേരിലാണ് അദ്ദേഹത്തിനെതിരെ കേസ് നൽകിയതും കോടതി വിധി മുൻനിർത്തി ലോക്സഭാംഗത്വത്തിനു അയോഗ്യത കല്പിച്ചതും.
എതിരഭിപ്രായങ്ങളെ അധികാരം ഉപയോഗിച്ചു അമർച്ച ചെയ്യുക എന്നത് ഫാസിസ്റ്റ് രീതിയാണ്. പ്രതിപക്ഷ കക്ഷിയുടെ പ്രധാന നേതാവിനെയാണ് ഇത്തരത്തിൽ ആക്രമിക്കുന്നത്. സ്വാഭിപ്രായം തുറന്നു പറയുന്ന സാധാരണ ജനങ്ങൾക്ക് ഇവിടെ എന്ത് രക്ഷ? ഭരണഘടനാ മൂല്യങ്ങൾക്ക് ഇവർ എന്ത് വിലയാണ് നൽകുന്നതെന്ന് മുഖ്യമന്ത്രി ചോദിക്കുന്നു.
ബിജെപി ഇതര സംസ്ഥാനങ്ങളിൽ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് നടത്തുന്ന രാഷ്ട്രീയ ഇടപെടലുകളിലും മനീഷ് സിസോദിയ, രാഹുൽ ഗാന്ധി എന്നിവർക്കെതിരായ കേസുകളിലും പ്രതികരിച്ച പ്രതിപക്ഷ എം പിമാരെ ഡൽഹിയിൽ അറസ്റ്റ് ചെയ്തതും ഇതിന്റെ മറ്റൊരു ഭാഗമാണ്. കേന്ദ്ര സർക്കാരിനെതിരെ പോസ്റ്റർ പതിച്ചതിൻ്റെ പേരിൽ ഡൽഹിയിൽ കൂട്ടത്തോടെ കേസെടുക്കുകയും അറസ്റ്റ് നടത്തുകയും ചെയ്തു. ഇതൊന്നും ജനാധിപത്യ സമൂഹത്തിനും നമ്മുടെ ഭരണഘടനയുടെ മൂല്യങ്ങൾക്കും നിരക്കുന്ന നടപടികളല്ലെന്നും മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.
വിമർശനങ്ങളോടുള്ള അതിരുവിട്ട അസഹിഷ്ണുത നമ്മുടെ ജനാധിപത്യത്തെ അപകടപ്പെടുത്തുകയാണ്. രാഹുൽ ഗാന്ധിക്കെതിരെ ഉണ്ടായ നടപടിയെ ഈ തിരിച്ചറിവിൻ്റെ വെളിച്ചത്തിൽ നോക്കിക്കാണാനും ശക്തമായി പ്രതികരിക്കാനും ജനാധിപത്യ വിശ്വാസികൾ ഒന്നടങ്കം മുന്നോട്ടു വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.