തിരുവനന്തപുരം: നല്ല ഭക്ഷണശീലങ്ങൾ എല്ലാവരും ഏറ്റെടുക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ജീവിതശൈലീ രോഗങ്ങൾ പ്രതിരോധിക്കേണ്ടത് പ്രധാനമാണെന്നും മന്ത്രി വ്യക്തമാക്കി. ചെറുധാന്യ വർഷം 2023ൻ്റെ ഭാഗമായി ഭക്ഷ്യ സുരക്ഷാ വകുപ്പ് സംഘടിപ്പിച്ച ചെറുധാന്യ ഭക്ഷ്യവിഭവ പ്രദർശന മത്സരവും ഏകദിന സെമിനാറും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
മറ്റേത് വിഭാഗങ്ങളേക്കാളും പോഷണ ഗുണമുള്ളതാണ് ചെറുധാന്യങ്ങൾ എന്ന ബോധ്യത്തിൻ്റെ അടിസ്ഥാനത്തിലാണ് 2023, ഐക്യരാഷ്ട്രസഭ ചെറുധാന്യങ്ങളുടെ വർഷമായി ആചരിക്കുന്നത്. ചികിത്സയേക്കാൾ പ്രധാനമാണ് രോഗപ്രതിരോധമെന്ന് മന്ത്രി പറഞ്ഞു. ഭക്ഷ്യ സുരക്ഷാ വകുപ്പിൻ്റെ ഗ്രിവൻസ് പോർട്ടൽ മന്ത്രി ഉദ്ഘാടനം ചെയ്തു.
പൊതുജനങ്ങൾക്ക് പരാതി നൽകാനും ആ പരാതിയിൽ നടപടി സ്വീകരിച്ചോ എന്നറിയാനും പരാതിയുള്ള സ്ഥാപനങ്ങളുടെ വീഡിയോകളും ഫോട്ടോകളും അപ് ലോഡ് ചെയ്യാനും സാധിക്കും. വി കെ പ്രശാന്ത് എംഎൽഎയുടെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ ഭക്ഷ്യ സുരക്ഷ കമ്മീഷണർ ഡോ. വീണ എൻ. മാധവൻ, മുസലിയാർ കോളേജ് പ്രിൻസിപ്പൽ ഡോ. കെകെ അബ്ദുൾ റഷീദ്, ഭക്ഷ്യസുരക്ഷാ ജോ. കമ്മീഷണർ എം.ടി. ബേബിച്ചൻ എന്നിവർ പങ്കെടുത്തു.