തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ലീനിയർ എൻഡോബ്രോങ്കിയൽ അൾട്രാസൗണ്ട് (EBUS), റേഡിയൽ എൻഡോബ്രോങ്കിയൽ അൾട്രാസൗണ്ട് മെഷീനുകൾ സ്ഥാപിക്കാൻ 1,09,92,658 രൂപ അനുവദിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ശ്വാസകോശ കാൻസർ നേരത്തെ കണ്ടുപിടിക്കാൻ കഴിയുന്ന ഈ നൂതന മെഷീനുകൾ പൾമണോളജി വിഭാഗത്തിലാണ് സ്ഥാപിക്കുന്നത്. ഇതോടെ സംസ്ഥാനത്ത് സർക്കാർ മേഖലയിൽ കോഴിക്കോട് മെഡിക്കൽ കോളേജിന് പുറമേ തിരുവനന്തപുരം മെഡിക്കൽ കോളേജിലും ഈ സംവിധാനം യാഥാർത്ഥ്യമാവുകയാണ്. ആർസിസിയിലെ രോഗികൾക്കും ഇത് സഹായകമാകും. പൾമണോളജി വിഭാഗത്തിൽ ഡി.എം. കോഴ്‌സ് ആരംഭിക്കാനുള്ള നടപടികൾ ത്വരിതപ്പെടുത്തുമെന്നും മന്ത്രി വ്യക്തമാക്കി.
ശ്വാസനാള പരിധിയിലുള്ള കാൻസർ കണ്ടെത്തുന്നതിന് സഹായിക്കുന്ന ഉപകരണങ്ങളാണ് ലീനിയർ ഇബസും റേഡിയൽ ഇബസും. ഈ മെഷീനുകളിലെ അൾട്രാസൗണ്ട് സംവിധാനത്തിലൂടെ മറ്റ് പരിശോധനകളിലൂടെ കണ്ടെത്താൻ കഴിയാത്ത അതിസൂക്ഷ്മമായ കാൻസർ പോലും കണ്ടെത്താനാകും, സ്വകാര്യ സ്ഥാപനങ്ങളിൽ 50,000ത്തോളം രൂപ ചെലവുവരുന്ന ഈ സംവിധാനം മെഡിക്കൽ കോളേജിൽ യാഥാർത്ഥ്യമാകുന്നതോടെ പാവപ്പെട്ട രോഗികൾക്ക് ഏറെ സഹായകരമാകും.