കോഴിക്കോട്: കാലിക്കറ്റ് യൂണിവേഴ്‌സിറ്റി തെരഞ്ഞെടുപ്പിൽ കെഎസ്‌യു വോട്ട് മറിച്ചെന്നാരോപിച്ച് യുഡിഎസ്എഫ് സഖ്യം പിരിഞ്ഞ് എംഎസ്‌എഫ്. വിദ്യാർഥി സംഘടന മുന്നണിയായ യുഡിഎസ്എഫ് കൺവീനർ സ്ഥാനം പി കെ നവാസ് രാജിവെച്ചു.
കാമ്പുസുകളിൽ ഇനി എംഎസ്എഫ് ഒറ്റയ്‌ക്ക് മത്സരിക്കാനും തീരുമാനമായി. എംഎസ്എഫിന് മാത്രമായി ഇരുന്നൂറിലധികം യുയുസിമാരെ ലഭിച്ച യൂണിവേഴ്‌സിറ്റി യൂണിയന് തെരഞ്ഞെടുപ്പിൽ യൂണിയൻ നഷ്‌ടപ്പെടാന് കാരണം കെഎസ്‌യു വോട്ടുമറിച്ചതാണെന്ന് ഇന്നലെ ചേർന്ന് എംഎസ്എസ് സംസ്ഥാന സെക്രട്ടറിയേറ്റിൽ അഭിപ്രായമുണ്ടായിരുന്നു.
തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെയാണ് എം.എസ്.എഫ് നേതാക്കൾ മുന്നണിക്കകത്ത് വോട്ട് ചോർച്ചയുണ്ടായെന്ന ആരോപണവുമായി രംഗത്തെത്തിയത്. കെ.എസ്.യു വോട്ടുകൾ കൃത്യമായി ലഭിച്ചില്ലെന്നാണ് എം.എസ്.എഫ് സംസ്ഥാന കമ്മിറ്റി ഭാരവാഹികളുടെ ഫേസ്ബുക്ക് പോസ്റ്റുകളിലെ വിമർശനം. മുന്നിൽ നിന്നും പിന്നിൽ നിന്നും വാരിക്കുഴികൾ നേരിട്ടുവെന്നായിരുന്നു പി.കെ നവാസിൻ്റെ തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെയുള്ള ഫേസ്ബുക്ക് പോസ്റ്റിലെ പരാമർശം.
സംസ്ഥാന ജനറൽ സെക്രട്ടറി സി കെ നജാഫിൻറെ ഫെസ്ബുക്ക് പോസ്റ്റിലും തെരഞ്ഞെടുപ്പ് തോൽവിക്ക് കാരണമായി കെഎസ് യുവിനെതിരെ പരോക്ഷ വിമർശനമുണ്ടായിരുന്നു. ട്രഷറർ അഷർ പെരുമുക്കും കെഎസ്യുവിനെതിരെ രംഗത്തെത്തി. പിന്നിൽ നിന്ന് കുത്തുന്ന കുലം കുത്തികൾക്ക് കാലം മാപ്പ് തരില്ലെന്നും, പാളയത്തിൽ പടയെ മനസ്സിലാക്കേണ്ടിയിരുന്നുവെന്നുമാണ് അഷർ പെരുമുക്ക് ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചത്.