കോഴിക്കോട്: കെപിസിസി പ്രസിഡന്റിൻ്റെയും ബിജെപി പ്രസിഡന്റിൻ്റെയും പേരിലെ ഇനീഷ്യൽ മാത്രമല്ല , മനസ്സും ഒന്നാണെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. കെപിസിസി പ്രസിഡന്റിൻ്റെയും ബിജെപി പ്രസിഡന്റിൻ്റെയും പ്രസ്താവനകൾ ഒറ്റ നോട്ടത്തിൽ വേർതിരിച്ചു കാണാനാവില്ലെന്നും റിയാസ് മാധ്യമങ്ങളോട് പറഞ്ഞു.
കേരളത്തിലെ സർക്കാറിനെ വലിച്ചു തഴെയിടും എന്ന് ബിജെപി പ്രസിഡന്റ് പറഞ്ഞതിന് പിന്നാലെ വിമോചന സമരം കൊണ്ട് വരും എന്ന് പ്രഖ്യാപിക്കുകയല്ലേ കെപിസിസി പ്രസിഡന്റ് ചെയ്തത്. ജവഹർലാൽ നെഹ്രുവിനെ കുറിച്ച് പോലും എന്താണ് സുധാകരൻ പറഞ്ഞത്. ബിജെപി സംസ്ഥാന പ്രസിഡന്റിനേക്കാൾ നന്നായി താൻ ആർ എസ് എസ് ശാഖക്ക് കാവൽ നിൽക്കുമെന്ന് പറഞ്ഞ വ്യക്തിയാണ് കെപിസിസി പ്രസിഡന്റ് .
കെപിസിസി പ്രസിഡന്റിൻ്റെ നിലപാടുകളെ അവരുടെ കോൺഗ്രസിലുളളവർ പോലും സ്വീകരിക്കുന്നില്ല. മത നിരപേക്ഷ മനസ്സുകൾക്ക് ഭൂരിപക്ഷമുള്ള കോൺഗ്രസിനെ ഇവർ എങ്ങോട്ടാണ് കൊണ്ട് പോകുന്നതെന്ന് റിയാസ് ചോദിച്ചു. രാഷ്ട്രീയത്തെ രാഷ്ട്രീയം കൊണ്ട് നേരിടാൻ കോൺഗ്രസ് നേതൃത്വം ദുർബലമാണെന്നും റിയാസ് പറഞ്ഞു.