തിരുവനന്തപുരം: എൽഡിഎഫ് സർക്കാരിന് അനുകൂലമായ കേരളത്തിലെ പൊതുബോധമാണ് ജാഥയിലെ വൻ ജനപങ്കാളിത്തമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ഒരുകാലത്തും നടക്കില്ലെന്ന് കരുതിയ കാര്യങ്ങൾ നടന്നതിലുള്ള സന്തോഷവും സംതൃപ്തിയുമാണ് ജനങ്ങളുടെ മുഖത്തുണ്ടായിരുന്നത്. ഇടതുപക്ഷത്തെ രാഷ്ട്രീയമായി എതിർക്കുന്നവർപോലും ജാഥയുടെ ഭാഗമായി. യുഡിഎഫ് ശക്തികേന്ദ്രങ്ങളിൽ ഉൾപ്പെടെ വൻ സ്വീകരണമാണ് ലഭിച്ചതെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
പിണറായി സർക്കാരിനെതിരെ വലതുപക്ഷവും മാധ്യമങ്ങളും നടത്തുന്ന അപവാദപ്രചാരണത്തിന് ജനങ്ങൾ വശംവദരാകുന്നില്ലെന്നതിൻ്റെ സൂചന കൂടിയാണിത്. സ്ത്രീകളുടെ വർധിച്ച പങ്കാളിത്തമാണ് ജാഥയിലെ ശ്രദ്ധേയമായ മറ്റൊരു കാര്യം. അതോടൊപ്പം കേരളത്തിൻ്റെ മുന്നോട്ടുള്ള വികസനത്തിന് തടയിടുന്നത് കേന്ദ്രം ഭരിക്കുന്ന മോദി സർക്കാരാണെന്നും അവർക്ക് പിന്തുണ നൽകുന്ന രാഷ്ട്രീയകുട്ടുകെട്ടായി കോൺഗ്രസിൻ്റെ നേതൃത്വത്തിലുള്ള യുഡിഎഫ് അധ:പതിച്ചുവെന്നും ജനങ്ങളെ നല്ല രീതിയിൽ ബോധ്യപ്പെടുത്താൻ ജാഥയ്ക്ക് കഴിഞ്ഞു.
അധ:സ്ഥിത , പിന്നോക്ക, ന്യുനപക്ഷ വിഭാഗങ്ങൾ സിപിഎമ്മിൽ വലിയ പ്രതീക്ഷയും വിശ്വാസവുമാണ് അർപ്പിക്കുന്നതെന്ന് ജാഥാ സ്വീകരണങ്ങൾ വ്യക്തമാക്കി. അരികുവൽക്കരിക്കപ്പെട്ടവർക്ക് അന്തസ്സാർന്ന ജീവിതം പ്രധാനം ചെയ്യുന്നതിൽ എൽഡിഎഫ് സർക്കാർ കാട്ടിയ അർപ്പണബോധവും ശുഷ്കാന്തിയുമാണ് ഇതിന് കാരണം. പട്ടയവിതരണം, ലൈഫ്മിഷൻ, പുനർഗേഹം, ക്ഷേമ പെൻഷനുകൾ, ബീറ്റ് ഫോറസ്റ്റ് ഓഫീസർ നിയമനം തുടങ്ങിയ പദ്ധതികൾ സമൂഹത്തിലുണ്ടാക്കിയ ആഴത്തിലുള്ള ചലനങ്ങൾ നേരിട്ട് ബോധ്യധ്യപ്പെടുത്തുന്നതാണ് ആ വിഭാഗത്തിൽ പെട്ട ജനങ്ങളുടെ വിപുലമായ പങ്കാളിത്തം.
ജനസംഖ്യയിൽ പകുതിയോളം വരുന്ന സ്ത്രീകൾക്ക് സാമ്പത്തിക സ്വാശ്രയത്വം നേടാനും സുരക്ഷിത ജീവിതം പ്രദാനം ചെയ്യാനും എൽഡിഎഫ് സർക്കാരിന് കഴിയുന്നുണ്ടെന്നതിൻ്റെ വിളംബരമാണ് ജാഥാ സ്വീകരണ കേന്ദ്രങ്ങളിലെ വർധിച്ച സ്ത്രീ പങ്കാളിത്തം.
യുവാക്കളും കുട്ടികളും വൻതോതിൽ ജാഥയിൽ പങ്കെടുത്തതും വരും തലമുറയെയും നല്ല രീതിയിൽ സ്വാധീനിക്കാൻ സിപിഐ എമ്മിന് കഴിയുന്നു എന്നതിൻ്റെ തെളിവാണ്. കേരളത്തെ സൊമാലിയയോട് താരതമ്യപ്പെടുത്തിയ പ്രധാനമന്ത്രി മോദിക്കും കേരളത്തെ സൂക്ഷിക്കണമെന്ന് ആക്ഷേപിച്ച കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാക്കുമുള്ള മറുപടിയാണ് രാഷ്ട്രപതി ദ്രൗപദി മുർമുവിൻ്റെ വെള്ളിയാഴ്ചത്തെ പ്രസംഗമെന്നും അദ്ദേഹം ചുണ്ടിക്കാട്ടി.
സ്ത്രീശാക്തീകരണത്തിലും സ്ത്രീവിദ്യാഭ്യാസത്തിലും തിളക്കമാർന്ന മാതൃകയാണ് കേരളമെന്നാണ് പ്രഥമ കേരള സന്ദർശനത്തിൽ രാഷ്ട്രപതി ദ്രൗപദി മുർമു പറഞ്ഞത്. അത് കേരളത്തെ ആക്ഷേപിക്കുന്ന പ്രധാനമന്ത്രി മോദിക്കും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാക്കുമുള്ള മറുപടികുടിയാണ്. എല്ലാ മതവിശ്വാസികളും സൗഹാർദ്ദത്തോടെ ഒന്നിച്ചു കഴിയുന്ന നാടാണ് കേരളമെന്നും രാഷ്ട്രപതി പറഞ്ഞു.
കേരളത്തിൽ പാവപ്പെട്ട മനഷ്യർക്ക് സാമൂഹ്യ സുരക്ഷാ പെൻഷൻ നൽകുന്നതിന് പെട്രാളിനും ഡീസലിനും രണ്ട് രൂപ സെസിനെതിരെ സമരം നടത്താൻ ആഹ്വാനം ചെയ്ത കെപിസിസി നേതാക്കൾക്ക് അവർ ഭരിക്കുന്ന ഹിമാചൽപ്രദേശിൽ പശുക്കളെ സംരക്ഷിക്കാനായി മദ്യത്തിന് കുപ്പിക്ക് 10 രൂപ സെസ് ചുമത്തിയതിനെക്കുറിച്ച് എന്താണ് പറയാനുള്ളതെന്നും അദ്ദേഹം ചോദിച്ചു.