കോട്ടയം: കൊച്ചി കോർപറേഷൻ മുൻ മേയറും കോൺഗ്രസ് നേതാവുമായ ടോണി ചമ്മിണിക്ക് വക്കിൽ നോട്ടീസ് അയച്ച് മുതിർന്ന സിപിഎം നേതാവ് വൈക്കം വിശ്വൻ. മാലിന്യ നിർമാർജന പദ്ധതികളുടെ ഭാഗമായി ബയോമൈനിങ്ങിന് കൊച്ചി കോർപറേഷൻ കരാർ നൽകിയതുമായി ബന്ധപ്പെട്ട് മുൻ മേയർ ടോണി ചമ്മിണി സത്യവിരുദ്ധവും അടിസ്ഥാനരഹിതവുമായ ആരോപണങ്ങൾ ഉന്നയിച്ചു എന്ന് കാണിച്ചാണ് വക്കിൽ നോട്ടീസ് അയച്ചത്.
ടോണി ചമ്മിണി സത്യവിരുദ്ധമായ കാര്യങ്ങൾ മനപ്പൂർവ്വം മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയാണ്. ഇപ്രകാരമുള്ള വ്യാജ പ്രചാരണങ്ങൾ തൻ്റെ രാഷ്ട്രീയ ജീവിതത്തിൽ കരിനിഴൽ വീഴ്ത്തുന്നതും വ്യക്തിഹത്യ ചെയ്യുന്നതുമാണെന്ന് അഡ്വ. വി ജയപ്രകാശ് മുഖേന അയച്ച നോട്ടീസിൽ വൈക്കം വിശ്വൻ വ്യക്തമാക്കി.
കോർപറേഷൻ കോൺട്രാക്ട് നൽകിയത് യോഗ്യതയില്ലാത്ത കമ്പനിക്കാണെന്നും സിപിഐ എം മുൻ കേന്ദ്രകമ്മിറ്റി അംഗമെന്ന സ്വാധീനത്തിൽ മരുമകന് കരാർ നേടിക്കൊടുത്തുവെന്നും സത്യവിരുദ്ധമായ ആരോപണമാണ് ടോണി ചമ്മിണി ഉന്നയിക്കുന്നത്. 14 ദിവസത്തിനുള്ളിൽ ഈ പ്രസ്താവനകൾ തിരുത്തി പരസ്യമായി മാപ്പുപറഞ്ഞ് ഒരു കോടി രൂപ നഷ്ടപരിഹാരവും നൽകണം. ഇല്ലെങ്കിൽ നിയമ നടപടികളുമായി മുന്നോട്ടുപോകുമെന്ന് നോട്ടീസിലൂടെ അറിയിച്ചു.