തിരുവനന്തപുരം: രാജ്യത്തെ പ്രമുഖ പത്രസ്ഥാപന ഗ്രൂപ്പായ ദൈനിക് ഭാസ്കറിൽ നിന്ന് 5000 ടൺ പത്രക്കടലാസിൻ്റെ ഓർഡർ കെപിപിഎല്ലിന് ലഭിച്ചതായി മന്ത്രി പി രാജീവ്. ആദ്യലോഡ് കടലാസ് കയറ്റി അയച്ചതായും അദ്ദേഹം അറിയിച്ചു. കേരളത്തിൻ്റെ അഭിമാനസ്ഥാപനമായി മാറാൻ കുതിക്കുന്ന കെപിപിഎൽ ഇതിനോടകം ഏകദേശം 11 കോടി രൂപയുടെ വിറ്റുവരവ് കൈവരിച്ചതായും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക് കുറിപ്പ്:
രാജ്യത്തെ പ്രമുഖ പത്രസ്ഥാപന ഗ്രൂപ്പായ ദൈനിക് ഭാസ്കറിൽ നിന്ന് 5000 ടൺ പത്രക്കടലാസിൻ്റെ ഒരു വലിയ ഓർഡർ കേരളത്തിൻ്റെ സ്വന്തം കെപിപിഎല്ലിന് ലഭിച്ചത് സന്തോഷത്തോടെ അറിയിക്കുന്നു. ഇവിടേക്കുള്ള ആദ്യലോഡ് കടലാസുകൾ ഇന്ന് കയറ്റി അയക്കാനും സാധിച്ചിട്ടുണ്ട്.
കേരളത്തിൻ്റെ അഭിമാനസ്ഥാപനമായി മാറാൻ കുതിക്കുന്ന കെപിപിഎൽ ഇതിനോടകം ഏകദേശം 11 കോടി രൂപയുടെ വിറ്റുവരവ് കൈവരിച്ചുവെന്നത് മികച്ച നേട്ടമാണ്. ഈ സാമ്പത്തിക വർഷം അവസാനിക്കുന്നതിന് മുൻപ് 40 കോടി രൂപയുടെ വിറ്റുവരവ് കൈവരിക്കുവാൻ സാധിക്കുമെന്നാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്. വാണിജ്യാടിസ്ഥാനത്തിൽ പ്രവർത്തനമാരംഭിച്ച് രണ്ട് മാസത്തിനുള്ളിൽ കേരളത്തിനകത്തും പുറത്തുമുള്ള നിരവധി പത്രങ്ങൾക്ക് കടലാസ് നൽകുവാൻ സ്ഥാപനത്തിന് കഴിഞ്ഞിട്ടുണ്ട്. അടുത്ത രണ്ട് മാസത്തിനുള്ളിൽ പൂർണമായ ഉൽപാദനക്ഷമത കൈവരിക്കുന്നതോടെ പ്രതിവർഷം 1,00,000 ടൺ പത്രക്കടലാസ് നിർമ്മിക്കാൻ സാധിക്കുന്ന സ്ഥാപനമായി കെപിപിഎൽ മാറും.