കൊച്ചി: മുഖ്യമന്ത്രിക്കെതിരെ അധിക്ഷേപ പ്രസംഗവുമായി കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ. കോൺഗ്രസ് നേതൃത്വത്തിൽ കൊച്ചി കോർപറേഷൻ ഓഫീസിനു മുന്നിൽ നടത്തിയ അക്രമ സമരം ഉദ്ഘാടനം ചെയ്യുമ്പോഴായിരുന്നു സുധാകരൻ്റെ ആഭാസ പ്രസംഗം.
മുഖ്യമന്ത്രിയെ ഹീനമായ ഭാഷയിൽ അധിക്ഷേപിച്ച സുധാകരൻ പോലീസുദ്യോഗസ്ഥർക്കെതിരെയും ഭീഷണി മുഴക്കി. പോലീസുകാർ എവിടെ പോയാലും അവിടം വരെ വന്ന് തല്ലാൻ നട്ടെല്ലുള്ളവർ കോൺഗ്രസിൽ ഉണ്ടെന്ന് ഓർക്കണമെന്നായിരുന്നു ഭീഷണി.
ബ്രഹ്മപുരത്തിൻ്റെ പേരിലാണ് എറണാകുളം ഡിസിസി നേതൃത്വത്തിൽ കോർപറേഷൻ ഓഫീസ് ഉപരോധിച്ചത്. കൊലവിളിയുമായി എത്തിയ കോൺഗ്രസ് പ്രവർത്തകർ ജീവനക്കാരെയും പോലീസിനെയും ആക്രമിച്ചു. വഴിയാത്രക്കാരും അക്രമത്തിനിരയായി. ഡിസിസി പ്രസിഡണ്ട് മുഹമ്മദ് ഷിയാസ് പോലീസുദ്യോഗസ്ഥരുടെ കാൽ തല്ലിയൊടിക്കുമെന്ന് ഭീഷണി മുഴക്കി. ബ്രഹ്മപുരം തീപ്പിടുത്തവും മാലിന്യക്കൂമ്പാരം രൂപപ്പെട്ടതും സംബന്ധിച്ച് വിജിലൻസ് അന്വേഷണം ഉൾപ്പെടെ പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണ് കോൺഗ്രസിൻ്റെ അക്രമ സമരം. സമരത്തിൻ്റെ മറവിൽ കലാപത്തിനൊരുങ്ങിയാണ് കോൺഗ്രസുകാർ എത്തിയത്.