തിരുവനന്തപുരം: കെ- ഫോൺ പദ്ധതി മോണിറ്റൈസ് ചെയ്യുന്നതിനുള്ള മാർഗ്ഗങ്ങൾ പരിശോധിക്കുന്നതിന് നിയോഗിച്ച ഐടി സെക്രട്ടറി കൺവീനറായ ആറംഗ സമിതി സമർപ്പിച്ച നിർദേശങ്ങൾ അംഗീകരിക്കാൻ മന്ത്രിസഭ തീരുമാനിച്ചു. മാനേജ്മെൻറ് ചുമതല കെ-ഫോൺ ലിമിറ്റഡിൽ നിക്ഷിപ്തമാക്കി മറ്റ് പ്രവർത്തനങ്ങൾ ഔട്ട്സോഴ്സ് ചെയ്യതുകൊണ്ടുള്ള പ്രൊപ്രൈറ്റർ മാതൃക കെ ഫോൺ പദ്ധതിക്ക് സ്വീകരിക്കും.
സർക്കാർ ഓഫീസുകൾക്ക് ഇൻറർനെറ്റ് കണക്ഷൻ ലഭ്യമാക്കുന്നതിന് ഒപ്റ്റിക്കൽ നെറ്റ് വർക്ക് ടെർമിനൽ (ഒ.എൻ.ടി.) വരെയുള്ള പ്രവർത്തനവും പരിപാലനവും (ഓപ്പറേഷൻ & മെയ്ൻറനൻസ്), സിസ്റ്റം ഇന്റഗ്രേറ്ററായ ബി.ഇ.എൽ. (ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ്) മുഖേന കെ-ഫോൺ ഉറപ്പുവരുത്തണം. സർക്കാർ ഓഫീസുകളിൽ ലാൻ (LAN), വൈഫൈ സേവനങ്ങൾ ലഭ്യമാക്കുന്നതിനുള്ള ഏജൻസികളെ എംപാനൽ ചെയ്തിട്ടുണ്ടെന്ന് കെ.എസ്.ഐ.ടി.ഐ.എൽ. ഉറപ്പു വരുത്തണം.
ഇൻറർനെറ്റും ഇൻട്രാനെറ്റും ലഭ്യമാക്കുന്നതിന് എല്ലാ സർക്കാർ ഓഫീസുകളോടും വെവ്വേറെ ബില്ലുകൾ അടയ്ക്കാൻ ആവശ്യപ്പെടുന്നതിനു പകരം, സർക്കാർ കെ-ഫോൺ ലിമിറ്റഡിന് മൊത്തമായോ ത്രൈമാസ തവണകളായോ പേയ്മെൻറായി തുക നൽകും.
30,000 സർക്കാർ സ്ഥാപനങ്ങളുടെ ഒപ്റ്റിക്കൽ നെറ്റ് വർക്ക് ടെർമിനൽ (ഒ.എൻ.ടി.) വരെയുള്ള പ്രവർത്തനവും പരിപാലനവും (ഓപ്പറേഷൻ & മെയ്ന്റനൻസ്) മാത്രമാണ് സിസ്റ്റം ഇന്റഗ്രേറ്ററായ ബി.ഇ.എൽ. (ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ്) കൈകാര്യം ചെയ്യുന്നത്. അതിൽ കൂടുതൽ ഉപഭോക്താക്കൾക്ക് സേവനം ലഭ്യമാക്കുന്നതിന് ഒരു മാനേജ്ഡ് സർവീസ് പ്രൊവൈഡറിൻ്റെ (എം.എസ്.പി.) വൈദഗ്ദ്ധ്യം ആവശ്യമാണ്. കെ-ഫോൺ ലിമിറ്റഡിൻ്റെ സാങ്കേതികവും വാണിജ്യപരവുമായ ദൈനംദിന പ്രവർത്തനങ്ങളിൽ സഹായിക്കുന്നതിനായി, ടെൻഡർ പ്രക്രിയയിലൂടെ, ഒരു മാനേജ്ഡ് സർവീസ് പ്രൊവൈഡറെ (എം.എസ്.പി.) തെരഞ്ഞെടുക്കും.
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങൾക്ക് സൗജന്യമായി ഇൻറർനെറ്റ് ലഭ്യമാക്കുന്ന പദ്ധതിയുടെ ടെൻഡർ കാലാവധി അഞ്ച് വർഷത്തേക്ക് ദീർഘിപ്പിക്കുന്നതിനുള്ള സാധ്യത ടെൻഡർ വ്യവസ്ഥകളുടെ അടിസ്ഥാനത്തിൽ പരിശോധിക്കും.
സാങ്കേതിക നവീകരണം, സുരക്ഷ എന്നിവ ഉൾപ്പെടെയുള്ള എല്ലാ സാങ്കേതിക വിഷയങ്ങളിലും കെ-ഫോൺ ബോർഡിന് ഉപദേശം നൽകുന്നതിനായി ഡിപ്പാർട്ട്മെൻറ് ഓഫ് ടെലികമ്യൂണിക്കേഷൻസിൽ നിന്നുള്ള അംഗത്തെ കൂടി ഉൾപ്പെടുത്തി നിലവിലുള്ള ടെക്നിക്കൽ കമ്മിറ്റിയെ ശാക്തീകരിക്കും. കെ – ഫോൺ പദ്ധതിയുടെ ഉദ്ദേശലക്ഷ്യങ്ങൾ നേടുന്ന രീതിയിലായിരിക്കണം പ്രവർത്തനം നിർവ്വഹിക്കേണ്ടതെന്നും തീരുമാനിച്ചു.
ഗവ. പ്ലീഡർ
തൃശ്ശൂർ ജില്ലാ ഗവ. പ്ലീഡർ & പബ്ലിക് പ്രോസിക്യൂട്ടറായി കെ. ബി. സുനിൽ കുമാറിനെ നിയമിക്കാൻ തീരുമാനിച്ചു.
മുൻകാല പ്രാബല്യം
ട്രാവൻകൂർ കൊച്ചിൻ കെമിക്കൽസ് ലിമിറ്റഡിലെ ഓഫീസർ കാറ്റഗറിയിൽപ്പെട്ട ജീവനക്കാർക്ക് അനുവദിച്ച ശമ്പള പരിഷ്കരണ പ്രകാരമുളള അലവൻസുകൾക്ക് 01.04.2017 മുതൽ പ്രാബല്യം നൽകാൻ തീരുമാനിച്ചു.
സിഡിറ്റിലെ അഞ്ച് ശാസ്ത്ര വിഭാഗങ്ങളിൽപ്പെടുന്ന സി.എസ്.ഐ.ആർ സ്കെയിലിൽ ശമ്പളം വാങ്ങുന്ന ജീവനക്കാർക്ക് എഴാം ശമ്പള പരിഷ്ക്കരണത്തിൻറെ ഭാഗമായുള്ള കൗൺസിൽ ഓഫ് സൈൻറിഫിക്ക് ആൻറ് ഇൻറസ്ട്രിയൽ റിസർച്ച് ( സി.എസ്.ഐ.ആർ) സ്കെയിലുകൾ നിബന്ധനകളോടെ അനുവദിക്കാൻ തീരുമാനിച്ചു. പുതുക്കിയ ശമ്പള സ്കെയിലുകൾക്ക് 2016 ജനുവരി ഒന്ന് മുതൽ പ്രാബല്യം ഉണ്ടാകും.
കാലാവധി ദീർഘിപ്പിച്ചു
കേരള സ്റ്റേറ്റ് സ്റ്റാറ്റിസ്റ്റിക്കൽ കമ്മീഷൻറെ കാലാവധി 14.03.2023 മുതൽ 13.03.2024 വരെ ഒരു വർഷത്തേക്ക് ദീർഘിപ്പിക്കാൻ തീരുമാനിച്ചു.
തസ്തിക
കേരള സ്റ്റേറ്റ് ആലൈഡ് ആൻറ് ഹെൽത്ത് കെയർ കൗൺസിൽ ചട്ടങ്ങൾ 2023 അംഗീകരിച്ച് വിജ്ഞാപനം പുറപ്പെടുവിപ്പിക്കാൻ തീരുമാനിച്ചു. കൗൺസിൽ പ്രവർത്തനങ്ങൾക്കായി 9 തസ്തികകൾ സൃഷ്ടിക്കും.
കൊല്ലം തലവൂർ ദേവി വിലാസം ഹയർ സെക്കൻററി സ്കൂളിൽ കൊമേഴ്സ് ബാച്ചിന് എച്ച്.എസ്.എസ്.റ്റി ജൂനിയറിൻറെ ഒരു തസ്തികയും, എച്ച്.എസ്.എസ്.റ്റി-യുടെ 3 തസ്തികകളും സൃഷ്ടിക്കാൻ തീരുമാനിച്ചു.
നിയമനം
കേരള സ്പെയ്സ് പാർക്കിൻ്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി ജി.ലെവിനെ നിയമിക്കാൻ തീരുമാനിച്ചു. 3 വർഷത്തേക്കാണ് നിയമനം.
ധനസഹായം സ്വീകരിക്കുന്നതിന് അംഗീകാരം
റീബിൽഡ് കേരള ഇനിഷ്യേറ്റീവിന് കീഴിൽ റെസിലിയൻറ് കേരള പ്രോഗ്രാം ഫലപ്രാപ്തിയധിഷ്ഠിത (Resilient Kerala Programme for Results) വായ്പാ പദ്ധതിയുടെ ഭാഗമായി ലോകബാങ്കിൽ നിന്നും 150 ദശലക്ഷം ഡോളർ അധിക ധനസഹായം സ്വീകരിക്കുന്നതിന് അംഗീകാരം നൽകി.
വായ്പ സ്വീകരിക്കുന്നത് സംബന്ധിച്ച് പരസ്പരാലോചനകൾ നടത്തുക, സംസ്ഥാന സർക്കാരിനു വേണ്ടി പ്രോഗ്രാം കരാറിൽ ഒപ്പു വയ്ക്കുക എന്നിവ ഉൾപ്പെടെയുള്ള അനന്തര നടപടികൾ സ്വീകരിക്കുന്നതിന് അഡീഷണൽ ചീഫ് സെക്രട്ടറി & സി.ഇ.ഒ, ആർ.കെ.ഐയെ ചുമതലപ്പെടുത്തും.
കരട് അംഗീകരിച്ചു
1971 ലെ കേരള സ്വകാര്യ വനങ്ങൾ ( നിക്ഷിപ്തമാക്കലും പതിച്ചു കൊടുക്കലും) നിയമം ഭേദഗതി ചെയ്യുന്നതിന് തയ്യാറാക്കിയ 2023 ലെ കേരള സ്വകാര്യ വനങ്ങൾ ( നിക്ഷിപ്തമാക്കലും പതിച്ചു കൊടുക്കലും) ഭേദഗതി ബില്ലിൻറെ കരട് അംഗീകരിച്ചു. ഈ നിയമസഭാ സമ്മേളനത്തിൽ അവതരിപ്പിക്കും.