കണ്ണൂർ: അപകീർത്തികരമായ ആരോപണം ഉന്നയിച്ച സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന് വക്കീൽ നോട്ടീസ് അയച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ഒരു കോടി രൂപ നഷ്ടപരിഹാരവും ആരോപണം പിൻവലിച്ച് മാപ്പ് പറയണമെന്നുമാണ് നോട്ടീസിലെ ആവശ്യം. തളിപ്പറമ്പിലെ അഭിഭാഷകൻ നിക്കോളാസ് ജോസഫ് മുഖേനയാണ് നോട്ടീസ് അയച്ചത്.
മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരായ മുഴുവൻ ആരോപണവും പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഫലമായി 30 കോടി രൂപ വാഗ്ദാനം ചെയ്തും എം വി ഗോവിന്ദനു വേണ്ടി വിജയ്പിള്ളയെന്നാൾ സമീപിച്ചുവെന്നായിരുന്നു സ്വപ്ന സുരേഷിന്റെ ആരോപണം. ഇംഗ്‌ളീഷിലും മലായളത്തിലുമുള്ള പത്രങ്ങൾ ഈ ആരോപണം പ്രസിദ്ധീകരിക്കുകയും ചാനലുകൾ വാർത്ത സംപ്രേഷണം ചെയ്യുകയും ചെയ്തു.
വ്യക്തിപരമായി അധിക്ഷേപിക്കുകയും അപകീർത്തിപ്പെടുത്തുകയും ചെയ്യുക എന്ന ഉദ്ദേശത്തോടെയാണ് ഈ ആരോപണം ഉന്നയിച്ചതെന്ന് നോട്ടീസിൽ പറയുന്നു. തികച്ചും വസ്തുതാ വിരുദ്ധവും തെറ്റായതുമായ ഈ ആരോപണം നിരുപാധികം പിൻവലിച്ച് മാപ്പ് പറയുന്നതായി രണ്ട് പ്രമുഖ മലയാള പത്രങ്ങളിലും മുഴുവൻ ചാനലുകളിലും അറിയിപ്പ് നൽകണമെന്നും നോട്ടീസിൽ ആവശ്യപ്പെട്ടു.