തിരുവനന്തപുരം: ഇന്ദിരാഗാന്ധി നാഷണൽ ട്രൈബൽ യൂണിവേഴ്സിറ്റിയിൽ മലയാളി വിദ്യാർത്ഥികൾക്ക് നേരെ അക്രമം കാണിച്ച സുരക്ഷാ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ഉന്നതവിദ്യാഭ്യാസ- സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു മധ്യപ്രദേശ് ഉന്നതവിദ്യാഭ്യാസ മന്ത്രിക്ക് കത്തയച്ചു. സർവ്വകലാശാലാ ക്യാമ്പസിനുള്ളിലെ നിയന്ത്രിത പ്രദേശത്തുള്ള കുടിവെള്ള ടാങ്കിൽ കയറിയതിനാണ് കുട്ടികളെ കൈയ്യേറ്റം ചെയ്തത്.
കുട്ടികൾ ചെയ്തത് പെരുമാറ്റച്ചട്ട ലംഘനമാണെങ്കിലും അതവരെ ശാരീരികമായി ആക്രമിക്കുന്നതിന് ഒരിക്കലും ന്യായമല്ലെന്ന് മന്ത്രി ഡോ.മോഹൻ യാദവിനയച്ച കത്തിൽ മന്ത്രി പറഞ്ഞു. സംഭവത്തിനു പിന്നിലെ വംശീയ-വിഭാഗീയ മനസ്സും ഒരിക്കലും പൊറുപ്പിച്ചുകൂടാത്തതാണ്. നീചമായ ഈ അക്രമപ്രവൃത്തിക്ക് രാജ്യത്തെ ഒരു നിയമത്തിൻ്റെയും അഗീകാരമില്ലെന്നും മന്ത്രി പറഞ്ഞു.
മധ്യപദേശ് സർക്കാർ ഒരിക്കലും അതിനു കൂട്ടുനിൽക്കില്ലെന്നു കരുതുന്നു. ക്യാമ്പസിലെ കേരളീയ വിദ്യാർത്ഥി സമൂഹത്തിന്റെ ആത്മവിശ്വാസം വീണ്ടെടുക്കുന്നതിനു പ്രത്യേക പരിഗണന നൽകണമെന്ന് മന്ത്രി അഭ്യർത്ഥിച്ചു.