ആധുനിക നിലവാരത്തിൽ കോട്ടയത്ത് എട്ട് റോഡുകൾ ഒരുമിച്ച് പൂർത്തിയാകുന്നുവെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ്. കോട്ടയം, ഏറ്റുമാനൂർ നിയോജകമണ്ഡലങ്ങളിലൂടെ കടന്നുപോകുന്ന 20.197 കി.മീ റോഡാണ് ആധുനിക നിലവാരത്തിൽ പുനരുദ്ധരിക്കുന്നതെന്ന് മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. ഇതോടെ തിരക്കേറിയ അക്ഷരനഗരിയായ കോട്ടയത്തിന്റെ മുഖച്ഛായ തന്നെ മാറ്റിയെഴുതിയിരിക്കുകയാണ്.
സംസ്ഥാന സർക്കാരിൻ്റെ റീബിൽഡ് കേരള ഇനീഷ്യേറ്റീവ് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിക്കുന്ന കോട്ടയം ജില്ലയിലെ എട്ട് റോഡുകളുടെ നിർമ്മാണ പ്രവൃത്തി അവസാനഘട്ടത്തിലേക്ക് എത്തിയിരിക്കുകയാണ്. 121 കോടി രൂപ ചെലവഴിച്ച് പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള കെഎസ്ടിപി നടപ്പിലാക്കുന്ന പ്രവൃത്തിയിൽ 90 ശതമാനം പ്രവൃത്തി പൂർത്തിയായിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു.
പാരിസ്ഥിതിക ആഘാതം കുറയ്ക്കുന്നതിനായി മെറ്റീരിയൽ പുനരുപയോഗം ഉൾപ്പെടുന്ന ടാറിംഗ് പ്രവൃത്തി, സ്ഥിരമായി വെളളക്കെട്ടുണ്ടാകുന്ന ഭാഗങ്ങളിൽ പേവ്മെന്റ് ക്വാളിറ്റി കോൺക്രീറ്റ് എന്നീ നൂതന സംവിധാനങ്ങൾ ഉൾപ്പെടുത്തി അത്യാധുനിക നിലവാരത്തിലാണ് പ്രവൃത്തികൾ നടപ്പിലാക്കിയിരിക്കുന്നത്.
റോഡുകളുടെ ടാറിംഗ്, ഇരുവശത്തും ഓടകൾ, സുരക്ഷാക്രമീകരണങ്ങൾ, നടപ്പാത തുടങ്ങിയ പ്രവൃത്തികൾ ഇതിനകം പൂർത്തീകരിച്ചിട്ടുണ്ട്. പരിപ്പ് പാലത്തിൻ്റെ പ്രവൃത്തി അതിവേഗം പുരോഗമിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു. എംസി റോഡിൽ നിന്നും കോട്ടയം മെഡിക്കൽ കോളേജിലേക്ക് പോകാനായി ഉപയോഗിക്കുന്ന പ്രധാന പാതയായ ഗാന്ധിനഗർ – മെഡിക്കൽ കോളേജ് റോഡ്, മെഡിക്കൽ കോളേജ് ഭാഗത്തെ തിരക്കുകളൊഴിവാക്കി പോകാൻ സാധിക്കുന്ന ബാബു ചാഴികാടൻ റോഡ്, കുടയംപടി – പരിപ്പ് റോഡ്, മാന്നാനം – കൈപ്പുഴ റോഡ്, മാന്നാനം – പുലിക്കുറിശ്ശേരി റോഡ്, കൈപ്പുഴ – അതിരമ്പുഴ റോഡ്, അതിരമ്പുഴ – പാറോലിക്കൽ റോഡ്, അതിരമ്പുഴ വേദഗിരി റോഡ് എന്നിവയാണ് പുനരുദ്ധരിച്ചിരിക്കുന്നത്.