കണ്ണൂരോ തൃശ്ശൂരോ എടുക്കുന്നതിൽ കുഴപ്പമില്ലെന്ന് സുരേഷ് ഗോപിക്ക് മറുപടിയുമായി എം.വി. ഗോവിന്ദൻ മാസ്റ്റർ. കണ്ണൂർ ആർക്കാണ് എടുത്ത് കൂടാത്തത്, മൂന്നാം സ്ഥാനമോ നാലാം സ്ഥാനമോ എടുക്കാം. എടുക്കുന്നതിൽ കുഴപ്പമൊന്നുമില്ലെന്ന് അദ്ദേഹം പരിഹസിച്ചു. അറയ്ക്കൽ ബീവിയെ കെട്ടാൻ പകുതി സമ്മതമാണ്. ആർക്ക്? കെട്ടാൻ തീരുമാനിച്ചയാൾക്ക്. പക്ഷെ ബീവിക്ക് സമ്മതമല്ല, അതാണ് കാര്യം.
ഇത്തരം ഡയലോഗ് കൊണ്ടൊന്നും കേരളത്തിൽ രക്ഷപ്പെടില്ലെന്ന് എംവി ഗോവിന്ദൻ പറഞ്ഞു. രണ്ട് സീറ്റിൽ മത്സരിച്ച ചരിത്രം ഇവിടെയുണ്ടല്ലോ എന്നും അദ്ദേഹം ഓർമ്മപ്പെടുത്തി. സിനിമാ ഡയലോഗുകൾ തട്ടിവിട്ടാൽ ജയിക്കാൻ കഴിയുമെന്നാണ് സുരേഷ് ഗോപിയുടെ വിചാരം. അത് കേരളം അംഗീകരിക്കില്ല. ഇവിടെ ജയിക്കുമെന്ന് എല്ലാ തെരഞ്ഞെടുപ്പിലും ബിജെപി പറയാറുണ്ട്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ 30 സീറ്റ് നേടിയാൽ സർക്കാരുണ്ടാക്കുമെന്ന് പറഞ്ഞവരാണ് ബിജെപിക്കാർ.
എന്നിട്ട് ഉണ്ടായിരുന്ന സീറ്റും പോയി, ഉണ്ടായിരുന്ന വോട്ട് ശതമാനവും കുറഞ്ഞുവെന്നും എംവി ഗോവിന്ദൻ വ്യക്തമാക്കി. വർഗീയ ലഹളയും കലാപമില്ലാതെ സമാധാനത്തോടെ ജനങ്ങൾ ജീവിക്കുന്ന സംസ്ഥാനമാണ് കേരളം. ഇന്ത്യയിൽ ഏറ്റവും സുരക്ഷിത സംസ്ഥാനം കേരളമാണ്. കേരളം സുരക്ഷിതമല്ലെന്ന് ആക്ഷേപിച്ച, മഹാബലിയെ പോലും ചവിട്ടി താഴ്ത്താൻ ആഹ്വാനം ചെയ്ത ബിജെപിയെ പിന്തുണക്കാൻ അഭിമാനബോധമുള്ള ഒരു കേരളീയനും തയ്യാറാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.