കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം ത്രിപുരയിൽ നടക്കുന്നത് ബിജെപിയുടെ ഗുണ്ടാരാജെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. സംസ്ഥാനത്ത് ക്രമസമാധാന നില തകർന്നു. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയർത്താൻ പാർട്ടി പ്രവർത്തകർ തയ്യാറാകണമെന്നും ജനകീയ പ്രതിരോധ ജാഥയുടെ ഭാഗമായി കോട്ടയത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
സിപിഎം രാജ്യസഭാ കക്ഷി നേതാവ് എളമരം കരീമിൻ്റെ നേതൃത്വത്തിലുള്ള സംഘത്തിന് നേരേയാണ് ത്രിപുരയിലെ ബിശാൽഗഡിൽ ആക്രമണം ഉണ്ടായത്. എംപിമാർ സഞ്ചരിച്ച ഒരു വാഹനം കത്തിച്ചു, രണ്ട് വാഹനങ്ങൾ തകർത്തു. അർധഫാസിസ്റ്റ് ഭീകരവാഴ്ചയെ ഓർമിപ്പിക്കുന്നതാണ് പ്രതിപക്ഷത്തിനുനേരേ ത്രിപുരയിൽ നടക്കുന്ന ആക്രമണങ്ങൾ. ബിജെപിയുടെ ഗുണ്ടാരാജാണ് ഇപ്പോൾ നടക്കുന്നത്. ക്രമസമാധാന നില തകർന്നിരിക്കുകയാണ്.
എംപിമാരുടെ സംഘത്തിന് പോലും ആക്രമണം നേരിടേണ്ടിവരുന്നെങ്കിൽ സാധാരണ പാർട്ടി പ്രവർത്തകരുടെ പ്രവർത്തനസ്വാതന്ത്ര്യം എന്തായിരിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളൂവെന്ന് എംവി ഗോവിന്ദൻ പറഞ്ഞു. എംപിമാരുടെ സംഘത്തെ കാണാൻ വിസമ്മതിക്കുന്ന ഗവർണർ സത്യദേവ് നാരായൺ ആര്യയുടെ സമീപനവും പ്രതിഷേധാർഹമാണ്. ത്രിപുരയിൽ ജനാധിപത്യം കശാപ്പ് ചെയ്യപ്പെടുകയാണ്.
ക്രമസമാധാനതകർച്ചയുടെ വ്യാപ്തി നേരിട്ട് മനസ്സിലാക്കാനും പാർലമെന്റിൽ അവതരിപ്പിക്കാനുമാണ് സിപിഎം, കോൺഗ്രസ് എംപിമാർ ത്രിപുരയിലെത്തിയത്. നേരിയ ഭൂരിപക്ഷത്തിന് അധികാരം നിലനിർത്തിയ ബിജെപി, ഉയിർത്തെഴുന്നേൽക്കുന്ന ഇടതുപക്ഷത്തെ തകർക്കാനാണ് പ്രതിപക്ഷ പാർടി ഓഫീസുകൾക്ക് നേരേയും പ്രവർത്തകരുടെ കടകൾക്കും വീടുകൾക്കും നേരേയും അക്രമം അഴിച്ചുവിട്ടിരിക്കുന്നത്. കടകളും വീടുകളും വ്യാപകമായി അഗ്നിരയാക്കുകയാണ്.
2018 ൽ ബിജെപി സഖ്യം വിജയിച്ചപ്പോഴും ഈ രീതിയിൽ ആക്രമണങ്ങൾ അഴിച്ചുവിട്ടിരുന്നു. എന്നാൽ ഇതുകൊണ്ടൊന്നും സിപിഎമ്മിനെയോ ഇടതുപക്ഷത്തെയൊ തകർക്കാനായില്ലെന്ന് മാത്രമല്ല ബിജെപിയുടെ മുന്നേറ്റത്തെ തടയാനും ഇടതുപക്ഷത്തിന് കഴിഞ്ഞു. അതിലുള്ള അരിശമാണ് പ്രതിപക്ഷ വേട്ടയിലുടെ ബിജെപി പ്രകടിപ്പിക്കുന്നത്.
വേനൽക്കാലത്ത് ഉപഭോഗം കൂടുമ്പോൾ സംസ്ഥാനം ആശ്രയിക്കേണ്ട ഹൈപ്പവർ എക്സ്ചേഞ്ചിൽ നിന്നുള്ള വൈദ്യുതി നിരക്ക് 50 രൂപയാക്കി വർധിപ്പിക്കാനുള്ള കേന്ദ്ര സർക്കാരിൻ്റെ തീരുമാനം പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വൈദ്യുതി നിരക്ക് കുത്തനെ വർധിക്കാൻ ഇടയാക്കുന്നതാണ് ഈ തീരുമാനം. കോർപറേറ്റുകളുടെ കീശ വീർപ്പിക്കാനായി സാധാരണ ഉപഭോക്താക്കളുടെ കീശ കാലിയാക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്. ഇത് പ്രതിഷേധാർഹമാണ്. പെട്രോളിനും പാചകവാതകത്തിനും കുത്തനെ നിരക്ക് വർധിപ്പിച്ച കേന്ദ്രം വൈദ്യുതി നിരക്കും കൂട്ടുന്നതിനെ ന്യായീകരിക്കാനാവില്ല. നിലവിൽ പവർ എക്സ്ചേഞ്ചിൽ നിന്ന് 12 രൂപ നിരക്കിലാണ് സംസ്ഥാനം വൈദ്യുതി വാങ്ങുന്നത്.
ഇത് ഹൈപവർ എക്സേഞ്ചിൽ നിന്നും 50 രൂപ നിരക്കിൽ വാങ്ങണമെന്നാണ് കേന്ദ്രത്തിന്റെ തിട്ടൂരം. പവർ എക്സ്‌ചേഞ്ചിന് കീഴിൽ കേന്ദ്രം പുതുതായി രൂപീകരിച്ചതാണ് ഹൈപ്പവർ എക്സ്ചേഞ്ച്. ഇതിൽ വരുന്ന വൈദ്യുതി നിലയങ്ങൾ പൂർണമായും വൻകിട കോർപറേറ്റുകളുടേതാണ്. ഇവരുടെ ലാഭം കൂട്ടാനാണ് നിരക്ക് 50 രൂപയാക്കുന്നത്. അതോടൊപ്പം പവർ എക്സേഞ്ചുകൾ ഉൽപാദനം കുറച്ച്, കൃത്രിമ ക്ഷാമമുണ്ടാക്കി ഹൈപവർ എക്സേഞ്ചിൽ നിന്നും വൈദ്യുതി വാങ്ങാനാണ് കേന്ദ്രം സംസ്ഥാനങ്ങളെ നിർബന്ധിക്കുന്നതെന്നും എംവി ഗോവിന്ദൻ പറഞ്ഞു.