തിരുവനന്തപുരം: സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിൽപ്പെട്ട പാചക തൊഴിലാളികളുടെ ഓണറേറിയം രണ്ടാഴ്ചക്കകം വിതരണം ചെയ്യുമെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു.
സംസ്ഥാനത്തെ 13,611 തൊഴിലാളികളാണുള്ളത്.
പ്രവൃത്തി ദിനം 600 മുതൽ 675 രൂപ വരെയാണ് ഓണറേറിയം നൽകുന്നത്. ശരാശരി 20 പ്രവൃത്തി ദിനങ്ങൾ വരുന്ന ഒരു മാസത്തിൽ 12,000/- രൂപ മുതൽ 13,500/- രൂപ വരെ ഒരു തൊഴിലാളിക്ക് ലഭിക്കും. ഇന്ത്യയിൽ മറ്റൊരു സംസ്ഥാനത്തും സ്കൂൾ പാചക തൊഴിലാളികൾക്ക് ഇത്രയും ഉയർന്ന ഓണറേറിയം ലഭിക്കുന്നില്ല. 1000/- രൂപ ഓണറേറിയമായി നൽകാനാണ് കേന്ദ്ര സർക്കാർ നിർദേശം.
കേന്ദ്രാവിഷ്കൃത പദ്ധതി ആയതിനാൽ കേന്ദ്ര വിഹിതവും കൂടി ചേർത്താണ് തൊഴിലാളികൾക്ക് ഓണറേറിയം നൽകുന്നത്. എന്നാൽ രണ്ടാം ഗഡു വിഹിതം അനുവദിക്കുന്നതിൽ കേന്ദ്ര സർക്കാർ കാലതാമസം വരുത്തുന്നതിനാൽ തൊഴിലാളികൾക്ക് അർഹതപ്പെട്ട കൂലി നൽകാനാവാത്ത സ്ഥിതിയുണ്ട്.
നടപ്പു വർഷം ഉച്ചഭക്ഷണ പദ്ധതിയ്ക്ക് ആകെ 292.54 കോടി രൂപയാണ് കേന്ദ്ര വിഹിതമായി സംസ്ഥാനത്തിന് ലഭിക്കേണ്ടത്. ഇതുവരെ ലഭിച്ചത് 167.38 കോടി രൂപ മാത്രമാണ്. സാമ്പത്തിക വർഷം അവസാനിക്കാൻ കുറച്ചു ദിവസം മാത്രം ബാക്കി നിൽക്കുമ്പോൾ സംസ്ഥാനത്തിന് അർഹതപ്പെട്ട 125.16 കോടി രൂപ അനുവദിക്കാതെ പദ്ധതി നടത്തിപ്പ് പ്രതിസന്ധിയിലാക്കുകയാണ് കേന്ദ്ര സർക്കാർ. തുക അനുവദിക്കുന്നതിന് ഡിസംബർ 27 ന് സമർപ്പിച്ച അപേക്ഷ അഞ്ചു വട്ടമാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിലെ ആഭ്യന്തര ധനകാര്യ വിഭാഗം തടസ്സ വാദങ്ങൾ ഉന്നയിച്ച് മടക്കിയത്. ഓരോ ഘട്ടത്തിലും കൃത്യമായ മറുപടി നൽകിയിട്ടും അനുകൂല തീരുമാനം ഉണ്ടായിട്ടില്ല.
കേന്ദ്ര വിഹിതം വൈകിപ്പിക്കുന്ന അസാധാരണ സാഹചര്യത്തിലും ഉച്ചഭക്ഷണ തൊഴിലാളികൾക്ക് നവംബർ വരെ പൂർണ്ണമായും ഡിസംബറിൽ ഭാഗികമായും ഓണറേറിയം നൽകാൻ സംസ്ഥാന സർക്കാരിനായി. ഇതിനായി മാത്രം ഇതുവരെ ചെലവഴിച്ചത് 106 കോടി രൂപയാണ്. 2022 ഏപ്രിൽ, മെയ് മാസങ്ങളിൽ 2000/- രൂപ വീതം സമാശ്വാസമായി നൽകിയിരുന്നു. ഇതിനായി 5.5 കോടി രൂപ അധികമായി അനുവദിച്ചു.
ഡിസംബറിൽ കുടിശ്ശികയുള്ള ഭാഗിക വേതനവും ജനുവരിയിലെ വേതനവും നൽകുന്നതിനായി ഇപ്പോൾ 55.05 കോടി രൂപ കൂടി സംസ്ഥാന വിഹിതത്തിൽ നിന്നും അനുവദിച്ചിട്ടുണ്ട്. രണ്ടാം ഗഡു കേന്ദ്രവിഹിതം ലഭ്യമാക്കുന്നതിനുള്ള തീവ്രശ്രമങ്ങൾ സംസ്ഥാന സർക്കാർ നടത്തുകയാണ്. ഇത് ലഭ്യമാകുന്ന മുറയ്ക്ക് ഫെബ്രുവരിയിലെ ഓണറേറിയം വിതരണം ചെയ്യുമെന്നും മന്ത്രി അറിയിച്ചു.