ഇടുക്കി: തിരക്കഥ തയ്യാറാക്കുമ്പോൾ നല്ല ഗൗരവമുള്ള തിരക്കഥ തയ്യാറാക്കണം, അതിനു പറ്റിയ ആളുകളെ നിയോഗിക്കണം. അല്ലെങ്കിൽ അത് ആദ്യ മിനിറ്റിൽ തന്നെ പൊട്ടിപ്പോകുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. സ്വർണ്ണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷിൻ്റെ ആരോപണത്തെക്കുറിച്ചുള്ള മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങളോട് വാർത്താ സമ്മേളനത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സ്വപ്ന സുരേഷിൻ്റെ ആരോപണം മുഖവിലക്കെടുക്കുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
വിജയ് പിള്ളയുടെ പേര് പറഞ്ഞപ്പോൾ, പേര് മാറിപ്പോയി എന്നു പറഞ്ഞ് തിരുത്തിയ പത്രക്കാരും തിരക്കഥയിലുണ്ട്. തെറ്റ് തിരുത്തിക്കൊടുത്ത രണ്ട് പത്രങ്ങളിൽ ഒന്നാണ് മാതൃഭൂമി. പേര് വിജേഷ് പിള്ളയാണ്, വിജയ് പിള്ളയല്ല എന്ന് പത്രക്കാർ പറഞ്ഞു. ഏഷ്യാനെറ്റും ഇതിൽ കൂട്ടുപ്രതിയാണ്. ഇത്തരത്തിൽ ആദ്യത്തെ മിനിറ്റിൽ തന്നെ പൊട്ടിപ്പോകുന്ന തിരക്കഥ ഉണ്ടാക്കിയാൽ എവിടെയെങ്കിലും നിൽക്കുമോ എന്ന് അദ്ദേഹം ചോദിച്ചു.
ആരോപണവുമായി ബന്ധപ്പെട്ട് നിയമപരമായ എല്ലാ നടപടിയും സ്വീകരിക്കും. ഇവരുടെയൊന്നും ഒരു ശീട്ടും സർക്കാരിനും മുഖ്യമന്ത്രിക്കും കുടുംബത്തിനും തനിക്കും ആവശ്യമില്ല.. പ്രതിരോധജാഥയുടെ വൻ വിജയം തടയാൻ ഇതു കൊണ്ടൊന്നും സാധിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
അമിത് ഷാ വന്നാലും ആര് വന്നാലും ഞങ്ങൾക്ക് യാതൊരു പ്രശ്നവുമില്ല. ആര് കഥയുണ്ടാക്കിയാലും ജനം തിരിച്ചറിയും. സ്വപ്നയുടെ ആരോപണം സംബന്ധിച്ച് ആയിരം പ്രാവശ്യം കേസ് കൊടുക്കാനുള്ള നട്ടെല്ലുണ്ടെന്നും കെ സുധാകരനോടായി എം വി ഗോവിന്ദൻ പറഞ്ഞു.