തിരുവനന്തപുരം: കൊച്ചിയിലെ മാലിന്യപ്രശ്‌നം പരിഹരിക്കാൻ സർക്കാർ മാസ്റ്റർ പ്ലാൻ തയ്യാറാക്കുമെന്ന് മന്ത്രി എം ബി രാജേഷ്. ബ്രഹ്മപുരം മാലിന്യപ്ലാന്റ് മന്ത്രി പി. രാജീവുമൊത്ത് സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 10 വർഷത്തിലധികമായി അടിഞ്ഞുകൂടിയിരിക്കുന്ന പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യത്തിനാണ് തീപിടിച്ചത്.
അട്ടിയട്ടിയായി കിടക്കുന്ന മാലിന്യത്തിന്റെ അടിത്തട്ടിലേക്ക് ബാധിച്ച തീ കെടുത്തുക ഏറെ ദുഷ്‌കരമായ പ്രവൃത്തിയാണെങ്കിലും അത് നിർവഹിക്കുക തന്നെ ചെയ്യുമെന്ന് മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. സ്ഥിതിഗതികൾ ഏറെക്കുറെ നിയന്ത്രണവിധേയമായതായും എംബി രാജേഷ് പറഞ്ഞു. തീപിടിത്തം എത്രയും വേഗം പൂർണ്ണമായും നിയന്ത്രിക്കും. കൊച്ചിയിൽ കെട്ടിക്കിടക്കുന്ന മാലിന്യങ്ങൾ എത്രയും വേഗം നീക്കം ചെയ്യുമെന്നും മാലിന്യപ്രശ്നം പരിഹരിക്കാൻ സമഗ്രമായ ആക്ഷൻ പ്ലാൻ ഉടൻ തയ്യാറാക്കുമെന്നും എം.ബി രാജേഷ് കൂട്ടിച്ചേർത്തു.
ഫയർ ആൻഡ് റെസ്‌ക്യൂ സർവീസ് ജീവനക്കാരും മറ്റ് ഏജൻസികളിലെ ജീവനക്കാരും സംയുക്തമായാണ് തീ കെടുത്താനുള്ള പ്രവർത്തനങ്ങൾ നടത്തുന്നത്. ഇരുനൂറ്റമ്പതോളം പേര് രണ്ട് ഷിഫ്റ്റായി പ്രവർത്തിക്കുന്നു. വെയിലും പുകയും ചൂടും സഹിച്ച് അവർ നടത്തുന്ന പ്രവർത്തനം വളരെ അഭിനന്ദനാർഹമാണെന്നും മന്ത്രി ഫേസ്ബുക്കിൽ എഴുതി.
കുറിപ്പിന്റെ പൂർണ്ണ രൂപം;
ബ്രഹ്മപുരം മാലിന്യ സംസ്‌കരണ പ്ലാന്റിലെ തീപിടുത്തം നിയന്ത്രണവിധേയമാക്കാൻ നടത്തുന്ന പ്രവർത്തനങ്ങൾ നേരിൽക്കണ്ട് വിലയിരുത്താൻ വ്യവസായ വകുപ്പ് മന്ത്രി പി രാജീവിനൊപ്പം ഇന്ന് ബ്രഹ്മപുരം സന്ദർശിച്ചു. ഫയർ ആൻഡ് റെസ്‌ക്യൂ സർവീസ് ജീവനക്കാരും മറ്റ് ഏജൻസികളിലെ ജീവനക്കാരും സംയുക്തമായാണ് തീ കെടുത്താനുള്ള പ്രവർത്തനങ്ങൾ നടത്തുന്നത്. ഇരുനൂറ്റമ്പതോളം പേര് രണ്ട് ഷിഫ്റ്റായി പ്രവർത്തിക്കുന്നു. വെയിലും പുകയും ചൂടും സഹിച്ച് അവർ നടത്തുന്ന പ്രവർത്തനം വളരെ അഭിനന്ദനാർഹമാണ്.
നിരവധി ഫയർ ടെൻഡറുകൾ, ഹൈ പ്രഷർ പമ്പുകൾ, മറ്റ് ആധുനിക ഉപകരണങ്ങൾ എന്നിവയുടെ സഹായത്തോടെയാണ് തീ കെടുത്താനുള്ള പ്രവർത്തനം നടത്തുന്നത്. 10 വർഷത്തിലധികമായി അടിഞ്ഞുകൂടിയിരിക്കുന്ന പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യത്തിനാണ് തീപിടിച്ചത്. അട്ടിയട്ടിയായി കിടക്കുന്ന മാലിന്യത്തിന്റെ അടിത്തട്ടിലേക്ക് ബാധിച്ച തീ കെടുത്തുക ഏറെ ദുഷ്‌കരമായ പ്രവൃത്തിയാണെങ്കിലും അത് നിർവഹിക്കുക തന്നെ ചെയ്യും.
ബ്രഹ്മപുരത്ത് തീയണക്കാനുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ഉദ്യോഗസ്ഥരുമായി സംസാരിച്ച് പുരോഗതി വിലയിരുത്തി. പി. വി. ശ്രീനിജൻ എം എൽ എ, കൊച്ചി മേയർ
എം. അനിൽ കുമാർ, ജില്ലാ കലകട്ർ എൻ എസ് കെ ഉമേഷ്, സിറ്റി പോലീസ് കമീഷണർ കെ സേതുരാമൻ, കൊച്ചി കോർപറേഷൻ സെക്രട്ടറി ബാബു അബ്ദുൾഖാദർ എന്നിവരും ഒപ്പമുണ്ടായിരുന്നു.
തുടർന്ന് ജില്ലാ കലക്ടറേറ്റിൽ ഇതു സംബന്ധിച്ച യോഗം നടന്നു. മന്ത്രി പി. രാജീവിന് പുറമെ പ്രതിപക്ഷ നേതാവ് വി. ഡി സതീശൻ, ജില്ലയിലെ എം എൽ എ മാർ, പ്രധാന രാഷ്ട്രീയ കക്ഷി നേതാക്കൾ, ജില്ലാ കളക്ടർ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥർ എന്നിവരും പങ്കെടുത്തു. നാളെയോടെ തീ പൂർണമായും അണയ്ക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.