വ്യാജ അഭിമുഖം കെട്ടിച്ചമച്ച കഥ നൽകി ഏഷ്യാനെറ്റ് ന്യൂസ് വിവാദക്കുരുക്കിൽ മുറുകി നിൽക്കുമ്പോൾ ചാനൽ പടച്ചുണ്ടാക്കിയ വ്യാജ വാർത്തകൾ വീണ്ടും ചർച്ചയാവുകയാണ്. അന്തരിച്ച മുൻ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെയും ഏഷ്യാനെറ്റ് നിർലജ്ജം വ്യാജ വാർത്ത ചമച്ചു.
പ്രമേഹ ചികിത്സയുടെ ഭാഗമായി കൈയിൽ ധരിച്ച ചിപ്പ് കോടിയേരി ബാലകൃഷ്ണൻ കൈയിൽ ഏലസ് കെട്ടിയതായി ചിത്രീകരിച്ചായിരുന്നു വ്യാജ സൃഷ്ടി. പയ്യന്നൂരിൽ നടന്ന പാർടി പരിപാടിയിൽ കോടിയേരി സംസാരിച്ച ദൃശ്യങ്ങളാണ് അന്ന് ഇത്തരത്തിൽ വ്യാജ വാർത്തക്കായി ഏഷ്യാനെറ്റ് ദുരുപയോഗപ്പെടുത്തിയത്. തൻ്റെ കൈയിൽ ഏലസ് കെട്ടിയെന്ന പരാമർശം വാസ്തവവിരുദ്ധമാണെന്ന് അന്ന് തന്നെ പറഞ്ഞ കോടിയേരി പ്രമേഹരോഗിയായ താൻ ശരീരത്തിലെ പഞ്ചസാരയുടെ അളവു പരിശോധിക്കാൻ ഉപയോഗിക്കുന്ന ചിപ്പാണ് കൈയിൽ കെട്ടിയിരിക്കുന്നതെന്നും വ്യക്തമാക്കി.
ജ്യോതിദേവ് കേശവദേവിൻ്റെ ഡയബറ്റീസ് സെന്ററിൽ ചികിത്സയിലാണെന്നും ഒരാഴ്ചമുമ്പാണ് ശരീരത്തിലെ പഞ്ചസാരയുടെ അളവിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകൾ നിരന്തരം പരിശോധിക്കാൻ ചിപ്പ് ഉപയോഗിക്കാൻ തുടങ്ങിയതെന്നും കോടിയേരി വ്യക്തമാക്കി. അത് ശരീരത്തോടു ഘടിപ്പിക്കാനാണ് കൈയിൽ കെട്ടിയത്. ശരീരത്തിലെ പഞ്ചസാരയുടെ അളവ് നിരന്തരം പരിശോധിക്കുന്നതിനുള്ള പുതിയ സംവിധാനമായ കണ്ടിന്യൂസ് ഗ്ളൂക്കോസ് മോണിട്ടറിംഗ് ഡയറിയുടെ ഭാഗമായുള്ള ചിപ്പാണ് അതെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. സിപിഎം വിരോധം മൂത്ത ഏഷ്യാനെറ്റ് ന്യൂസിന്റെ വികൃതമനസ്സാണ് അന്ന് മറനീക്കിയത്.