പ്രതിപക്ഷ ഭീകരത എന്ന് പറഞ്ഞത് അത് അങ്ങനെ ആയത് കൊണ്ട് തന്നെയാണെന്ന് പിവി അൻവർ എംഎൽഎ. 24 വാർത്താ ചാനലിനുള്ള മറുപടി അദ്ദേഹം ഫേസ്ബുക്കിൽ കുറിക്കുകയായിരുന്നു. പെട്രോൾ-ഡീസൽ സെസ് വർദ്ധിപ്പിച്ചത് ന്യായമായ ഒരു കാരണത്തിനെ അടിസ്ഥാനപ്പെടുത്തിയാണ്. ബജറ്റ് പ്രഖ്യാപനത്തിന്റെ തൊട്ട് പിറകെ കോലുമായി ഇറങ്ങിയ താങ്കളുടെ ഒക്കെ സഹജീവികളെ ഈ നാട്ടിലെ സാധാരണക്കാർ തുരത്തിയോടിക്കുന്നത് ലൈവിൽ കണ്ടവരാണ് ഈ നാട്ടിലെ ജനങ്ങളെന്ന് പിവി അൻവർ കുറിക്കുന്നു.
ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട ഒരു സർക്കാരിൻ്റെ മുഖ്യമന്ത്രിയെ വഴി നടത്താൻ അനുവദിക്കില്ല എന്ന പേരിൽ ചത്തുകിടക്കുന്ന കോൺഗ്രസിന് ജീവൻ വെയ്പ്പിക്കാനുള്ള ശ്രമത്തിനപ്പുറം ഈ പ്രഹസനത്തിലൊന്നും കാര്യമില്ലെന്ന് ജനങ്ങൾക്ക് അറിയാം സാർ. അതിന് കുഴലൂതുന്നെങ്കിൽ ആയിക്കോളൂ. അത് മറ്റുള്ളവരുടെ അഭിപ്രായസ്വാതന്ത്രത്തെ,അല്ലെങ്കിൽ സഞ്ചാരസ്വാതന്ത്ര്യത്തെ ഹനിച്ചുള്ള തരത്തിലാകരുതെന്നും അദ്ദേഹം ഓർമിപ്പിക്കുന്നു. കേന്ദ്രം നടപ്പിലാക്കുന്ന ജനവിരുദ്ധ നയങ്ങൾക്കെതിരെ ഒരു വാക്ക് ഉരിയാടാൻ,കഥാപ്രസംഗത്തിൽ ഉൾപ്പെടുത്താൻ നിനക്ക് ധൈര്യമുണ്ടോ എന്നും അദ്ദേഹം ചോദിക്കുന്നു.
കുറിപ്പിന്റെ പൂർണ്ണ രൂപം;
ഇരുപത്തി നാലിലെ
കടത്തുകാരനോടാണ്..
പ്രതിപക്ഷ ഭീകരത എന്ന് പറഞ്ഞത് അത് അങ്ങനെ ആയത് കൊണ്ട് തന്നെയാണ്.അതിന് അങ്ങേയ്ക്ക് ഇത്ര മാത്രം നോവാൻ എന്താണുള്ളതെന്ന് മനസ്സിലാവുന്നില്ല.പെട്രോൾ-ഡീസൽ സെസ് വർദ്ധിപ്പിച്ചത് ന്യായമായ ഒരു കാരണത്തിനെ അടിസ്ഥാനപ്പെടുത്തിയാണ്.ബജറ്റ് പ്രഖ്യാപനത്തിന്റെ തൊട്ട് പിറകെ കോലുമായി ഇറങ്ങിയ താങ്കളുടെ ഒക്കെ സഹജീവികളെ ഈ നാട്ടിലെ സാധാരണക്കാർ തുരത്തിയോടിക്കുന്നത് ലൈവിൽ കണ്ടവരാണ് ഈ നാട്ടിലെ ജനങ്ങൾ.
ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട ഒരു സർക്കാരിന്റെ മുഖ്യമന്ത്രിയെ വഴി നടത്താൻ അനുവദിക്കില്ല എന്ന പേരിൽ ചത്തുകിടക്കുന്ന കോൺഗ്രസിന് ജീവൻ വയ്പ്പിക്കാനുള്ള ശ്രമത്തിനപ്പുറം ഈ പ്രഹസനത്തിലൊന്നും കാര്യമില്ലെന്ന് ജനങ്ങൾക്ക് അറിയാം സാർ.അതിന് കുഴലൂതുന്നെങ്കിൽ ആയിക്കോളൂ.അത് മറ്റുള്ളവരുടെ അഭിപ്രായസ്വാതന്ത്രത്തെ,അല്ലെങ്കിൽ സഞ്ചാരസ്വാതന്ത്ര്യത്തെ ഹനിച്ചുള്ള തരത്തിലാകരുത്.
ദൂർത്തിനെതിരെ പ്രസംഗിക്കുന്ന പ്രതിപക്ഷ നേതാവിന്റെ 25-ൽ പുറത്തുള്ള സ്റ്റാഫുകളുടെ ഒരു വർഷത്തെ ശമ്പളം മാത്രം രണ്ടരക്കോടിക്ക് മുകളിലാണെന്നും,ആ സംവിധാനങ്ങൾ ഒക്കെ ഉപയോഗിക്കപ്പെടുന്നത് സർക്കാർ വിരുദ്ധ പ്രവർത്തനങ്ങൾക്കാണെന്നും പറഞ്ഞതിനെയാണ് ഔദാര്യമായി അവതരിപ്പിച്ചിരിക്കുന്നത്.
പിന്നെ എന്റെ രാഷ്ട്രീയപാരമ്പര്യമൊന്നും മോൻ അളക്കാൻ നിക്കണ്ട.പി.വി അൻവർ പൊതുപ്രവർത്തനം തുടങ്ങിയ കാലത്തൊന്നും നീയൊന്നും ഞരമ്പിൽ പോലും ഉണ്ടാവില്ല.
അതൊക്കെ അവിടെ നിക്കട്ടേ..
കുറച്ച് കാര്യങ്ങൾ ചോദിക്കാനുണ്ട്.
▶️ഒറ്റയടിക്ക് അൻപത് രൂപയ്ക്കും മുകളിൽ പാചകവാതകത്തിന്റെ വില അടുത്ത ദിവസങ്ങളിൽ കേന്ദ്രം കൂട്ടിയിട്ടുണ്ട്.
എന്നിട്ട് താൻ അതിന്റെ പേരിൽ കഥാപ്രസംഗം നടത്തിയോ?കണ്ണിൽ കോൽ ആണോ,അതോ അണ്ണാക്കിൽ പഴം തിരുകി വച്ചിട്ടുണ്ടോ?
▶️കേരളത്തിന്റെ അടുത്താണ് കർണ്ണാടക എന്ന് കേന്ദ്രം ഭരിക്കുന്ന പാർട്ടിയുടെ രണ്ടാമൻ വന്ന് പറഞ്ഞിട്ട് ദിവസങ്ങളേ ആയിട്ടുള്ളൂ.മലയാളികളെ തീവ്രവാദികളാക്കി മാറ്റാനുള്ള ആ ചാപ്പയടിക്കെതിരെ എന്തേ താൻ കഥാപ്രസംഗം നടത്താതിരുന്നത്?മുട്ടു വിറയ്ക്കും.സ്റ്റുഡിയോയിൽ നീയൊക്കെ ഇരുന്ന് പെടുക്കും.
▶️സഹപ്രവർത്തകർ ഉൾപ്പെട്ട മീഡിയ വൺ ചാനൽ കേന്ദ്രം പൂട്ടിച്ചു.അന്ന് ഈ കഥാപ്രസംഗം ഒന്നും കണ്ടില്ലല്ലോ.പൂട്ട് തന്റെ സ്റ്റുഡിയോയ്ക്കും വീഴും എന്ന് ഉറപ്പുള്ളത് കൊണ്ട് വായിൽ പഴം തിരുകി വച്ചിരുന്ന ടീമാണ് ഇപ്പോൾ കിടന്ന് ചിലയ്ക്കാൻ വരുന്നത്.അതൊക്കെയാ മോനേ ഭരണകൂട ഭീകരത.അതൊക്കെ വച്ച് നോക്കിയാൽ നീയൊക്കെ ജീവിക്കുന്നത് സ്വർഗ്ഗത്തിലാണ്.
▶️കേന്ദ്രം നടപ്പിലാക്കുന്ന ജനവിരുദ്ധ നയങ്ങൾക്കെതിരെ ഒരു വാക്ക് ഉരിയാടാൻ,കഥാപ്രസംഗത്തിൽ ഉൾപ്പെടുത്താൻ നിനക്ക് ധൈര്യമുണ്ടോ?
▶️അതൊക്കെ പോട്ടെ,നിൻ്റെ കടത്തുകാരൻ എവിടെ?നീയൊക്കെ അന്ന് ഒരു സാങ്കൽപ്പിക കഥാപാത്രത്തെ അവതരിപ്പിച്ച സ്ഥാനത്ത് ഏഷ്യാനെറ്റ് സെറ്റ് ഇട്ട് ആളെ വച്ച് അഭിനയിപ്പിച്ചു എന്ന ഒറ്റ വ്യത്യാസമേ ഉള്ളൂ.
അധമ മാധ്യമപ്രവർത്തനത്തിൻ്റെ,
നട്ടെല്ലില്ലായ്മയുടെ,പക്ഷപാതപരമായി മാത്രം വാർത്തകളെ സമീപിക്കുന്ന മാധ്യമഭീകരതയുടെ,കാൽപനികതയുടെ അപ്പോസ്തലന്മാർ ചമയുന്നവന്മാരുടെ ധാർഷ്ട്യത്തെ,കോട്ടും സ്യൂട്ടുമിട്ട് സ്റ്റുഡിയോകളിൽ വന്നിരുന്ന് വിധിപറയുന്ന ഡ്യൂപ്ലിക്കേറ്റ് ജഡ്ജിമാരുടെ ഇല്ലാത്ത പവറിന്റെ,
വാക്സാമർത്ഥ്യത്തിൻ്റെ..മുന്നിൽ തലകുനിച്ച് നിൽക്കാൻ മനസ്സില്ലടോ..അങ്ങനെയുള്ളവന്മാരെയേ നീയൊക്കെ കണ്ടിട്ടുള്ളൂ.
ഇതൊക്കെ നാലായി മടക്കി പോക്കറ്റിൽ വച്ച്,സമയം കിട്ടുമ്പോൾ ശ്രീകണ്ഠൻ നായരുടെ ക്യാബിനിൽ പോയിരുന്ന് നീളത്തിലും,നല്ല ഒഴുക്കിലും,താളത്തിലും നീയങ്ങ് വായിച്ച് കേൾപ്പിച്ചാൽ മതി..വേണേൽ നിന്റെ കടത്തുകാരനേയും കൂടെ കൂട്ടിക്കോ..ഇങ്ങോട്ട് വേണ്ട.