ലഖ്നൗ: ‘യുപിയെ കേരളം മാതൃകയാക്കൂ’ സംഘപരിവാർ പലപ്പോഴും വിളിച്ചുകൂവുന്നത് ഇങ്ങനെയാണ്. ഇതിനുള്ള മറുപടി പല കാര്യങ്ങളിലൂടെ പ്രബുദ്ധ കേരളം നൽകുകയും ചെയ്യുന്നുണ്ട്. ഇപ്പോൾ യുപിയെ വൃത്തിയാക്കാൻ റോബോട്ടുകളെ കയറ്റി അയച്ച് സംഘപരിവാറിനുള്ള മറുപടി നൽകുകയാണ് കേരളം.
മാൻഹോളുകളും അടഞ്ഞുകിടക്കുന്ന അഴക്കുചാലുകളും വൃത്തിയാക്കാൻ കേരളം ആസ്ഥാനമായുള്ള ജെൻറോബോട്ടിക്സ് വികസിപ്പിച്ച ബാൻഡികൂട്ട് റോബോട്ടുകളെയാണ് ഉത്തർപ്രദേശിലേയ്ക്ക് അയക്കുന്നത്. പ്രയാഗ്രാജിൽനിന്നാണ് പദ്ധതി ആരംഭിക്കുന്നത്. പ്രയാഗ്രാജ് നഗർ നിഗത്തിനും ജലകാൽ വകുപ്പിനും മൂന്ന് ബാൻഡികൂട്ട് റോബോട്ടുകൾ ഉത്തർപ്രദേശ് സർക്കാർ നൽകി. 1.18 കോടി രൂപ ചെലവിട്ടാണ് ഇവ വാങ്ങിയത്.
ഹോളിക്കുശേഷം ഇവയുടെ സമ്പൂർണ സേവനം ലഭ്യമാക്കുമെന്ന് അധികൃതർ അറിയിച്ചു. ഏത് തരത്തിലുള്ള മലിനജല മാൻഹോളുകളും വൃത്തിയാക്കാൻ കേരളം രൂപകൽപ്പന ചെയ്ത റോബോട്ടിക് യന്ത്രമാണ് ബാൻഡികൂട്ട്. കേരളം ആസ്ഥാനമായുള്ള ദേശീയ അവാർഡ് നേടിയ സ്റ്റാർട്ടപ്പായ ജെന്റോബോട്ടിക്സ് വികസിപ്പിച്ചെടുത്തതാണ് ഈ റോബോട്ടുകൾ.