തിരുവനന്തപുരം: അന്താരാഷ്ട്ര വനിതാ ദിനാചരണം സംസ്ഥാനതല ഉദ്ഘാടനവും ഡിജിറ്റൽ പാഠശാല പദ്ധതിയുടെ ഉദ്ഘാടനവും വനിതാരത്ന പുരസ്കാര വിതരണവും മാർച്ച് 8ന് വൈകുന്നേരം 4 മണിക്ക് തിരുവനന്തപുരം നിശാഗന്ധി ആഡിറ്റോറിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ് അധ്യക്ഷത വഹിക്കും. മന്ത്രിമാരായ ജി.ആർ. അനിൽ, ആന്റണി രാജു, ആർ. ബിന്ദു, ജെ. ചിഞ്ചുറാണി, വി. ശിവൻകുട്ടി എന്നിവർ പങ്കെടുക്കും.
സ്ത്രീകളെ ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കുന്നതിന് പ്രാപ്തരാക്കാൻ ഡിജിറ്റൽ പാഠശാല പദ്ധതി ആരംഭിക്കുമെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. ഡിജിറ്റൽ ലിംഗ സമത്വത്തിനായുള്ള നവീകരണവും സാങ്കേതിക വിദ്യയും (Digital: Innovation and technology for gender equality) എന്നതാണ് ഈ വർഷത്തെ അന്താരാഷ്ട്ര വനിതാ ദിന സന്ദേശം. സ്ത്രീകളുടെ സുസ്ഥിരമായ ഭാവിക്ക് നൂതന സാങ്കേതികവിദ്യയായ ഡിജിറ്റൽ വിദ്യാഭ്യാസത്തിൻ്റെ ആവശ്യകത അനിവാര്യമാണ്. ഈയൊരു ലക്ഷ്യം മുൻനിർത്തിയാണ് വനിത ശിശുവികസന വകുപ്പ് ഡിജിറ്റൽ പാഠശാല പദ്ധതി ആവിഷ്ക്കരിച്ചതെന്നും മന്ത്രി വ്യക്തമാക്കി.
വനിതകളെ ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കുന്നതിന് പ്രാപ്തരാക്കി സമൂഹത്തിൻ്റെ മുഖ്യധാരയിലേയ്ക്ക് കൊണ്ടുവരുന്ന പദ്ധതിയാണിത്.