ഒഞ്ചിയം: ഏഷ്യാനെറ്റ് എൻ്റെ ഫോട്ടോ അവരുടെ ചാനലിലൂടെ പ്രദർശിപ്പിച്ചു. ജീവിതം തകർത്തു. പഠിക്കുന്ന കോളേജിൽനിന്ന് പുറത്താക്കി. വീട്ടിൽനിന്ന് പുറത്തിറങ്ങാനാവാത്ത അവസ്ഥയായി. അഴിയൂരിലെ പതിമൂന്നുകാരി മയക്കുമരുന്ന് കാരിയറാക്കിയെന്ന് ആരോപിച്ച കോളേജ് വിദ്യാർഥിയുടേതാണ് ഈ വാക്കുകൾ.
മുസ്ലിംലീഗ് പ്രാദേശിക നേതാവിൻ്റെ മകനാണ് യുവാവ്. തെറ്റായ പ്രചാരണംമൂലം തനിക്ക് പുറത്തിറങ്ങാൻ കഴിയുന്നില്ലെന്നും യഥാർഥ പ്രതികളെ പിടികൂടണമെന്നും ആവശ്യപ്പെട്ട് റൂറൽ എസ്‌പിക്ക് പരാതി നൽകിയിരുന്നു. തുടർന്ന് പോലീസും പഠിക്കുന്ന വിദ്യാഭ്യാസ സ്ഥാപനവും നടത്തിയ അന്വേഷണത്തിൽ സത്യം ബോധ്യപ്പെട്ട ആശ്വാസത്തിലാണ് യുവാവും കുടുംബവും. എന്നാൽ ചാനൽ ഉണ്ടാക്കിയ മാനക്കേടിൽ നാട്ടിൽ നിൽക്കാനാവാത്ത അവസ്ഥയാണ്. പെൺകുട്ടിയെ ഇന്റർവ്യു ചെയ്‌തു, ചാനലിൽ ചർച്ച സംഘടിപ്പിച്ചു. യുവാവിൻ്റെ ഫോട്ടോയടക്കം പ്രസിദ്ധീകരിച്ചു.
പ്രാദേശിക എസ്‌ഡിപിഐ നേതാവും വാർഡംഗവുമായയാളാണ് വ്യാജ വാർത്തയ്‌ക്കു പിന്നിൽ. ഏഷ്യാനെറ്റ് ന്യൂസ് ഇത് ഏറ്റെടുത്തു. അഴിയൂരിലെ സ്‌കൂളിൽ പഠിക്കുന്ന പെൺകുട്ടി ലഹരി മാഫിയാ സംഘത്തിൻ്റെ പിടിയിലകപ്പെട്ടതായും കുട്ടിക്ക് പിന്നിൽ വൻ റാക്കറ്റുള്ളതായുമാണ് ആരോപണം. സ്കൂളിൽ കബഡി ടീം അംഗമായ പെൺകുട്ടിക്ക് കരുത്ത് കൂട്ടാൻ ഒരു വിദ്യാർഥിനി ലഹരി കലർന്ന ബിസ്‌കറ്റ് കൊടുക്കുകയും അതിന് അടിമപ്പെട്ടപ്പോൾ എംഡിഎംഎ നൽകുകയും അതിനുശേഷം സിറിഞ്ച് ഉപയോഗിച്ച് ലഹരി ഉപയോഗിക്കാൻ നിർബന്ധിക്കുകയും ചെയ്‌തുവെന്നും വാർത്ത കൊടുത്തു. ഇതിൻ്റെ അടിസ്ഥാനത്തിൽ യുവാവിനെയും പെൺകുട്ടിയുടെ മൊഴിയിൽ പറയുന്നവരെയെല്ലാം പോലീസ് ചോദ്യംചെയ്‌തു. ഒപ്പം കറങ്ങി നടന്നെന്ന് പെൺകുട്ടി ആരോപിച്ച ദിവസങ്ങളിലെല്ലാം യുവാവ് കോളേജിലുണ്ടായിരുന്നു. ഒപ്പമുണ്ടായിരുന്നുവെന്ന് പറയുന്ന പെൺകുട്ടികളെ ചോദ്യംചെയ്തപ്പോഴും ആരോപണം ശരിയല്ലെന്ന് തെളിഞ്ഞു.
സംഭവം വിവാദമായ ഘട്ടത്തിൽ യുവാവിനെ കോളേജിൽനിന്ന് സസ്പെൻഡ് ചെയ്തെങ്കിലും കോളേജ് അധികൃതർ നടത്തിയ അന്വേഷണത്തിലും പോലീസ് റിപ്പോർട്ടിലും യുവാവിന് പങ്കില്ലെന്ന് ബോധ്യപ്പെട്ടതിനാൽ കഴിഞ്ഞ മാസം തിരിച്ചെടുത്തു. ഡിവൈഎസ്‌പി ആർ ഹരിപ്രസാദിൻ്റെ നേതൃത്വത്തിലാണ് അന്വേഷണം. പോക്‌സോ കേസായതിനാൽ ശാസ്‌ത്രീയപരിശോധനക്ക് നീങ്ങുകയാണ് പോലീസ്. സ്കൂളിനെ അപകീർത്തിപ്പെടുത്തുന്ന രീതിയിൽ വ്യാജപ്രചാരണം നടത്തിയ എസ്ഡിപിഐ നേതാവിനെതിരെ സ്കൂൾ പിടിഎ പ്രസിഡന്റ് മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടുണ്ട്.