തിരുവനന്തപുരം: സർക്കാർ, സ്വകാര്യ മെഡിക്കൽ കോളേജുകളിലെ പിജി ഡോക്ടർമാരുടെ സേവനം ഗ്രാമീണ മേഖലയിൽ ലഭ്യമാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. വിവിധ മെഡിക്കൽ കോളേജുകളിൽ നിന്നും 1382 പിജി ഡോക്ടർമാരാണ് മറ്റ് ആശുപത്രികളിലേക്ക് പോകുന്നത്. പെരിഫറൽ ആശുപത്രികളിൽ നിന്നും റഫറൽ ചെയ്യുന്ന രോഗികളുടെ എണ്ണം ഇതിന് ആനുപാതികമായി കുറയണമെന്ന് മന്ത്രി വീണ ജോർജ് പറഞ്ഞു.
പിജി ഡോക്ടർമാരുടെ സേവനം ഗ്രാമീണ മേഖലയിലേക്ക് വ്യാപിപ്പിക്കുന്ന ജില്ലാ റസിഡൻസി പ്രോഗ്രാം സംസ്ഥാനതല ഉദ്ഘാടനം ജനറൽ ആശുപത്രി അപെക്സ് ട്രെയിനിംഗ് സെന്ററിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. രണ്ട് പതിറ്റാണ്ടുകളായി ആലോചിച്ച കാര്യമാണ് ഈ സർക്കാർ യാഥാർത്ഥ്യമാക്കിയത്. മെഡിക്കൽ കോളേജുകളിലെ രണ്ടാം വർഷ പിജി ഡോക്ടർമാരെ താലൂക്ക്, ജില്ല, ജനറൽ ആശുപത്രികളിലേക്കാണ് നിയമിച്ചത്. 3 മാസം വീതമുള്ള 4 ഗ്രൂപ്പുകളായി ഇവരുടെ സേവനം ലഭ്യമാക്കും. 100 കിടക്കകൾക്ക് മുകളിൽ വരുന്ന താലൂക്കുതല ആശുപത്രികൾ മുതലുള്ള78 ആശുപത്രികളിലാണ് നിയമനം.
ജില്ലാ റെസിഡൻസി പ്രോഗ്രാമിന്റെ ഭാഗമായി 75 പിജി ഡോക്ടർമാരെയാണ് തിരുവനന്തപുരം ജില്ലയിൽ നിയമിക്കുന്നത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് 57, ശ്രീ ഗോകുലം മെഡിക്കൽ കോളേജ് 9, സിഎസ്ഐ മെഡിക്കൽ കോളേജ് കാരക്കോണം 6, ആർസിസി 3 എന്നിവിടങ്ങളിൽ നിന്നാണിത്. ജനറൽ ആശുപത്രി തിരുവനന്തപുരം 33, തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി 6, നെയ്യാറ്റിൻകര ജനറൽ ഹോസ്പിറ്റൽ 12, പേരൂർക്കട ജില്ലാ മാതൃക ആശുപത്രി 4, പേരൂർക്കട ജില്ലാ മാനസികാരോഗ്യ കേന്ദ്രം 3, നെടുമങ്ങാട് ജില്ലാ ആശുപത്രി 8, പുലയനാർകോട്ട നെഞ്ചുരോഗ ആശുപത്രി 1, പാറശാല താലൂക്ക് ഹെഡ് കോർട്ടേഴ്സ് ഹോസ്പിറ്റൽ 4, ചിറയൻകീഴ് താലൂക്ക് ഹെഡ് ക്വാർട്ടേഴ്സ് ഹോസ്പിറ്റൽ 4 എന്ന ക്രമത്തിലാണ് പിജി ഡോക്ടർമാരുടെ സേവനം തിരുവനന്തപുരം ജില്ലയിൽ ലഭ്യമാക്കുന്നത്.
മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഡോ. തോമസ് മാത്യു അധ്യക്ഷത വഹിച്ച ചടങ്ങിൽ ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. കെ.ജെ. റീന, സ്പെഷ്യൽ ഓഫീസർ ഡോ. അബ്ദുൾ റഷീദ്, തിരുവനന്തപുരം മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. പി. കലാ കേശവൻ, ആർ.സി.സി. ജോയിന്റ് ഡയറക്ടർ ഡോ. സജീദ്, തിരുവനന്തപുരം ഡി.എം.ഒ. ഡോ. ബിന്ദു മോഹൻ, അഡീ. ഡി.എം.ഒ. ഡോ. സി.ആർ. ജയശങ്കർ, ഡെപ്യൂട്ടി ഡി.എം.ഒ. ഡോ. എസ്. ഷീല, ഗോകുലം മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. ലളിത കൈലാസ്, കാരക്കോണം സി.എസ്.ഐ. മെഡിക്കൽ കോളേജ് മാനേജിംഗ് ഡയറക്ടർ ഡോ. ബെന്നറ്റ് എബ്രഹാം, ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ആശ വിജയൻ, കേരള മെഡിക്കൽ പി.ജി. അസോസിയേഷൻ പ്രസിഡണ്ട് ഡോ. ഇ.എ. റുവൈസ് എന്നിവർ പങ്കെടുത്തു.